2024 നവംബറിന് പിന്നാലെ ഡിസംബര്‍ മാസവും ബിഎസ്എന്‍എല്ലിന് രാജ്യാവ്യാപകമായി വരിക്കാരെ നഷ്ടമായതായി ട്രായ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു
ദില്ലി: രാജ്യത്തെ ടെലികോം ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 2024 ഡിസംബര്‍ മാസത്തെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണത്തില്‍ തലപ്പത്ത് തുടരുന്നു. അതേസമയം പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിനും, സ്വകാര്യ ഓപ്പറേറ്റര്‍മാരായ വോഡാഫോണ്‍ ഐഡിയക്കും ഉപയോക്താക്കളെ നഷ്ടമാകുന്നത് തുടരുകയാണ് എന്നും ട്രായ്‌യുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ മാസം വിവിധ കമ്പനികള്‍ നേടിയതും നഷ്ടമാക്കിയതുമായ വരിക്കാരുടെ എണ്ണം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ 2024 ഡിസംബറിലെ കണക്കുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ റിലയന്‍സ് ജിയോയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാര്‍. ഡിസംബറില്‍ ജിയോ 3.9 ദശലക്ഷവും മറ്റൊരു സ്വകാര്യ ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍ ഒരു ദശലക്ഷവും വരിക്കാരെ പുതുതായി നേടി. നവംബര്‍ മാസം ജിയോയുടെയും എയര്‍ടെല്ലിന്‍റെയും വരിക്കാരുടെ എണ്ണം യഥാക്രമം 461.2 ദശലക്ഷം, 384.2 ദശലക്ഷം എന്നിങ്ങനെയായിരുന്നത് 465.1 ദശലക്ഷവും, 385.3 ദശലക്ഷവും ആയി ഉയര്‍ന്നു.
അതേസമയം നവംബറിന് പിന്നാലെ 2024 ഡിസംബര്‍ മാസവും ബിഎസ്എന്‍എല്ലും വോഡാഫോണ്‍ ഐഡിയയും തിരിച്ചടി നേരിട്ടു. പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ ഡിസംബറില്‍ 0.322 ദശലക്ഷം വരിക്കാരെ നഷ്ടമാക്കി. വിഐക്ക് ഇതേ മാസം 1.715 മില്യണ്‍ ഉപയോക്താക്കളെയും നഷ്ടമായി. നവംബറില്‍ ഒരു ദശലക്ഷം ഉപയോക്താക്കളെ വോഡാഫോണ്‍ ഐഡിയ നഷ്ടപ്പെടുത്തിയ സ്ഥാനത്താണ് ഈ തകര്‍ച്ച. ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്താകെ ബിഎസ്എന്‍എല്ലിന് 91.7 ദശലക്ഷവും വിഐക്ക് 207.2 ദശലക്ഷവും കസ്റ്റമര്‍മാരാണുള്ളത്.
