"ഫെയ്സ്ബുക്ക്, ഗൂഗിൾ, ഇൻസ്റ്റാഗ്രാം,  ട്വിറ്റർ  എന്നിവയുടെ എല്ലാം പിന്നിലെ  ജാലവിദ്യയാകുന്നു സ്വഭാവനിര്‍മ്മാണശാസ്ത്രം"

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ മാര്‍ക്കറ്റിംഗ് വിജയഗാഥകളില്‍ ഒന്നായിരുന്നു റിലയന്‍സ് ജിയോയുടേത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട 3ജി വിജയം കാണാതിരുന്ന, 3ജി ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ പോലും ഏറെ പിന്നില്‍ നിന്നിരുന്ന ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 4ജി വളരെ വിജയകരമായി ജനങ്ങളില്‍ എത്തിക്കുവാന്‍ ജിയോയ്ക്ക് കഴിഞ്ഞു. 3ജി എന്തന്നറിയാത്തവർ പോലും 4ജി സപ്പോർട്ട് ഉള്ള ഫോൺ എടുത്ത് മാസം 30 ജിബി ഡാറ്റ ഉപയോഗിക്കാൻ തുടങ്ങി. 1 ജിബി കൊണ്ട് ഒരു മാസം തൃപ്‌തികരമായി കഴിഞ്ഞിരുന്ന നമ്മളെ കൊണ്ട് ദിവസവും 1 ജിബി വീതം ഉപയോഗിപ്പിക്കാനും അതൊരു ശീലമാക്കി മാറ്റാനും ജിയോയുടെ സൗജന്യഓഫറിനു വെറും 6 മാസം മാത്രം മതിയായിരുന്നു. കൃത്യമായി രൂപകല്‍പ്പന ചെയ്ത പദ്ധതികളിലൂടെയാണ് ഈ വിജയം ജിയോ സ്വന്തമാക്കിയത്. ഇതിനുപിന്നിലുള്ള ശാസ്ത്രശാഖയെ നമ്മുക്കൊന്ന് പരിചയപ്പെടാം.

ഉപഭോക്തൃ മനശാസ്ത്രം (consumer psychology) പഠിക്കുന്ന എല്ലാവരും എങ്ങനെ ഒരു  ഉല്പന്നം ഉപഭോക്താവിന്‍റെ സ്വാഭാവത്തെ സ്വാധീനിക്കുന്നു എന്ന് കൂടി അറിയാൻ ശ്രമിക്കണം. സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗം നമ്മുടെ ദൈനംദിന സ്വഭാവത്തെ സ്വാധീനിച്ചാൽ അതിന്റെ സ്വഭാവ ഡിസൈനർ (Habit Designer) വിജയിച്ചു എന്നുപറയാം. ഒരു ഇമെയിൽ നോട്ടിഫിക്കേഷനിലൂടെ ഫേസ്ബുക്കിൽ കയറിയാൽ പലപ്പോഴും മണിക്കൂറുകൾ കഴിഞ്ഞു മാത്രമാണ് നമ്മൾ തിരിച്ചിറങ്ങുന്നത് . 

ഇങ്ങനെ ഉപഭോക്താക്കളുടെ മനസ്സ് നിയന്ത്രിക്കാൻ, പുതിയ ശീലങ്ങൾ ഉണ്ടാക്കാൻ കമ്പനികൾ ബിഹേവിയറൽ എഞ്ചിനീയറിംഗ്  ശാസ്ത്രശാഖയെ ആശ്രയിക്കുന്നുണ്ട്. ഹ്യൂമൻ കമ്പ്യൂട്ടർ ഇന്റർഫേസ് (HCI) അഥവാ ബിഹേവിയറൽ എഞ്ചിനീയറിംഗ് / ബിഹേവിയറൽ കമ്പ്യൂട്ടിങ് എന്നിവയെല്ലാം തന്നെ എങ്ങനെ  ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളിൽ എങ്ങനെ പുതിയ ശീലങ്ങൾ ഉണ്ടാക്കാം എന്നാണ് പഠിപ്പിക്കുന്നത്. 

