രാജ്യ വ്യാപകമായി 5ജി സേവനം ആരംഭിക്കുന്നതിനായി ബിഎസ്എൻഎല്ലിന് 61000 കോടി രൂപയുടെ 5ജി സ്പെക്ട്രം അനുവദിച്ച് ടെലികോം മന്ത്രാലയം

ദില്ലി: പൊതുമേഖലാ ടെലികോം കമ്പനിയായ ബി‌എസ്‌എൻ‌എല്ലിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) 61,000 കോടി രൂപയുടെ 5ജി സ്പെക്ട്രം അനുവദിച്ചു. രാജ്യത്തുടനീളം 5ജി സേവനങ്ങൾ വിന്യസിക്കുന്നതിന് അത്യാവശ്യമായ 700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ് ബാൻഡുകളാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചിരിക്കുന്നതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപഭാവിയിൽ തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാൻ ബിഎസ്എൻഎല്ലിനെ പ്രാപ്തമാക്കുന്ന നടപടിയാണിത്. 

5ജി സേവനങ്ങൾ നൽകുന്നതിനായി 700 മെഗാഹെർട്‌സ്, 3300 മെഗാഹെർട്‌സ്, 26 ജിഗാഹെർട്‌സ് എന്നീ സ്‌പെക്ട്രം സർക്കാർ ബി‌എസ്‌എൻ‌എല്ലിന് നീക്കിവച്ചിട്ടുണ്ടെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ പാർലമെന്‍റിൽ പറഞ്ഞു. ബി‌എസ്‌എൻ‌എല്ലിലും എം‌ടി‌എൻ‌എല്ലിലും 5 ജി സൗകര്യമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് 5ജി വിന്യാസത്തിനുള്ള നടപടികള്‍ ബിഎസ്എന്‍എല്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5ജി കണക്റ്റിവിറ്റി ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിവിധ നഗരങ്ങളില്‍ 5ജി പരീക്ഷണം കമ്പനി തുടങ്ങി. ബിഎസ്എന്‍എല്‍ പൂര്‍ത്തീകരിക്കുന്ന ഒരു ലക്ഷം 4ജി ടവറുകൾ അനായാസം 5ജി സാങ്കേതികവിദ്യയിലേക്ക് എളുപ്പത്തിൽ അപ്‌ഗ്രേഡ് ചെയ്യാവുന്ന തരത്തിലുള്ളവയാണ്. ഈ ടവറുകൾ 2025 ജൂണോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം ബിഎസ്എന്‍എല്ലിന്‍റെ 80,000ത്തിലേറെ 4ജി ടവറുകള്‍ സ്ഥാപിച്ചു. ഇവയില്‍ 74,521 സൈറ്റുകൾ പ്രവര്‍ത്തനക്ഷമമായി. 

ഉപഭോക്തൃ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബി‌എസ്‌എൻ‌എൽ ഈ ഏപ്രിൽ ഉപഭോക്തൃ സേവന മാസമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Read more: ഐപിഎല്‍ സ്ട്രീമിങിനായി പ്രത്യേക റീച്ചാര്‍ജ് പ്ലാന്‍; ഞെട്ടിച്ച് ബിഎസ്എന്‍എല്‍, 251 ജിബി ഡാറ്റ ലഭിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം