ബെംഗലൂരൂ: മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഗഗന്‍യാന്‍ പദ്ധതിയ്ക്ക് 10,000 കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രി സഭ. പദ്ധതിയിലൂടെ മൂന്ന് ശാസ്ത്രജ്ഞന്മാരെ ഇന്ത്യ ബഹിരാകാശത്തെത്തിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇവർ 7 ദിവസം വരെ ബഹിരാകാശത്ത് തങ്ങുമെന്നും മന്ത്രി വിശദമാക്കി. 2022 ഓടെ പദ്ധതി നിലവിൽ വരുമെന്നാണ് സൂചനകള്‍.  

ജി എസ്‌ എല്‍ വി മാര്‍ക്‌ 3 റോക്കറ്റുകളുടെ സഹായത്തോടെ രണ്ട്‌ ആളില്ലാത്ത ബഹിരാകാശ യാത്രകള്‍ക്കു ശേഷമായിരിക്കും നടപടി. മൂന്നു പേരുടെ മൊഡ്യൂളുകള്‍ ഉള്‍പ്പെടുന്ന പേടകം ഭൂമിയില്‍നിന്ന്‌ 300-400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. 40 മാസത്തിനുള്ളില്‍ ആളില്ലാത്ത ആദ്യ ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. ഏഴു ദിവസംവരെ അവിടെ തങ്ങിയശേഷം പേടകം വിജയകരമായി കടലില്‍ ഇറക്കാനാണു മിഷന്‍ ഗംഗന്‍യാനിലൂടെ ഉദ്ദേശിക്കുന്നത്. ദൗത്യത്തിനു വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ വ്യോമസേനയും ഐ എസ്‌ ആര്‍ഒയും ചേര്‍ന്നു തെരഞ്ഞെടുക്കുമെന്നും മന്ത്രി പറഞ്ഞു.
 
ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ല്‍ ഗഗന്‍യാന്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദൗത്യം വിജയകരമായാല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാകും ഇന്ത്യ. യു എസ്‌ എ, റഷ്യ, ചൈന എന്നിവയാണ് മറ്റ് രാജ്യങ്ങൾ.