99942 അപ്പോഫിസ് എന്ന് പേരുള്ള വലിയ ഛിന്നഗ്രഹം 2029ല്‍ ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകും എന്നാണ് കണക്കാക്കുന്നത്

ന്യൂയോര്‍ക്ക്: 2029ല്‍ ഒരു ഛിന്നഗ്രഹം (99942 Apophis) ഭൂമിയെ ഇടിക്കാന്‍ സാധ്യതയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ പുതിയ പഠനങ്ങള്‍ പ്രകാരം തള്ളിക്കളഞ്ഞതാണ്. ഭൂമിക്ക് വളരെയടുത്തുകൂടെ ഈ ഛിന്നഗ്രഹം കടന്നുപോകുമെങ്കിലും ഭൂമിയില്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ളതായി നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നില്ല എന്നാണ് നാസ മുമ്പ് വിശദീകരിച്ചതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

99942 അപ്പോഫിസ് എന്ന് പേരുള്ള വലിയ ഛിന്നഗ്രഹം 2029ല്‍ ഭൂമിക്ക് വളരെ അടുത്തുകൂടെ കടന്നുപോകും എന്നാണ് കണക്കാക്കുന്നത്. 335 മീറ്ററാണ് ഈ ഛിന്നഗ്രഹത്തിന്‍റെ വ്യാസം എന്ന് നാസ വ്യക്തമാക്കുന്നു. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി അകലം 239,000 മൈലുകളാണെങ്കില്‍ 2029 ഏപ്രില്‍ 13ന് 99942 അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിക്ക് വെറും 23,619 മൈല്‍ (38,012 കിലോമീറ്റര്‍) അടുത്തെത്തും എന്നാണ് നാസയുടെ കണക്കുകൂട്ടല്‍. അതായത് ചന്ദ്രനേക്കാള്‍ 10 മടങ്ങ് ഭൂമിക്കടുത്തേക്ക് ഈ ചിന്നഗ്രഹം അന്നേദിനം എത്തിച്ചേരും. സെക്കന്‍ഡില്‍ 29.98 കിലോമീറ്ററാവും ഛിന്നഗ്രഹത്തിന്‍റെ സഞ്ചാര വേഗത. 

2029ല്‍ അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇത് നിഷേധിക്കുകയാണ് നാസ ചെയ്തത്. 2021 മാര്‍ച്ചില്‍ നടത്തിയ റഡാര്‍ നിരീക്ഷണവും ഓര്‍ബിറ്റ് അനാലിസിസും പ്രകാരമാണ് 2029ല്‍ അപ്പോഫിസ് ചിഛിന്നഗ്രഹം ഭൂമിയില്‍ കൂട്ടിയിടിക്കില്ല എന്ന് കണ്ടെത്തിയതെന്നാണ് നാസ പറയുന്നത്. നാസയുടെ നിയര്‍ എര്‍ത്ത് ഒബ്‌ജെക്‌റ്റ്‌സ് സ്റ്റഡ‍ീസിലെ (ഭൂമിക്ക് സമീപമുള്ള ബഹിരാകാശ വസ്‌തുക്കളെ കുറിച്ചുള്ള പഠനകേന്ദ്രം) ഡേവിഡെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത് അടുത്ത 100 വര്‍ഷത്തേക്കെങ്കിലും ഛിന്നഗ്രഹങ്ങളൊന്നും ഭൂമിക്ക് ഭീഷണിയാവാന്‍ സാധ്യതയില്ല എന്നാണ്. 

ജ്യോതിശാസ്ത്രജ്ഞരായ റോയ് ടക്കര്‍, ഡേവിഡ് തോലെന്‍, ഫാബ്രീസിയോ ബെര്‍ണാഡി എന്നിവര്‍ ചേര്‍ന്ന് 2004ലാണ് 99942 അപ്പോഫിസ് എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2029 ഏപ്രില്‍ 13ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകുന്ന ഈ ഛിന്നഗ്രഹം ടെലിസ്‌കോപ്പുകളുടെയോ ബൈനോക്കുലറുകളുടേയോ സഹായമില്ലാതെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കാണാനാകും. 

Read more: 'ഭാവിയില്‍ ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കാം, വംശനാശം സംഭവിച്ചേക്കാം'; തടയാന്‍ കഴിയണമെന്ന് ഐഎസ്ആര്‍ഒ തലവന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം