ആമസോണ്‍ വെബ് സര്‍വീസസിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ലോകമെമ്പാടും വിവിധ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസം നേരിടുന്നു. ആമസോണ്‍, പെർപ്ലെക്‌സിറ്റി, സ്‌നാപ്‌ചാറ്റ്, പ്രൈം വീഡിയോ, അലക്‌സ അടക്കം നൂറുകണക്കിന് വെബ്‌സൈറ്റുകള്‍ നിശ്‌ചലമായി. 

കാലിഫോര്‍ണിയ: ആമസോൺ വെബ് സർവീസസ് (AWS) സേവനം തടസപ്പെട്ടതോടെ ഇന്‍റർനെറ്റിലെ പല പ്രധാന വെബ്സൈറ്റുകളും പ്രവർത്തനരഹിതമായി. എഐ സെർച്ച് എഞ്ചിനായ പെർപ്ലെക്‌സിറ്റി, സമൂഹമാധ്യമമായ സ്‌നാപ്‌ചാറ്റ്, വീഡിയോ കോൾ സേവനമായ സൂം, ഭാഷാ പഠന ആപ്പായ ഡുവോലിങ്കോ, ഫോർട്ട്നൈറ്റ് ഹെയിം, ഡിസൈൻ ആപ്പായ കാൻവ എന്നിങ്ങനെ നൂറുകണക്കിന് ആപ്പുകളും വെബ്സൈറ്റുകളും സേവന തടസം നേരിടുന്നു. അമേരിക്കയെയാണ് സേവനം തടസം സാരമായി ബാധിച്ചതെങ്കിലും ഇന്ത്യയിലും പ്രശ്‌നങ്ങളുണ്ട്. എ‍ഡബ്ല്യൂഎസ് സേവനങ്ങൾ ഉപയോഗിക്കുന്ന വാർത്താ വെബ്സൈറ്റുകളും പ്രവർത്തനരഹിതമായി. ആമസോണിന്‍റെ സ്വന്തം ആമസോൺ.കോം ഇ-കൊമേഴ്‌സ് വെബ്സൈറ്റും, പ്രൈം വീഡിയോയും അലക്‌സയും വരെ പ്രശ്‌നം നേരിടുന്നുണ്ട്.

ലോകമെങ്ങുമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ നട്ടെല്ലാണ് ആമസോണ്‍ വെബ്‌ സര്‍വീസസ് എന്ന ക്ലൗഡ് സേവനം. ടെക് ഭീമനായ ആമസോണിന്‍റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗമാണ് ആമസോണ്‍ വെബ്‌ സര്‍വീസസ് അഥവാ എഡബ്ല്യൂഎസ്. ലോകത്തെ ഏറ്റവും വലിയ ക്ലൗസ് സേവനദാതാക്കള്‍ ആമസോണ്‍ വെബ്‌ സര്‍വീസസ് ആണ്. എഡബ്ല്യൂഎസില്‍ സംഭവിച്ച സാങ്കേതികപ്രശ്‌നം കാരണം ഇന്ത്യയില്‍ സ്‌നാപ്‌ചാറ്റ്, റോബ്ലോക്‌സ്, സിഗ്‌നല്‍, കാന്‍വ, പെര്‍പ്ലെക്‌സിറ്റി, ഇന്‍സ്റ്റഗ്രാം അടക്കമുള്ള വിവിധ വെബ്‌സൈറ്റുകളും ആപ്പുകളും സേവന തടസം നേരിടുന്നതായാണ് ഡൗണ്‍ഡിറ്റക്‌റ്റര്‍ നല്‍കുന്ന വിവരം. ഈ വെബ്‌സൈറ്റുകളൊക്കെയും ആമസോണ്‍ വെബ് സര്‍വീസസിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ഡൗണ്‍ഡിറ്റക്റ്ററില്‍ ഏറ്റവുമധികം പേര്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് സ്‌നാപ്‌ചാറ്റിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ്. എന്താണ് എഡബ്ല്യൂഎസില്‍ സംഭവിച്ച പ്രശ്‌നം എന്ന് വ്യക്തമല്ല.