ഗൂഗിളിന്‍റെ ജെമിനി ആപ്പ്, പ്രമുഖ എഡിറ്റിംഗ് പ്ലാറ്റ്‌ഫോമായ ക്യാപ്‌കട്ടുമായി സഹകരിക്കുന്നു. ഈ കൂട്ടുകെട്ടിലൂടെ ഉപയോക്താക്കൾക്ക് ജെമിനി ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഉടൻ ലഭ്യമാകും.

തിരുവനന്തപുരം: ഗൂഗിളിന്‍റെ എഐ അസിസ്റ്റന്‍റ് ഇക്കോസിസ്റ്റം കൂടുതൽ ക്രിയേറ്റീവായ ഫീച്ചറുകളുമായി വ്യാപിപ്പിക്കപ്പെടുകയാണ്. ഇപ്പോൾ ജനപ്രിയ വീഡിയോ, ഇമേജ് എഡിറ്റിംഗ് പ്ലാറ്റ്‌ഫോമായ ക്യാപ്‌കട്ടുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിളിന്‍റെ ജെമിനി ആപ്പ്. ഈ സഹകരണത്തിലൂടെ ഉപയോക്താക്കൾക്ക് ജെമിനി ആപ്പിനുള്ളിൽ തന്നെ ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ഉടൻ ലഭ്യമാകും.

Add Asianetnews as a Preferred SourcegooglePreferred

ക്യാപ്‌കട്ട് എഡിറ്റിംഗ് ടൂളുകൾ

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് വഴി ക്യാപ്‌കട്ട് നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിലാണ് ഈ പുതിയ സഹകരണം വ്യക്തമാക്കിയത്. വളരെ പെട്ടെന്ന് ജെമിനി ഉപയോക്താക്കൾക്ക് ക്യാപ്‌കട്ടിന്‍റെ ക്രിയേറ്റീവ് എഡിറ്റിംഗ് ടൂളുകൾ ആക്‌സസ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ, എഐ അധിഷ്‌ഠിത സംഭാഷണ ഇന്‍റർഫേസിനുള്ളിൽ തന്നെ കോണ്ടന്‍റ് ക്രിയേഷൻ കൂടുതൽ ലളിതവും ഏകോപിതവുമായ രീതിയിലേക്കാണ് മാറുന്നത്.

ഈ പുതിയ ഇന്‍റഗ്രേഷൻ വഴി, ഉപയോക്താക്കൾക്ക് ചിത്രങ്ങൾ സൃഷ്‌ടിക്കാനും, അവ മാറ്റങ്ങളോടെ മെച്ചപ്പെടുത്താനും, വീഡിയോകൾ എഡിറ്റ് ചെയ്യാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാപ്‌കട്ട് ഇതിനകം തന്നെ നിരവധി എഐ അധിഷ്‍ഠിത ടൂളുകൾ വാഗ്‌ദാനം ചെയ്യുന്നു. അതിൽ ഓട്ടോമാറ്റിക് വീഡിയോ എഡിറ്റിംഗ്, എഐ ഇമേജ് ജനറേഷൻ, റെഡി-മെയ്‌ഡ് ടെംപ്ലേറ്റുകൾ, വിവിധ ദൃശ്യ എഫക്റ്റുകൾ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ എഐ സാങ്കേതികവിദ്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ക്യാപ്‌കട്ട് തങ്ങളുടെ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഈ സഹകരണം ക്യാപ്‌കട്ടും ഗൂഗിളും തമ്മിലുള്ള ആദ്യത്തെ കൂട്ടായ്‌മയല്ല. 2025 അവസാനത്തോടെ, ഗൂഗിൾ ഫോട്ടോസ് തന്‍റെ വാർഷിക ഫോട്ടോ റിക്യാപ് ഫീച്ചറിനുള്ളിൽ എഡിറ്റ് വിത്ത് ക്യാപ്‍കട്ട് എന്ന ഷോർട്ട്കട്ട് അവതരിപ്പിച്ചിരുന്നു. അതിലൂടെ ഉപയോക്താക്കൾക്ക് ഗൂഗിൾ ഫോട്ടോസിൽ നിന്നുള്ള ചിത്രങ്ങൾ നേരിട്ട് ക്യാപ്‌കട്ടിലേക്ക് എക്സ്പോർട്ട് ചെയ്യാൻ സാധിച്ചിരുന്നു. പുതിയ ജെമിനി ഇന്‍റഗ്രേഷൻ, ഈ ബന്ധം കൂടുതൽ ശക്തമാക്കുകയും ഗൂഗിളിന്‍റെ എഐ ഇക്കോസിസ്റ്റത്തിൽ സൃഷ്‍ടിപരമായ ടൂളുകൾ സമഗ്രമാക്കുകയും ചെയ്യുന്നു. ഇതുവഴി ഉപയോക്താക്കൾക്ക് ഒരു ആപ്പിൽ നിന്നു മറ്റൊന്നിലേക്ക് മാറാതെ തന്നെ കോണ്ടന്‍റ് നിർമ്മാണം നടത്താൻ കഴിയുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്.

ഇതുവരെ ഈ ഫീച്ചറിന്‍റെ ഔദ്യോഗിക റിലീസ് തീയതി ഗൂഗിളും ക്യാപ്‌കട്ടും സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, ഈ എഡിറ്റിംഗ് ടൂളുകളുടെ മുഴുവൻ ആക്‌സസ് ലഭിക്കാൻ ഉപയോക്താക്കൾക്ക് സബ്‍സ്‍ക്രിപ്ഷൻ ആവശ്യമായിരിക്കുമോ എന്നതും വ്യക്തമല്ല. ഈ നീക്കം, സംഭാഷണാധിഷ്‍ഠിത എഐ പ്ലാറ്റ്ഫോമുകൾ ക്രിയേറ്റീവ് എഡിറ്റിംഗ് ടൂളുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന പുതിയ ട്രെൻഡിലേക്ക് ജെമിനിയെ കൂടുതൽ അടുപ്പിക്കുന്നു. ഇതോടെ എഐ അധിഷ്‍ഠിത കോണ്ടന്‍റ് ക്രിയേഷൻ മേഖലയിൽ ഗൂഗിൾ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News