ഇന്ത്യയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന വാട്ട്സ്ആപ്പിനെ ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്

ദില്ലി: ഇന്ത്യയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന വാട്ട്സ്ആപ്പിനെ ഉപയോഗപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സൈനികര്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത് സൈന്യം വിലക്കി ഒരു മാസം ആകുന്നതിനിടയിലാണ് പുതിയ മുന്നറിയിപ്പ്. ഏതാണ്ട് ഒരു മിനുട്ടോളമുള്ള ഒരു സൈന്യത്തിന്‍റെ പേരിലുള്ള മുന്നറിയിപ്പ് വീഡിയോയാണ് കേന്ദ്ര വാര്‍ത്ത വിനിമയ കാര്യമന്ത്രി സ്മൃതി ഇറാനി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വീഡിയോ പ്രകാരം, ചൈന ഇന്ത്യയുടെ ഡിജിറ്റല്‍ രംഗത്ത് കടന്നുകയറാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായി പറയുന്നു. +86 എന്ന് തുടങ്ങുന്ന നമ്പരുകള്‍ ഉള്ള ഗ്രൂപ്പുകളില്‍ ഒരിക്കലും അംഗമാകരുത് എന്ന് ഈ വീഡിയോ പറയുന്നു. ഇന്ത്യന്‍ സൈന്യത്തിന്‍റെ ഔദ്യോഗിക ട്വിറ്ററും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

View post on Instagram

നിങ്ങള്‍ അംഗമായ ഗ്രൂപ്പുകളിലെ അപരിചിതമായ നമ്പറുകളെ നിരന്തരമായി നിരീക്ഷിക്കണമെന്നും, എന്തെങ്കിലും സംശയം ജനിച്ചാല്‍ അവയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഈ വീഡിയോ പറയുന്നു. സൈന്യത്തിന്‍റെ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക്ക് ഇന്‍റര്‍ഫേസ് ആണ് വീഡിയോ ഇറക്കിയിരിക്കുന്നത്. ബി ആലെര്‍ട്ട്, ബി കോന്‍ഷ്യസ്, ബീ സെഫ് എന്ന പേരിലാണ് ഈ വീ‍ഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ചൈനീസ് ബോര്‍ഡറിലും മറ്റും സേവനം അനുഷ്ഠിക്കുന്ന സൈനികര്‍ ഏതാണ്ട് 40 ഒളം സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.