ഒരു പ്രൊഡക്ടിന്റെ ഡിസൈനിൽ തന്നെ ഇത്തരം ശീലങ്ങളെ രൂപപെടുത്തിയെടുക്കാനുള്ള ശ്രെമങ്ങൾ പല കമ്പനികളും തുടങ്ങും. ബിഹേവിയറൽ സയൻസിൽ പറയുന്ന പല ഡിസൈൻ നിയമങ്ങളും രീതികളൂം ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ തങ്ങളുടെ സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ രൂപകൽപന ചെയ്യുന്നത് . പല വെബ് പോർട്ടലുകളും തങ്ങളുടെ സൈറ്റിൽ പ്രധാനപ്പെട്ട ഓപ്ഷനുകളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും നല്ല പൊസിഷൻ കണ്ടുപിടിക്കാൻ ഇത്തരം പഠനങ്ങൾ നടത്താറുണ്ട് . ഉദാഹരണത്തിന് ഒരു വെബ്‌സൈറ്റിൽ കയറിയാൽ ലോഗിൻ ചെയ്യാനുള്ള ഓപ്ഷൻ നമ്മൾ നോക്കുന്നത് അപ്പോഴും വലതു സൈഡിൽ ഏറ്റവും മുകളിൽ ഉള്ള കോർണറിലാണ്.  

ഇതു പോലെ തന്നെ നമ്മുടെ ശീലങ്ങൾ മാറ്റുവാൻ കഴിവുള്ള ഒരു ഉൽപ്പന്നമാണ് സ്മാർട്ട് ഫോൺ. പലതരത്തിലുള്ള സ്വഭാവരൂപീകരണത്തിനുള്ള ഏറ്റവും നല്ല മാധ്യമമാണ് സ്മാർട്ട് ഫോൺ അപ്പ്ളിക്കേഷൻസ് . പല അപ്പ്ളിക്കേഷനുകളും വളരെ സങ്കിർണ്ണമായ പ്രവർത്തനങ്ങളെ വളരെ ലളിതമായി ഒരു ബട്ടൺ ക്ലിക്കിലോട്ടു മാറ്റിയിട്ടുണ്ട്. സ്മാർട്ട് ഫോണിലൂടെയും ടാബ്‌ലറ്റിലൂടെയും ടെലിവിഷനിലൂടെയും ഗെയിം കൺസോളുകളിലൂടെയും സ്മാർട്ട് വാച്ചുകളിലൂടെയും പല കമ്പനികളും നമ്മുടെ സ്വഭാവത്തെയും ജീവിതശൈലിയെയും  സ്വാധിനിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പുതിയ ശീലങ്ങൾ രൂപപ്പെടുത്തുന്ന ഇത്തരം ടെക്നോളജികൾ നമ്മുടെ ജീവിതരീതിയെ കൂടി രൂപാന്തരപ്പെടുത്തിത്തുടങ്ങി. വെറുതെ  ഇരിക്കുബോൾ ഫേസ്ബുക് നോക്കുന്നതും ഒരു സംശയമുണ്ടായാൽ ഉടനെ ഗൂഗിൾ ചെയ്യുന്നതും ഇത്തരം പുതിയ ശീലങ്ങൾക്കുദാഹരണമാണ് . 

സ്വഭാവനിര്‍മ്മാണശാസ്ത്രത്തിന്‍റെ ചരിത്രം

1930 ൽ അമേരിക്കൻ സൈക്കോളജിസ്റ്റ് ബി എഫ് സ്കിന്നർ ആണ് മൃഗങ്ങളിൽ ആവശ്യമുള്ള സ്വഭാവങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കാമെന്ന്‍ ആദ്യമായി പറയുന്നത്. മറ്റൊരു സ്വഭാവ ശാസ്ത്രജ്ഞനായ ബി ജെ ഫോഗിന്റെ തിയറിപ്രകാരം വേണ്ടത്ര പ്രേരണയും കഴിവുമുണ്ടെങ്കിൽ ഒരു ട്രിഗർ ഒരു പ്രത്യേക സ്വഭാവ രൂപീകരണത്തിന് കാരണമാകാം. ഇതു പ്രകാരം ഒരു പ്രത്യേകതസ്വഭാവം ഉണ്ടാകണമെങ്കിൽ ശീല ഡിസൈനർമാർ  (Habit Designers) വഴി ഉപഭോക്താവിന്റെ ആഗ്രഹങ്ങൾ വർദ്ധിപ്പിക്കാനുള്ള വഴി കണ്ടുപിടിക്കണമെന്നും ഫോഗ് അഭിപ്രായപ്പെടുന്നു. 

ഏതൊരാളെ കൊണ്ടും അയാൾ ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു കാര്യം ചെയ്യിപ്പിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍, പ്രേരണയും പ്രതിഫലവും വാഗ്ദാനം ചെയ്യുന്നതിലൂടെ നമ്മൾ ഉദ്ദേശിച്ച കാര്യം ഇവരെക്കൊണ്ട് തന്നെ ചെയ്യിപ്പിക്കാൻ സാധിക്കും. ഇങ്ങനെ നമ്മൾ ചെയുന്ന പല കാര്യങ്ങളും സാവധാനം പുതിയ ശീലങ്ങളായി മാറുന്നു, ശീലങ്ങൾ പതുക്കെ നമ്മുടെ ദൈനംദിനചര്യകളുടെ ഭാഗമായി മാറുന്നു, ഇപ്പോൾ രണ്ടു സുഹൃത്തുക്കൾ  കണ്ടുമുട്ടിയാൽ ഉടനെ ഒരു സെൽഫി എടുത്തു ഫേസ്ബുക്കിൽ പോസ്റ്റ് ചെയുന്നത്  സാധാരണ കാര്യമായി മാറിയിരിക്കുന്നു. 

നിർ ഇയാൽ സ്വഭാവനിര്‍മ്മാണ മാതൃക- കൊളുത്തുകൾ (Hook)

എങ്ങനെ സ്വഭാവ രൂപീകരണം നടക്കുന്നു എന്നതിന്റെ ഒരു ഉത്തമ മാതൃകയാണ്  ഇസ്രയേൽ-അമേരിക്കൻ സംരംഭകനായ നിർ ഇയാലിന്‍റെ  കൊളുത്തുകൾ. അതിനു പ്രധാനമായി നാലു ഭാഗങ്ങളാണുള്ളത്.

Image Source:http://www.hookmodel.com

ട്രിഗർ (Trigger): ട്രിഗറുകൾ രണ്ടു തരമുണ്ട് എക്‌സ്റ്റേണല്‍ ട്രിഗർ & ഇന്‍റേണല്‍  ട്രിഗർ. നിങ്ങളും സുഹൃത്തും കൂടി ഒരു യാത്ര പോയി എന്നിരിക്കട്ടെ. അവിടെ നിന്നും എടുത്ത ഫോട്ടോസ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുബോൾ നിങ്ങൾ നിങ്ങളുടെ ഫ്രണ്ടിനെ ടാഗ് ചെയ്യുന്നു അതൊരു  ഇമെയിൽ നോട്ടിഫിക്കേഷൻ ആയി സുഹൃത്തിനു കിട്ടുന്നു (External Trigger). അതേസമയം മറ്റൊരു സുഹൃത്ത് നിങ്ങളുടെ ടൈം ലൈനിലുള്ള ഫോട്ടോ കണ്ടിട്ട് അതെ സ്ഥലത്തു പോക്കണമെന്നു തീരുമാനിക്കുന്നു (Internal Trigger).

ആക്ഷൻ (Action): ട്രിഗറിന് ശേഷമുള്ളതാണ് ആക്ഷൻ.  പ്രതിഫലം കിട്ടുമെന്ന പ്രതീക്ഷയോടെ നമ്മൾ ചെയുന്ന പെരുമാറ്റമാണിത് പ്രധാനമായ്‌ ശ്രദ്ധിക്കേണ്ടത് ഈ പ്രവർത്തനം നടത്തുന്നതിനുള്ള സൗകര്യവും അതിനുള്ള മാനസികമായ പ്രചോദനവും എന്താണെന്ന് മനസ്സിലാക്കുക എന്നതാണ്. ഫേസ്ബുക്ക് പോസ്റ്റിൽ ടാഗ് ചെയുന്ന സുഹൃത്ത് വഴി നമ്മള്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കൂടുതൽ പേരിൽ എത്തിച്ചേരുമെന്നുള്ളത് പലപ്പോഴും പ്രധാനപ്പെട്ട ഒരു പോസ്റ്റിൽ സോഷ്യൽമീഡിയയിലെ പ്രമുഖ വ്യക്തികളെ ടാഗ് ചെയ്യാൻ നമുക്ക് പ്രചോദനമാകുന്നു.

പ്രതിഫലം(rewards): നമ്മുടെ ഫോട്ടോക്ക് കിട്ടുന്ന ഓരോ ലൈക്കും നമ്മളിൽ ആസക്തി ഉണ്ടാക്കാൻ ഉതകുന്നതാണ്. ലോട്ടറിയാണ് നല്ല ഉദാഹരണം. ഇനിയെങ്ങാനും ഒരു കോടി അടിച്ചാല്ലോ എന്ന് കരുതി എത്രയോ പേര് ലോട്ടറി ടിക്കറ്റ് എടുക്കുന്നു. ലോട്ടറി അടിച്ചാൽ കിട്ടുന്ന പ്രതിഫലമോർത്താണ് കിട്ടുന്ന പൈസക്ക് മുഴുവൻ ലോട്ടറി എടുക്കുന്ന ശീലമുണ്ടാക്കുന്നത്. പലരും ലോട്ടറി അടിച്ചു  കോടീശ്വരന്മാരായ കഥകൾ ഇതിന്റെ ട്രിഗർ ആയി പ്രവർത്തിക്കുന്നു. കൂടുതൽ ലൈക്കിന് വേണ്ടി സാധാരണക്കാർക്ക് താല്‍പര്യമേറിയതും അവരെ ആകര്‍ഷിക്കുന്നതും എന്നാൽ അപ്രസകതവുമായ തലക്കെട്ടുകള്‍ ചില ഓൺലൈൻ പത്രങ്ങളിൽ കാണാറില്ലേ? പലരെയും ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടുകൾ വായനക്കാരന്‍ കൂടുതൽ സമയം ആ ന്യൂസ്‌പോർട്ടലിൽ ചെലവഴിക്കാൻ കാരണമാകുന്നു.

നിക്ഷേപം(Investment): ഹുക്ക് മോഡലിന്റെ അവസാന ഭാഗമാണിത്. ഉപയോക്താവ് കുറച്ചു സമയം ചിലവഴിക്കുന്നത് ഭാവിയിൽ വീണ്ടും കൂടുതൽ നേരം ചിലവഴിക്കാൻ പ്രചോദനമാകുന്നു . ഈ നിക്ഷേപമെന്നത് സമയം, ഡാറ്റ, ശീലം, സോഷ്യൽ ക്യാപിറ്റൽ അല്ലെങ്കില്‍ പണം എന്നിവയാവാം.. ഇഷ്ട്ടപെട്ട പേജിലേയ്ക്ക് സുഹൃത്താകളെ കൂടി ക്ഷണിക്കുന്നതും നമ്മുക്ക് ഇഷ്ട്ടപെട്ട പോസ്റ്റുകൾ ഷെയർ ചെയുന്നതും പല വിർച്യുൽ ഗെയിമുകളിൽ സ്വന്തമായി സ്വത്ത് ഉണ്ടാകുന്നതും (farmville-യിലെ കൃഷിയിടങ്ങൾ ഓർക്കുക) ഇത്തരം നിക്ഷേപങ്ങൾക്കുദാഹാരണമാണ്. ഫേസ്ബുക്കിന് വേണ്ടി ഫോട്ടോഷോപ്പ് പഠിച്ചവർ, യൂട്യൂബിനു വേണ്ടി വീഡിയോ എഡിറ്റിംഗ് പഠിച്ചവർ ഇങ്ങനെ പുതിയ ഒരു സവിശേഷത ഉപയോഗിക്കാൻ പഠിക്കുന്നതുമെല്ലാം ഒരു തരത്തില്‍ നിക്ഷേപങ്ങളാണ്. ഇത്തരം നിക്ഷേപങ്ങൾ ആ ഉത്പന്നത്തെ കൂടുതൽ ആകര്ഷകമാക്കിത്തീർക്കുന്നു. 

സ്വഭാവ നിർമ്മാണം സമൂഹ മാധ്യമത്തിൽ

ഫേസ്ബുക്കിന്റെ  കാര്യം തന്നെയെടുക്കുക, നിങ്ങൾ ഒരു സ്റ്റാറ്റസ്  പോസ്റ്റ്  ചെയ്യുന്നതിലൂടെ ഒരു നിക്ഷേപം (investment) നടത്തുന്നു അതിനു നിങ്ങളുടെ ഫോള്ലോവെർസ് ആരെങ്കിലും ഒരു കമന്റ്  ചെയ്താൽ നിങ്ങളുടെ ഇൻബോക്സിൽ ഇ-മെയിൽ വരും (Trigger) അത് നിങ്ങളെ വീണ്ടും  ഒരു മറുപടി എഴുതാൻ (Action) പ്രേരിപ്പിക്കും, അതിനു ചിലപ്പോൾ കൂടുതൽ ലൈക് കിട്ടും (Rewards)  ഇങ്ങനെ ഉപഭോക്താവിനെ കൂടുതൽ  തവണ ഉൽപ്പന്നവുമായി (ഫേസ്ബുക്) ഇടപെടാൻ ഇതിടയാക്കുന്നു.

ഈയടുത്തു ഫേസ്ബുക്കിലെ ടാഗിംഗ് ഓപ്ഷൻ ഉപയോഗിച്ചു ഒരു പുതിയ സ്റ്റോർ പ്രൊമോട്ട് ചെയ്യാനുള്ള ഒരു ക്യാമ്പയ്‌ഗൻ നടക്കുകയുണ്ടായി. അവർ ഫേസ്ബുക്കിൽ ഷോറൂമിന്റെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു. അതിൽ വിവിധ ഉല്പന്നങ്ങളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും അവരുടെ പേര് അതിൽ ടാഗ് ചെയ്യാം. ഒരു ഉല്പന്നത്തെ ആദ്യമായി ടാഗ് ചെയ്യുന്ന ആള്‍ക്ക് ആ ഉല്പന്നം നേടാം. ഇങ്ങനെ വളരെ അധികം ആളുകള്‍ തങ്ങളുടെ പേര് ചിത്രങ്ങളിൽ ടാഗ് ചെയ്തു അതിലൂടെ ആയിരക്കണക്കിനു ആളുകളുടെ ടൈം ലൈനിൽ ആ പുതിയ സ്റ്റാറിന്റെ പരസ്യമെത്തുകയുണ്ടായി.  ഇത്തരം സോഷ്യൽ മീഡിയ പ്രചരണങ്ങൾ ഒരു സാധാരണ സ്‌പോൺസേർഡ് പരസ്യത്തേക്കാൾ കൂടുതൽ ആകർഷകവും ചിലവുകുറഞ്ഞതുമാണ്. ഇത്തരം നൂതന പരസ്യങ്ങളിൽ ഉപഭോക്താക്കൾ സ്വയം അതിന്റെ ഭാഗമായി തീരാൻ ആഗ്രഹിക്കുന്നു. ഭാവിയിൽ ഇത്തരം നൂതന ഡിജിറ്റൽ ക്യാമ്പയിനുകൾക്ക് വൻ സാധ്യതയാണുള്ളത്. 

സ്വഭാവ നിർമ്മാണം രാഷ്‌ട്രീയത്തിൽ 

ഉത്പന്നങ്ങളില്‍ മാത്രമല്ല രാഷ്‌ട്രീയത്തിലും ഇത്തരം വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. രാഷ്‌ട്രീയത്തെ അശ്ലീലമായി കണ്ടിരുന്ന ഡൽഹിയിലെ യുവത്വത്തെ കൂടുതൽ സ്വാധീനിക്കാനും, അവരുടെ നിലപാടുകളും, തീരുമാനങ്ങളും, രാഷ്ട്രീയത്തിനോടുള്ള കാഴ്ചപ്പാടുകളും മാറ്റുവാനും വേണ്ടി ആം ആദ്മി പാർട്ടി നടത്തിയ ക്യാമ്പയിന്‍ അവർക്കു മികച്ച തെരെഞ്ഞെടുപ്പ് ഫലം ലഭിക്കുന്നതിനിടയാക്കി. അത് പോലെ തന്നെ 100 യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി എന്ന് കേൾക്കുബോൾ സ്വാഭാവികമായി 120 അല്ലെങ്കിൽ 140 യൂണിറ്റ് ഉപയോഗിക്കുന്നവരെല്ലാം ഉപയോഗം നിയന്ത്രിച്ചു 100 യൂണിറ്റിനുള്ളിൽ വരാൻ ശ്രമിക്കുന്നത് ഒരു എനർജി കോൺസെർവഷൻ സ്വഭാവ രൂപീകരണത്തിനിടയാക്കി. മലിനീകരണവും വാഹനങ്ങളുടെ എണ്ണക്കൂടുതലും കൊണ്ട് ദുരിതമനുഭവിച്ച് കൊണ്ടിരിക്കുന്ന ഡൽഹിയിൽ ഒരു നല്ല കാര്‍ പൂളിങ് സംസ്കാരമുണ്ടാക്കാൻ Odd -Even പദ്ധതിക്ക് കഴിഞ്ഞു. ഇങ്ങനെ ജനങളുടെ ദൈനംദിന ജീവിതരീതിയെ സ്വാധീനിക്കുന്ന തരത്തിള്ള പബ്ലിക് പോളിസികൾ ഉണ്ടാക്കാനും ഈ ശാസ്ത്രശാഖയെ ഉപയോഗിക്കുന്നു.

ഉപഭോക്താവിന്റെ ഒരു പ്രശ്നം പരിഹരിക്കാനുള്ള ഒരു ഉൽപ്പന്നത്തിനുള്ള കഴിവ് അല്ലെങ്കിൽ പ്രതിഫലം എന്നിവ ഒരു പുതിയ ശീലത്തെ സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.  സ്വഭാവനിര്‍മ്മാണശാസ്ത്രത്തിലെ ഈ തിയറി പ്രകാരം പ്രവർത്തിച്ച പല ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിജയ കഥകൾ, പുതിയ ശീലങ്ങൾ സൃഷ്ടിക്കുന്ന ഉൽപ്പന്നമോ സർവീസോ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള പ്രസക്തമായ ഗവേഷണം നടത്തുന്നതിന് പുതിയ സംരഭകർക്കു പ്രചോദനം നൽകുന്നു. അത് കൊണ്ട് തന്നെ ഈ മേഖലയിലുള്ള വിദഗ്ധന്മാരെ പല കമ്പനികൾക്കും ആവശ്യമുണ്ട്‌. ഭാവിയിൽ വളരെ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുള്ള ഒരു ജോലിമേഖല കൂടിയാണിത്. പക്ഷേ സ്വഭാവനിര്‍മ്മാണശാസ്ത്ത്തിലെ പുരോഗതി കാണുബോൾ അധികം വൈകാതെ കമ്പനികളാൽ അല്ലെങ്കിൽ ഉൽപ്പന്നങ്ങളാൽ നിയന്ത്രിക്കപെടുന്ന ഒരു സോംബി സമൂഹമായി നമ്മൾ മാറുമോ എന്ന ഒരു സംശയം നിലനില്‍ക്കുകയും ചെയ്യുന്നു.