അമേരിക്കൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ വാസ്റ്റ് സ്‌പേസാണ് ഹേവൻ-1 ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നത്. 10 ദിവസം വരെയുള്ള ഹ്രസ്വകാല ക്രൂ ദൗത്യങ്ങൾക്കായി ഈ ബഹിരാകാശ നിലയം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 

ലോങ് ബീച്ച്: ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നിലയം ഉടൻ യാഥാർത്ഥ്യമാകാൻ പോകുന്നു. ഹേവൻ-1 (Haven-1) എന്ന് പേരിട്ടിരിക്കുന്ന ഈ ബഹിരാകാശ നിലയം സ്വകാര്യ അമേരിക്കൻ ബഹിരാകാശ കമ്പനിയായ വാസ്റ്റ് സ്‌പേസ് (Vast Space) ആണ് വികസിപ്പിക്കുന്നത്. 2026-ൽ ഇത് വിക്ഷേപണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഒരു സിംഗിൾ-മൊഡ്യൂൾ ബഹിരാകാശ നിലയം ആയിരിക്കും ഹേവൻ-1. സ്പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍ തന്നെ വഴിയാകും ഹേവൻ-1 ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെയും എത്തിക്കുക.

ഹാവൻ-1 ബഹിരാകാശ നിലയത്തിന് നാസയുടെ പിന്തുണ

10 ദിവസം വരെയുള്ള ഹ്രസ്വകാല ക്രൂ ദൗത്യങ്ങൾക്കായി ഈ ബഹിരാകാശ നിലയം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഓരോ ദൗത്യത്തിലും നാല് ക്രൂ അംഗങ്ങൾ ഉണ്ടായിരിക്കും. അവസാന വെൽഡിംഗ് പൂർത്തിയായ ശേഷം, കമ്പനി ലൈഫ്-സപ്പോർട്ട് ഉപകരണങ്ങളും ഒരു വലിയ ഡോം വിൻഡോയും ഹേവൻ-1ല്‍ സ്ഥാപിക്കും. ഈ ബഹിരാകാശ നിലയത്തിന് നാസയുടെ പിന്തുണയും ഉണ്ട്. നാസയുടെ മേൽനോട്ടത്തിൽ ഹേവൻ-1 അതിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഹേവൻ-1 ബഹിരാകാശ നിലയം വലിപ്പത്തില്‍ ചെറുതാണ് എന്നാണ് വാസ്റ്റ് സ്‌പേസ് നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. സിലിണ്ടർ മൊഡ്യൂൾ ഏകദേശം 45 ക്യുബിക് മീറ്റർ ഇന്‍റീരിയർ സ്ഥലം നൽകും. ഏകദേശം ഒരു ടൂർ ബസിന്‍റെ വലുപ്പം. നാല് ചെറിയ ക്രൂ ക്വാർട്ടേഴ്‌സുകളും സയൻസ് ഗിയറിനുള്ള ലോക്കറുകളും ഡൈനിംഗിനും പരീക്ഷണങ്ങൾക്കുമുള്ള ഒരു പൊതു സ്ഥലവും ഈ ബഹിരാകാശ നിലയത്തിൽ ഉണ്ടാകും. സ്‌പേസ് എക്‌സിന്‍റെ ഡ്രാഗൺ കാപ്‌സ്യൂൾ ഉപയോഗിച്ചാവും യാത്രികരെ നിലയത്തിലെത്തിക്കുക. നാല് ബഹിരാകാശ യാത്രികര്‍ക്ക് പത്ത് ദിവസം വരെ ഇതില്‍ കഴിയാം.

ഹേവൻ- 1: പുതിയ വാണിജ്യ ബഹിരാകാശ യാത്രയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പ്

ഓപ്പൺ-ലൂപ്പ് രൂപകൽപ്പനയിൽ ഷട്ടിൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇതിന്‍റെ ലൈഫ് സപ്പോർട്ട് പ്രവർത്തിക്കുന്നത്. ഹേവൻ-1 പ്രൈമറി ഹൾ പൂർണ്ണമായും കൂട്ടിയോജിപ്പിച്ച് പെയിന്‍റ് ചെയ്തിട്ടുണ്ടെന്നും ടെക്‌നീഷ്യൻമാർ നിലവിൽ സ്റ്റേഷൻ ഹാച്ച്, 1.1 മീറ്റർ ഡോംഡ് വിൻഡോ തുടങ്ങിയ പ്രധാന സംവിധാനങ്ങൾ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും വാസ്റ്റ് സ്‍പേസ് ഡോട്ട് കോം പറയുന്നു. 14 ടൺ ഭാരമുള്ള ഈ മൊഡ്യൂൾ പിന്നീട് സംയോജിപ്പിക്കും. 2026-ന്‍റെ തുടക്കത്തിൽ നാസ ഗ്ലെൻ റിസർച്ച് സെന്‍ററിൽ ഇത് വൈബ്രേഷൻ, തെർമൽ-വാക്വം പരിശോധനകൾക്ക് വിധേയമാക്കും. ഫാൽക്കൺ 9 ഉപയോഗിച്ച് ഹേവൻ-1 നെ ഭ്രമണപഥത്തിലെത്തിക്കാൻ സ്‌പേസ് എക്‌സ് കരാറിലേർപ്പെട്ടിട്ടുണ്ട്. പുതിയ വാണിജ്യ ബഹിരാകാശ യാത്രയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ ബഹിരാകാശ നിലയം എന്ന് പ്രതീക്ഷിക്കുന്നു.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്