ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ന് ഇന്ത്യാ- പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം. മത്സരം തത്സമയം കാണാനുള്ള ഓഫര്‍ പരിചയപ്പെടുത്തി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മത്സരത്തെ കുറിച്ചും ലൈവ് സ്‌ട്രീമിംഗിനെ കുറിച്ചും വിശദമായി അറിയാം.
ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ന് അയല്‍ക്കാരുടെ സൂപ്പര്‍ ഫോര്‍ അങ്കമാണ്. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരും. മത്സരത്തിന്‍റെ ആവേശത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഏഷ്യാ കപ്പിലെ ഏറ്റവും വാശിയേറിയ സൂപ്പര്‍ ഫോര്‍ മത്സരം ആരാധകര്‍ക്ക് കാണാനുള്ള വഴി ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പരിചയപ്പെടുത്തി. ബിഎസ്എന്‍എല്ലിന്‍റെ BiTV സേവനം വഴിയാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ കാണാനാവുക.
ബിഎസ്എന്‍എല്‍ BiTV-യില്‍ 151 രൂപയുടെ പ്രീമിയം പാക്ക് വഴി ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരം തത്സമയം ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണാം. ഒടിടിപ്ലേയാണ് ഈ പ്രീമിയം പാക്കേജിന് കരുത്ത് പകരുന്നത്. ഏഷ്യാ കപ്പ് സോണിലിവ്, ഫാന്‍കോഡ് എന്നിവയാണ് ഇന്ത്യയില്‍ ലൈവായി സംപ്രേഷണം ചെയ്യുന്നത്. ഇവ രണ്ടും ബിഎസ്എന്‍എല്‍ BiTV-യിലെ 151 രൂപ പ്രീമിയം പാക്കേജില്‍ ലഭ്യമാണ്. ഇരുപത്തിയഞ്ചിലധികം ഒടിടികളും 400-ലധികം ചാനലുകളും 151 രൂപ പ്ലാനില്‍ ലഭ്യമാണ് എന്ന പ്രത്യേകതയുമുണ്ട്. BiTV സേവനം മൊബൈലില്‍ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ഉപയോഗിക്കാനാകും.
ബിഎസ്എന്‍എല്ലിന്‍റെ ഡയറക്‌ട്-ടു-മൊബൈല്‍ ഇന്‍റര്‍നെറ്റ് ടിവി സേവനമാണ് BiTV. ഒടിടി സേവനദാതാക്കളായ ഒടിടിപ്ലേയുമായി സഹകരിച്ചാണ് ഈ സര്‍വീസ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ബിഎസ്എന്‍എല്‍ സിം യൂസര്‍മാര്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളും തത്സമയ ചാനലുകളും BiTV-യിലൂടെ ലഭിക്കും. രാജ്യമെമ്പാടും ബിഎസ്എന്‍എല്‍ BiTV സേവനം ലഭ്യമാണ്.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ഇന്ത്യ-പാകിസ്ഥാന്‍ അങ്കം തുടങ്ങും. ഏഴരയ്‌ക്ക് മത്സരത്തിന് ടോസ് വീഴും. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് ആരാധകരുടെ ശ്രദ്ധാകേന്ദ്രം. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ആധികാരികമായിട്ടാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. സ്‌പിന്നിനെ തുണയ്ക്കുന്ന ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്ന് സൂപ്പര്‍ 4 മത്സരങ്ങളും നടക്കുന്നത്. സെപ്റ്റംബര്‍ 24ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 26ന് അവസാന മത്സരത്തില്‍ ശ്രീലങ്കയേയും ടീം ഇന്ത്യ നേരിടും.


