ഓപ്പണ്‍എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി 2,400 വര്‍ഷം പഴക്കമുള്ള ഗണിതപ്രശ്‌നം പരിഹരിക്കാന്‍ പാടുപെട്ടതായി ഗവേഷകര്‍. ചാറ്റ്ജിപിടി -4 ആണ് ഈ പ്രശ്‌നം നേരിട്ടത്. പ്ലേറ്റോയുടെ “doubling the square” എന്ന പ്രശ്‍നമാണ് ചാറ്റ്ജിപിടി-4നെ കുഴക്കിയത്.

കേംബ്രിഡ്‍ജ്: ഓപ്പൺഎഐയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ചാറ്റ്ബോട്ടായ ചാറ്റ്‍ജിപിടി ഗണിതശാസ്ത്ര കണക്കുകൂട്ടലുകൾക്ക് ആളുകള്‍ ഉപയോഗിക്കാറുണ്ട്. ആ ചാറ്റ്‍ജിപിടിക്ക് പോലും ചില കണക്കുകൂട്ടലുകൾ നടത്താൻ പ്രയാസമുണ്ട് എന്നാണ് പുതിയ ചില പഠനങ്ങൾ തെളിയിക്കുന്നത്. 2,300 വർഷം പഴക്കമുള്ള ഒരു ഗണിതശാസ്ത്ര പസിൽ പരിഹരിക്കാൻ ചാറ്റ്ജിപിടി-4 പാടുപെടുന്നതായി കേംബ്രിഡ്‍ജ് സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ കണ്ടെത്തി. ഏറ്റവും പഴയ ഗണിതശാസ്ത്ര വാദങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പ്ലേറ്റോയുടെ “doubling the square” എന്ന പ്രശ്‍നമാണ് ചാറ്റ്ജിപിടി-4നെ കുഴക്കിയത് എന്നാണ് റിപ്പോർട്ടുകൾ. 

ഉത്തരമില്ലാതെ ചാറ്റ്ജിപിടി

ചാറ്റ്ജിപിടി പഴയ ഉത്തരങ്ങൾ ആവർത്തിക്കുകയോ ഒരു പ്രശ്‌നം പരിഹരിക്കാൻ പുതിയ വഴികൾ കണ്ടെത്തുകയോ ചെയ്യുമെന്ന് ഗവേഷകർ നിരീക്ഷിച്ചു. പ്ലേറ്റോയുടെ കാലത്തെ ജ്യാമിതീയ രീതിക്ക് പകരം, ചാറ്റ്ജിപിടി-4 ഒരു ആധുനിക ബീജഗണിത സമീപനമാണ് സ്വീകരിച്ചത്. ഒരു ദീർഘചതുരത്തിന്‍റെയോ ത്രികോണത്തിന്‍റെയോ വിസ്‌തീർണ്ണം ഇരട്ടിയാക്കുന്നത് പോലുള്ള ചോദ്യത്തിന്‍റെ വ്യത്യസ്‌ത വ്യതിയാനങ്ങളും ചാറ്റ്ജിപിടിക്ക് മുന്നിൽ ഗവേഷകരുടെ സംഘം അവതരിപ്പിച്ചു. ഈ സന്ദർഭങ്ങളിൽ, മോഡൽ കൂടുതൽ ആശയക്കുഴപ്പത്തിലാകുകയും പലപ്പോഴും തെറ്റായതോ പൊരുത്തമില്ലാത്തതോ ആയ ഉത്തരങ്ങൾ നൽകുകയും ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്‌തു.

മനുഷ്യനെ പോലെ ചിന്തിക്കാതെ…

ചാറ്റ്ജിപിടി മനുഷ്യരെപ്പോലെ ചിന്തിക്കുന്നില്ല എന്നും മറിച്ച് പാറ്റേൺ തിരിച്ചറിയലിനെ അടിസ്ഥാനമാക്കി ഉത്തരങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നതെന്നും ഈ പഠന ഫലങ്ങൾ കാണിക്കുന്നു. അതിനാൽ അധ്യാപകരും വിദ്യാർഥികളും എഐ നല്‍കുന്ന ഉത്തരങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കണമെന്നും, എഐയുടെ പരിമിതികൾ മനസിലാക്കണമെന്നും ഗവേഷകർ പറയുന്നു. വിദ്യാർഥികൾക്ക് പാഠ്യമേഖലയില്‍ എഐ എങ്ങനെ ഫലപ്രദവും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാമെന്നും തുടര്‍ പഠനങ്ങളിലൂടെ വ്യക്തമാവുമെന്ന പ്രതീക്ഷയും ഗവേഷകര്‍ പങ്കുവെക്കുന്നു. ഒരിക്കലും അറിവിനും ഉത്തരങ്ങള്‍ക്കുമായി എഐ ചാറ്റ്‌ബോട്ടുകളെ പൂര്‍ണമായും ആശ്രയിക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പഠനം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming