റിലയന്‍സ് ജിയോ ഓഫറുകള്‍ മാര്‍ച്ച് വരെ നീട്ടിയതോടെ വമ്പന്‍ ഓഫറുകളുമായി പൊതുമേഖലാ സേവനദാതാക്കളായ ബിഎസ്എന്‍എല്‍ രംഗത്തെത്തി. വെറും 99 രൂപയ്‌ക്ക് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാത്ത കോളുകളും 300 എംബി ഡാറ്റയും ലഭ്യമാക്കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. കൊല്‍ക്കത്ത, പശ്ചിമബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ആസം, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഢ്, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ സര്‍ക്കിളുകളില്‍ ഇന്നുമുതല്‍ ഈ ഓഫര്‍ ലഭ്യമായി തുടങ്ങി. മറ്റു സര്‍ക്കിളുകളില്‍ ഇതേ ഓഫറിന് 119 മുതല്‍ 149 രൂപവരെയാകും ഈടാക്കുക. ഇതുകൂടാതെ 339 രൂപയ്‌ക്ക് ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത ലോക്കല്‍-എസ്‌ടിഡി കോളുകളും ഒരു ജിബി ഡാറ്റയും ഉള്‍പ്പെടുന്ന കോംബോ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനും 28 ദിവസമായിരിക്കും വാലിഡിറ്റി. 1099 രൂപയ്‌ക്ക് അണ്‍ലിമിറ്റഡ് ത്രീജി ഡാറ്റ ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് 30 ദിവസമാണ് വാലിഡിറ്റി. ജിയോ ഫോര്‍ജി സേവനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഐഡിയ, എയര്‍ടെല്‍ എന്നിവ വമ്പന്‍ ഓഫറുകള്‍ നല്‍കി കഴിഞ്ഞു. 83 ദിവസത്തിനുള്ളില്‍ 52 മില്യണ്‍ ഉപയോക്താക്കളാണ് ജിയോയ്‌ക്ക് ലഭിച്ചത്. അടുത്ത മാര്‍ച്ച് 31 വരെയാണ് ജിയോ സൗജന്യ സേവനങ്ങള്‍ ലഭ്യമാകുക.