ദില്ലി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ ഭീം ആപ്പ് പ്ലേ സ്റ്റോറില്‍ തരംഗമാകുന്നു. ആപ്പ്‌ പുറത്തിറക്കി പത്ത്‌ ദിവസത്തിനകം ഒരു കോടി ഡൗണ്‍ലോഡ്‌ ഇതിനകം ആപ്പ് രേഖപ്പെടുത്തി കഴിഞ്ഞു. ഗൂഗിള്‍ പ്ലേസ്‌റ്റോറിലെ മുന്‍നിര ആപ്പുകളുടെ ലിസ്റ്റില്‍ ഭീം ഇപ്പോഴും സ്ഥാനം നിലനിര്‍ത്തുന്നുണ്ട്.

പത്തു ദിവസത്തിനുള്ളില്‍ ഒരു കോടിയോളം തവണ ഭീം ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തതില്‍ സന്തോഷമുണ്ടെന്ന്‌ മോഡി പറഞ്ഞു. തല്‍ക്കാലം ആന്‍ഡ്രോയിഡ്‌ ഫോണുകളില്‍ മാത്രമാണ്‌ ആപ്പ്‌ ലഭ്യമാകുന്നത്‌. ഭീം ആപ്പ്‌ ഇടപാടുകള്‍ വേഗത്തിലും എളുപ്പവുമാക്കി. ഇതാണ്‌ യുവാക്കളെ കൂടുതല്‍ ആകര്‍ഷിച്ചത്‌. കച്ചവടക്കാരെ സംബന്ധിച്ചും കള്ളപ്പണം തടയുന്നതിനും ആപ്പ്‌ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സമ്പദ്‌വ്യവസ്‌ഥയെ കറന്‍സിയേതര പണം കൈമാറ്റ സംവിധാനത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ 30നാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഭീം (ഭാരത്‌ ഇന്റര്‍ഫേസ്‌ ഫോര്‍ മണി) എന്ന പേരില്‍ മൊബൈല്‍ പണമിടപാട്‌ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്‌. ഭരണഘടനാ ശില്‍പി ഡോ. ഭീം അംബേദ്‌കറുടെ സ്‌മരണാര്‍ഥമാണ്‌ ഭീം എന്ന നാമകരണം നടത്തിയത്‌.