ബിഎസ്എന്‍എല്‍ വെച്ചടി വെച്ചടി കയറുവാണ്; 12 നഗരങ്ങളില്‍ കൂടി അതിവേഗ 4ജി

ഉപഭോക്താക്കളെ നിരാശരാക്കാതെ ബിഎസ്എന്‍എല്‍, 4ജി സേവനം കൂടുതല്‍ നഗരങ്ങളിലേക്ക്

BSNL has rolled out 4G network in 12 new cities

ദില്ലി: ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി പൊതുമേഖല ടെലികോം നെറ്റ്‌വര്‍ക്കായ ബിഎസ്എന്‍എല്‍. രാജ്യത്തെ 12 നഗരങ്ങളില്‍ക്കൂടി അതിവേഗ 4ജി സേവനം ബിഎസ്എന്‍എല്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്

രാജ്യത്തെ 12 നഗരങ്ങളില്‍ക്കൂടി 4ജി സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്. വന്‍ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവയ്ക്ക് പുറമെ അഹമ്മദാബാദ്, അഗര്‍ത്തല, ചണ്ഡീഗഡ്, ഗുവാഹത്തി, ഹൈദരാബാദ്, ജയ്‌പൂര്‍, ലക്നൗ, റായ്‌പൂര്‍ എന്നിവിടങ്ങളില്‍ ബിഎസ്എന്‍എല്ലിന്‍റെ അതിവേഗ 4ജി വിന്യാസം പൂര്‍ത്തിയായി. മറ്റ് നഗരങ്ങളിലും ബിഎസ്എന്‍എല്ലിന്‍റെ 4ജി വിന്യാസം പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 51,700ലേറെ 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ പൂര്‍ത്തിയാക്കിയത്. ഇവയില്‍ 41,950 ടവറുകള്‍ പ്രവര്‍ത്തനക്ഷമമായി. 

4ജിയിലൂടെ മികച്ച നെറ്റ്‌വര്‍ക്ക് കവറേജും അതിവേഗ ഇന്‍റര്‍നെറ്റും ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നു. 700MHz, 2100MHz ബാന്‍ഡുകള്‍ സംയോജിപ്പിച്ചാണ് ബിഎസ്എന്‍എല്‍ 4ജി വിന്യസിക്കുന്നത്. 700MHz മികച്ച കവറേജും 2100MHz അതിവേഗ ഡാറ്റാ സ്‌പീഡും നല്‍കും. ഈ ലയനം മികച്ച യൂസര്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് ബിഎസ്എന്‍എല്ലിന്‍റെ പ്രതീക്ഷ. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ സ്വകാര്യ നെറ്റ്‌വര്‍ക്കുകളുടെ ഇന്‍റര്‍നെറ്റ് വേഗത്തോട് കിടപിടിക്കുന്ന സേവനമാണ് ഒരുക്കുന്നത് എന്നാണ് ബിഎസ്എന്‍എല്ലിന്‍റെ അവകാശവാദം. 

സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്എന്‍എല്ലിന് നല്ല കാലമാണ്. ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ ബിഎസ്എന്‍എല്ലിന് ലഭിച്ചു. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 4ജി വിന്യാസം വേഗം കമ്പനി പൂര്‍ത്തിയാക്കേണ്ടതുണ്ട്. 

Read more: കൂടുമാറി എത്തി 55 ലക്ഷം പേർ; അടിച്ചുകയറി ബിഎസ്എൻഎൽ, സിം പോർട്ടിംഗ് കണക്കുകൾ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios