ആലപ്പുഴ: സ്വകാര്യ ടെലികോം കമ്പനികൾ അതിവേഗം ഫോര്‍ജിയിലേക്ക് കുതിച്ചപ്പോള്‍ നിശബ്ദത പാലിച്ചത് ബിഎസ്എൻഎല്ലിന്‍റെ ജനപ്രിയതയ്ക്ക് ഇടിവുണ്ടാക്കി. ഇത് മനസ്സിലാക്കിയാണ് സ്വകാര്യ കമ്പനികൾക്ക് മുൻപേ ഫൈവ് ജി സൗകര്യം നൽകാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നത്. 2020 ഓടെ രാജ്യത്ത് ഫൈവ് ജി കൊണ്ടുവരുമ്പോള്‍ 2022 ഓടെ കേരളത്തിൽ സൗകര്യം ഏര്‍പ്പെടുത്താനാണ് നീക്കം.

കേരളത്തില്‍ എല്ലാ ജില്ലകളിലും 4 ജി സൗകര്യം എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍. ആലപ്പുഴ ജില്ലയില്‍ ബിഎസ്എൻഎൽ ഫോര്‍ജി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ ബിഎസ്എന്‍എല്‍ 4 ജി സൗകര്യം ലഭ്യമായ നാലാമത്തെ ജില്ലയാണ് ആലപ്പുഴ. ചേർത്തല മുതൽ അമ്പലപ്പുഴ വരെയുള്ള മേഖലയിൽ ഫോര്‍ജി ലഭ്യമാകും.

തൊണ്ണൂറ്റി രണ്ട് ത്രീ ജി ടവറുകൾ ഫോര്‍ ജിയിലേക്ക് മാറി. കുട്ടനാടിന്‍റെ കിഴക്കൻ മേഖലയിലും മാവേലിക്കരയിലും ഉടൻ ഫോര്‍ജിയെത്തും. സിം ഫോര്‍ജിയിലേക്ക് മാറ്റാൻ ബിഎസ്എൻഎൽ എക്സ്ചേഞ്ചിനെ സമീപിക്കണം. ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലും ബിഎസ്എൻഎൽ ഫോര്‍ജി ലഭ്യമാണ്.