ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ദുബായിലെ സ്പിന്‍ പിച്ചില്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ ഉറപ്പാണ്, സഞ്ജു സാംസണ്‍ ഫിനിഷര്‍ റോളിലേക്ക് മാറിയേക്കും. 

ദുബായ്: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ആധികാരികമായിട്ടാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. സ്പിന്നിനെ തുണയ്ക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. 24ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 26ന് അവസാന മത്സരത്തില്‍ ശ്രീലങ്കയേയും ഇന്ത്യ നേരിടും. സൂപ്പര്‍ ഫോറില്‍ അല്‍പം കൂടി കരുത്തരാണ് എതിരാളികള്‍.

ഇപ്പോള്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സരം ദുബായില്‍ ആയതിനാല്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാരുണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാല്‍ ഒരു സ്പെഷ്യലിസ്റ്റ് പേസറുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുക. ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും തുടരുമെന്നതില്‍ സംശയമൊന്നുമില്ല. ഒമാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സഞ്ജു സാംസണാണ് മൂന്നാം നമ്പറില്‍ കളിച്ചിരുന്നത്. സൂര്യകുമാര്‍ യാദവ് തന്റെ സ്ഥാനം വിട്ടു നല്‍കുകയായിരുന്നു.

എന്നാല്‍ എല്ലാവര്‍ക്കും ബാറ്റിംഗില്‍ കഴിവ് തെളിയിക്കാനുള്ള അവസരം നല്‍കുക എന്നതിന്റെ പേരിലാണ് സൂര്യ ഒമാനെതിരെ മൂന്നാം സ്ഥാനം വിട്ടുകൊടുത്തത്. പാകിസ്ഥാനെതിരെ അതിന് സാധ്യത കാണുന്നില്ല. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായാല്‍ മാത്രമെ സഞ്ജു മൂന്നാം നമ്പറില്‍ കളിക്കാന്‍ സാധ്യതയൊള്ളൂ. നാലാം നമ്പറില്‍ സൂര്യക്ക് പിന്നാലെ തിലക് വര്‍മയെത്തും. തുടര്‍ന്ന് സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ക്രീസിലെത്തും. പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജസ്പ്രിത് ബുമ്ര തിരിച്ചെത്തുമെന്നാണ് അറിയുന്നത്. അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമാകും. ബുമ്രയ്ക്കൊപ്പം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും തിരിച്ചെത്തും. കുല്‍ദീപ് യാദവാണ് മറ്റൊരു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍.

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

YouTube video player