കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് കേംബ്രിഡ്ജ് അനലിറ്റിക്കക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും എതിരേ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. 

ദില്ലി: ആഗോളതലത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന വിവാദത്തില്‍ ഫേസ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കക്കും സിബിഐ നോട്ടീസയച്ചു. ബ്രിട്ടന്‍ ആസ്ഥാനമായ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാരെക്കുറിച്ച് ചോര്‍ത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ നല്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ് അയച്ചിരിക്കുന്നത്.

കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്ന് കേംബ്രിഡ്ജ് അനലിറ്റിക്കക്കും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനും എതിരേ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. വിശദമായ അന്വേണത്തിന്റെ ആദ്യപടിയായിരുന്നു ഇതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ചിനെ ഉപയോഗപ്പെടുത്തി ഫേസ്ബുക്കിലൂടെ കേംബ്രിഡ്ജ് അനലിറ്റിക്ക 5,62,455 ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

ഫേസ്ബുക്കിന് ഇന്ത്യയില്‍ ഇരുപത് കോടിയിലധികം ഉപയോക്താക്കള്‍ ഉണ്ടെന്നാണ് വിവരം. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് മാസങ്ങള്‍ക്ക് മുമ്പ് രാജ്യസഭയില്‍ അറിയിച്ചിരുന്നു.