പിരിച്ചുവിടലുകളുമായി ടെക് ഭീമന്‍മാര്‍, 2025 തുടങ്ങി അഞ്ച് മാസത്തിനുള്ളിൽ ടെക് ലോകത്ത് 61,000 തൊഴിലവസരങ്ങൾ നഷ്‍ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ

കാലിഫോര്‍ണിയ: ഈ വർഷം ടെക്കികളെ സംബന്ധിച്ച് കഠിനമായ ഒന്നായിരിക്കുമെന്ന് റിപ്പോർട്ടുകൾ. ടെക് വ്യവസായം വീണ്ടും വ്യാപകമായ പിരിച്ചുവിടലുകളുടെ ഒരു തരംഗത്തെ അഭിമുഖീകരിക്കുന്നതാണ് കാരണം. അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വൻകിട ടെക് കമ്പനികൾ വീണ്ടും ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കുകയാണ്.

2025 തുടങ്ങി അഞ്ച് മാസത്തിനുള്ളിൽ ടെക് ലോകത്ത് 61,000 തൊഴിലവസരങ്ങൾ നഷ്‍ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. വലിയ ടെക് ഭീമന്‍മാരുടെ മാത്രം കണക്കാണിത്. അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങൾ നേരിടുന്നത് കാരണം മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ തുടങ്ങിയ വലിയ ടെക് കമ്പനികളും, ചെറിയ കമ്പനികളും, സ്റ്റാർട്ടപ്പുകളും ഭാരം കുറയ്ക്കുന്നതിനായി ജീവനക്കാരെ തുടർച്ചയായി പിരിച്ചുവിടുകയാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) നിലവിലെ ജോലി രീതികളെ മറികടക്കുമെന്ന ആശങ്കയും വർധിച്ചുവരികയാണ്. ലേഓഫ് ട്രാക്കറായ Layoffs.fyiയുടെ റിപ്പോർട്ട് പറയുന്നത് 2025-ൽ ഇതുവരെ 130 കമ്പനികളിൽ നിന്നായി 61,220 ൽ അധികം ടെക് തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട് എന്നാണ്.

മൈക്രോസോഫ്റ്റ് അടുത്തിടെ 6,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തപ്പോള്‍, ഗൂഗിൾ 200 ജീവനക്കാരെ ഒഴിവാക്കി. 2023ന് ശേഷം മൈക്രോസോഫ്റ്റ് ഈ നിലയിൽ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇതാദ്യമാണ്. ലോകമെമ്പാടുമായി 228,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. അവരിൽ മൂന്ന് ശതമാനം പേർക്ക് പിരിച്ചുവിടൽ ഇമെയിലുകൾ അയച്ചിട്ടുണ്ട്. വാഷിംഗ്‍ടണിൽ മാത്രം അവയിൽ 2,000 എണ്ണം ഉൾപ്പെടുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ജനുവരി ആദ്യം മൈക്രോസോഫ്റ്റ് ഗെയിമിംഗ്, സെയിൽസ് വിഭാഗങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ചെറിയ പിരിച്ചുവിടലുകൾ നടത്തുകയും റോളുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്.

ചലനാത്മകമായ മാർക്കറ്റ്പ്ലേസ് എന്ന് വിശേഷിപ്പിക്കുന്ന മേഖലയിൽ മത്സരക്ഷമത നിലനിർത്തുന്നതിനായി ടീമുകളെ പുനഃക്രമീകരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഏറ്റവും പുതിയ തൊഴിൽ വെട്ടിക്കുറവുകൾ പ്രകടനവുമായി ബന്ധപ്പെട്ടത് അല്ലെന്നും മാനേജ്മെന്‍റ് നിലവാരം കുറയ്ക്കുന്നതിനും എഞ്ചിനീയർമാരുടെയും സാങ്കേതികേതര ജീവനക്കാരുടെയും അനുപാതം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും കമ്പനി വ്യക്തമാക്കി.

ഈ വർഷം ആദ്യം ഗൂഗിളിൽ നടന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കലിന്‍റെ തുടർച്ചയായാണ് ഈ പിരിച്ചുവിടലുകൾ. ഏപ്രിലിൽ അതിന്റെ പ്ലാറ്റ്‌ഫോംസ് ആൻഡ് ഡിവൈസസ് യൂണിറ്റിൽ (ആൻഡ്രോയ്‌ഡ്, പിക്‌സൽ, ക്രോം) നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കുകയും പല ജീവനക്കാരും സ്വമേധയാ പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഫെബ്രുവരിയിൽ ഗൂഗിളിന്‍റെ ക്ലൗഡ് ഡിവിഷനിൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടായി. കമ്പനിയുടെ മാതൃ കമ്പനിയായ ആൽഫബെറ്റ് 2023 ജനുവരിയിൽ 12,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. ഇത് ആഗോളതലത്തിൽ ആകെയുള്ള തൊഴിലാളികളുടെ ആറ് ശതമാനം ആയിരുന്നു.

ഈ മാസം ആമസോണും ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എക്കോ സ്പീക്കറുകൾ, അലക്‌സ, കിൻഡിൽ, സൂക്സ് സെൽഫ് ഡ്രൈവിംഗ് കാറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഡിവൈസസ് ആൻഡ് സർവീസസ് യൂണിറ്റിൽ നിന്ന് ഏകദേശം 100 ജീവനക്കാരെ ആമസോൺ പിരിച്ചുവിടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ആദ്യം നടന്ന ജീവനക്കാരുടെ പിരിച്ചുവിടലിന് തൊട്ടുപിന്നാലെയാണ് ആമസോണിന്‍റെ ഈ ഏറ്റവും പുതിയ പിരിച്ചുവിടലുകൾ.

കഴിഞ്ഞ ആഴ്ച സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്ട്രൈക്കിൽ നിന്ന് മറ്റൊരു പ്രധാന പിരിച്ചുവിടൽ പ്രഖ്യാപനം വന്നു. ലാഭക്ഷമതയിലും ദീർഘകാല വിജയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തങ്ങളുടെ ജീവനക്കാരുടെ അഞ്ച് ശതമാനം പേരെ പിരിച്ചുവിടുകയാണ് എന്ന് ജീവനക്കാർക്ക് അയച്ച ഇമെയിലിൽ കമ്പനി സ്ഥിരീകരിച്ചു. അതേസമയം പിരിച്ചുവിടലുകൾ സംബന്ധിച്ച് കൃത്യമായ എണ്ണം കമ്പനി നൽകിയിട്ടില്ല. പക്ഷേ തന്ത്രപരമായ തൊഴിൽ ശക്തി പുനഃക്രമീകരണത്തിന്റെ ഭാഗമാണ് ഈ മാറ്റങ്ങൾ എന്ന് കമ്പനി വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം