Asianet News MalayalamAsianet News Malayalam

ഒാൺലൈനില്‍ സ്വർണം വാങ്ങുമ്പോള്‍ 'പണി' കിട്ടാതിരിക്കാൻ അറിയേണ്ടത്

Buying gold online  9 things you must not miss
Author
First Published Nov 19, 2017, 12:21 PM IST

സ്വർണം വാങ്ങാൻ ജ്വല്ലറയിൽ പോകുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്​. ഇഷ്​ട ഡിസൈനുകൾ ആകർഷകമായ വിലയിൽ ഒാൺലൈനിൽ ലഭ്യമായതോടെയാണ്​ മഞ്ഞലോഹം വീട്ടിലിരുന്നും വാങ്ങാൻ താൽപര്യമേറിയത്​. ആമസോൺ, ഫ്ലിപ്​കാർട്​ തുടങ്ങിയ മുൻനിര ഇ.കൊമേഴ്​സ്​ സംരംഭങ്ങൾ വഴി സ്വർണം ലഭ്യമാണ്​. എന്നാൽ വില കൂടി ഇടപാട്​ ആയതിനാൽ ഒാൺലൈനായി സ്വർണം വാങ്ങുന്നവർ ചതിക്കൂഴികൾ കൂടി അറിഞ്ഞിരിക്കണം. ഒമ്പത്​ കാര്യങ്ങൾ ഒാൺലൈൻ സ്വർണ ഇടപാടിൽ ശ്രദ്ധിക്കണം.

1. വിൽപ്പനക്കാരെ/ ​വെബ്​സൈറ്റിനെ അറിയുക

വിൽപ്പനക്കാര​ന്‍റെയും വെബ്​സൈറ്റിന്‍റെയും ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തുക എന്നതാണ്​ ആദ്യമായി ചെയ്യേണ്ടത്​. വിലപേശൽ തരത്തിലുള്ള ഒാഫറുകൾ ഇന്‍റര്‍നെറ്റിൽ കാണാം. എന്നാൽ സ്വർണത്തി​ന്‍റെ കാര്യത്തിൽ ഇത്​ പ്രാ​യോഗികമല്ലെന്ന്​ തിരിച്ചറിയുക. വിലപേശിയുള്ള ഇടപാടുകൾ ഒഴിവാക്കുക.

2. പരിശുദ്ധി ഉറപ്പുവരുത്തുക

സ്വർണം  24, 22 കാരറ്റുകളിൽ ലഭ്യമാണ്​. 24 കാരറ്റ്​ ആണ്​ ഏറ്റവും പരിശുദ്ധമായ സ്വർണം. ജ്വല്ലറികളിൽ നിന്ന്​ 24 കാരറ്റ്​ സ്വർണം ലഭിക്കില്ല. വെള്ളി, ചെമ്പ്​ തുടങ്ങിയ ലോഹങ്ങൾ ചേർത്ത സ്വർണമാണ്​ ജ്വല്ലറികളിൽ നിന്ന്​ ലഭിക്കുന്നത്​. സ്വർണത്തി​ന്‍റെ കാരറ്റ്​ നോക്കിയാണ്​ വാ​ങ്ങേണ്ടത്​. ആമസോൺ, ഫ്ലിപ്​കാർട്​ ​സൈറ്റുകളിൽ നിന്ന്​ 24 കാരറ്റിലുള്ള സ്വർണകട്ടികൾ ലഭ്യമാണ്​.

3. ഹാൾമാർക്ക്​ സർട്ടിഫിക്കേഷൻ

ഒാൺലൈനായി സ്വർണം വാങ്ങു​മ്പോള്‍ അളവുകോലായി ഹാൾമാർക്ക്​ സർട്ടിഫിക്കേഷഷൻ കൂടി ഉറപ്പുവരുത്തണം. ബ്യൂറോ ഒാഫ്​ ഇന്ത്യൻ സ്​റ്റാന്‍റേഡ്​ (ബി.ഐ.എസ്​) ജ്വല്ലറികൾക്ക്​ നൽകുന്ന ഗുണനിലവാര സർട്ടിഫിക്കേഷൻ ആണ്​ ഹാൾമാർക്ക്​. ബി.​ഐ.എസ്​ വെബ്​സൈറ്റിൽ ഇൗ ജ്വല്ലറികളുടെ പട്ടിക ലഭ്യമാണ്​.

4. പണിക്കൂലി 

ആഭരണങ്ങൾ വാങ്ങു​മ്പോൾ അവയ്​ക്ക്​ പണിക്കൂലി നൽകേണ്ടിവരും. അവ ഇൗടാക്കുന്നത്​ ശരിയായ കണക്കിലാണോ എന്ന്​ ഉറപ്പുവരുത്തണം. സ്വർണത്തി​ന്‍റെ തൂക്കം, പണിക്കൂലി, പതിച്ച കല്ലുകൾ തുടങ്ങിയവ എല്ലാം ചേർത്താണ്​ തുക ഇൗടാക്കുന്നത്​. നിങ്ങളുടെ വിൽപ്പനക്കാരൻ സ്വർണത്തിന്​ സമാനമായ തോതിൽ അതിൽപതിച്ച കല്ലിന്​ വില ചുമത്തുന്നില്ലെന്ന്​ ഉറപ്പാക്കണം. എത്ര തൂക്കം സ്വർണം ലഭിക്കുന്നു, അതിന്​ വരുന്ന തുക എത്രയെന്ന്​ ബില്ലിൽ ഉറപ്പുവരുത്തണം. ഇതിൽ സ്വർണത്തിന്‍റെ പരിശുദ്ധി, തൂക്കം, വില, ഹാൾമാർക്ക്​, പണിക്കൂലി  എന്നിവ ബില്ലിൽ ഉണ്ടായിരിക്കണം.

5 . തിരിച്ചെടുക്കാനുള്ള വ്യവസ്​ഥ

സ്വർണം വാങ്ങുന്ന വെബ്​സൈറ്റിൽ അവ തിരിച്ചെടുക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള വ്യവസ്​ഥയുണ്ടെന്ന്​ കൂടി ഉറപ്പുവരുത്തുക. ഇടപാട്​ നടത്തും മുമ്പ്​ തന്നെ വ്യവസ്​ഥകൾ വായിച്ചിരിക്കണം.

6. ബില്ലില്ലാത്ത സ്വർണം ​വേണ്ട

ഒാൺലൈൻ സ്വർണ ഇടപാടിൽ ബിൽ ഉറപ്പുവരുത്തണം. തിരികെ നൽകുന്നതിനോ മാറ്റിയെടുക്കുന്നതിനോ മാത്രമല്ല, പകരം സ്വർണത്തി​ന്‍റെ പരിശുദ്ധി, തൂക്കം തുടങ്ങിയവ ഉറപ്പാക്കാൻ കൂടി ബിൽ അനിവാര്യമാണ്​. ബിൽ ഉണ്ടെങ്കിൽ മാത്രമേ ഇടപാട്​ സുതാര്യവും ആധികാരികവും ആവുകയുള്ളൂ.

7. പായ്​ക്കിങിൽ ചതി പറ്റരുത്​

ഒാൺ​ലൈനായി സ്വർണം ലഭിച്ചാൽ ആദ്യം പരിശോധിക്കേണ്ടത്​ ഉൽപ്പന്നത്തിന്‍റെ പായ്​ക്കിങ്​ ആണ്​. പായ്​ക്കിങിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ അവ സ്വീകരിക്കരുത്​. 

8. വലിപ്പത്തിലെ പ്രശ്​നങ്ങൾ

സ്വർണം വാങ്ങു​മ്പോൾ അവയുടെ വലിപ്പം, തിളക്കം മങ്ങിയ അവസ്​ഥ തുടങ്ങിയ പ്രശ്​നങ്ങൾ നേരിടാറുണ്ട്​. ജ്വല്ലറികളിൽ നിന്ന്​ വാങ്ങു​മ്പോൾ നേരിട്ട്​ ചെന്ന്​ പ്രശ്​നം പരിഹരിക്കാം. എന്നാൽ ഒാൺലൈനായി വാങ്ങുന്നവർ മാറ്റം വരുത്തിനൽകുന്നത്​ സംബന്ധിച്ചുള്ള വ്യവസ്​ഥ കൂടി ഉറപ്പുവരുത്തണം.

9. വീട്ടിൽ പരിശോധിക്കാം

ചില ഒാൺലൈൻ സ്​റ്റോറുകൾ സ്വർണം വീട്ടിൽ എത്തിച്ച്​ ഉപഭോക്​തക്കൾക്ക്​ ധരിച്ച്​ നോക്കാനുള്ള അവസരവും നൽകുന്നുണ്ട്​. വാങ്ങാൻ ഉ​ദ്ദേശിക്കുന്നവയെപ്പറ്റി ധാരണക്കുറവുണ്ടെങ്കിൽ ഇൗ രീതിയും പരീക്ഷിക്കാം. 
 

Follow Us:
Download App:
  • android
  • ios