ഭുവനേശ്വര്‍: പുതിയ മൊബൈലും മദ്യവും വാങ്ങുന്നതിനായി അച്ഛന്‍ 11 മാസം പ്രായമുള്ള മകനെ വിറ്റു. 25,000 രൂപയ്ക്കാണ് ഇയാള്‍ കുട്ടിയെ വിറ്റത്. ഒഡീഷ്യയിലെ ഭദ്രക് ജില്ലയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. കിട്ടിയ പണത്തില്‍ 2,000 രൂപ മുടക്കി ഒരു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുകയും മകള്‍ക്കായി 1500 രൂപയ്ക്ക് വെള്ളിക്കൊലുസും ഭാര്യയ്ക്കായി ഒരു സാരിയും വാങ്ങിയ ഇയാള്‍ ബാക്കിയുള്ള തുകയ്ക്ക് വെള്ളമടിക്കുകയും ചെയ്തു.

തൂപ്പുകാരനായ മുഖിക്ക് സ്ഥിരം വരുമാനമില്ലാത്തതാണ് ഇത്തരം ഒരു അതിക്രമത്തിലേക്ക് നീങ്ങുവാന്‍ കാരണമായത്. 60 കാരനായ സോമനാഥ് സേത്തിക്കാണ് മകനെ വിറ്റത്. പണത്തിന് വിഷമിച്ചിരുന്ന സമയത്ത് മകനെ നഷ്ടപെട്ടതിന്റെ വിഷമത്തില്‍ കഴിയുന്ന ദമ്പതികളെ കണ്ടപ്പോഴാണ് മകനെ വില്‍ക്കുന്നതിനെക്കുറിച്ച അലോചിച്ചത്.

സംഭവം പുറം ലോകമറിഞ്ഞതോടെ ബല്‍റാം മുഖിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സുക്തിയെ പോലീസ് ചോദ്യം ചെയ്ത് വരുന്നു. ഭാര്യാസഹോരനും അംഗനവാടി ജീവനക്കാരനുമാണ് വില്‍പ്പനയ്ക്ക് ഇടനില നിന്നത്. ഇവര്‍ക്ക് ഏഴ് വയസുകാരിയായ മകളും മറ്റൊരു മകനുമുണ്ട്.