ചാറ്റ്‌ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെന്‍റും നടത്താം. ചാറ്റ്‌ബോട്ടില്‍ ഉപയോക്താവിന് വേണ്ടി പേയ്‌മെന്‍റ് പൂർത്തിയാക്കാൻ കഴിയുന്ന ‘ഏജന്‍റിക് പേയ്‌മെന്‍റ്’ എന്ന സംവിധാനം അവതരിപ്പിക്കുകയാണ് ഓപ്പണ്‍എഐയും എന്‍പിസിഐയും റേസർപേയും

ദില്ലി: പ്രമുഖ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയിലൂടെ ഇനി യുപിഐ പേയ്മെന്‍റും നടത്താം. ചാറ്റ്‌ബോട്ടില്‍ ഉപയോക്താവിന് വേണ്ടി പേയ്‌മെന്‍റ് പൂർത്തിയാക്കാൻ കഴിയുന്ന ‘ഏജന്‍റിക് പേയ്‌മെന്‍റ്’ (Agentic Payment) എന്ന സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓപ്പൺഎഐ. ഇതിന്‍റെ ഭാഗമായി നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI), റേസർപേ (Razorpay) എന്നിവരുമായി ഓപ്പൺഎഐ കരാറിലെത്തി. ഈ പുതിയ സവിശേഷത ഉപയോക്താക്കൾക്ക് ചാറ്റ് ആപ്പ് വിടാതെ തന്നെ പേയ്‌മെന്‍റുകള്‍ പൂർത്തിയാക്കാൻ സൗകര്യമൊരുക്കുന്നു.

ചാറ്റ്‌ജിപിടിയിലും യുപിഐ

ചാറ്റ്ജിപിടിയുമായി സംസാരിച്ച് ആപ്പിനുള്ളിൽ വച്ച് തന്നെ പർച്ചേസുകൾ പൂർത്തിയാക്കി ഓർഡർ ചെയ്‌ത് പണമടയ്ക്കാൻ കഴിയുന്ന തരത്തിലാണ് ഈ സാങ്കേതികവിദ്യയുടെ രൂപകല്‍പന. ഇതിലൂടെ വളരെ സുരക്ഷിതമായി യുപിഐ പേയ്മെന്‍റുകൾ നടത്താൻ കഴിയുമെന്ന് രണ്ട് കമ്പനികളും അറിയിച്ചു. പൈലറ്റ് ഘട്ടത്തിലെ ബാങ്കിംഗ് പങ്കാളികളിൽ ആക്‌സിസ് ബാങ്ക്, എയർടെൽ പേയ്‌മെന്‍റ്സ് ബാങ്ക് എന്നിവ ഉൾപ്പെടുന്നു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌കറ്റ് ആണ്, ഈ എഐ അധിഷ്‌ഠിത ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്ന ആദ്യത്തെ പ്ലാറ്റ്‌ഫോമുകളിലൊന്ന്.

ചാറ്റ്‌ജിപിടി വഴി ഷോപ്പിംഗും പേയ്‌മെന്‍റും

കമ്പനികൾ പങ്കുവെച്ച ഉദാഹരണമനുസരിച്ച്, ഉപയോക്താവിന് പര്‍ച്ചേസുകള്‍ക്കായി ചാറ്റ്‌ജിപിടിയോട് സഹായം ആവശ്യപ്പെടാൻ കഴിയും. തുടർന്ന് ചാറ്റ്‌ബോട്ട് ബിഗ് ബാസ്‌കറ്റ് കാറ്റലോഗ് പരിശോധിക്കുകയും ഉൽപ്പന്ന ഓപ്ഷനുകൾ ഉപയോക്താവിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. ഉപയോക്താവ് ഇതിന് സ്ഥിരീകരണം നൽകിക്കഴിഞ്ഞാൽ, റേസർപേയുടെ പേയ്‌മെന്‍റ് സ്റ്റാക്ക് വഴി ഓർഡർ നൽകപ്പെടും. ഈ അനുഭവം പൂർണ്ണമായും ഉപയോക്താവിന്‍റെ നിയന്ത്രണത്തിലായിരിക്കും. ഓർഡർ തത്സമയം ട്രാക്ക് ചെയ്യാനും, ആവശ്യമെങ്കിൽ തൽക്ഷണം റദ്ദാക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.

യുപിഐ വഴി വ്യക്തിഗതമാക്കിയതും സുരക്ഷിതവുമായ എഐ ഷോപ്പിംഗ് അനുഭവം എങ്ങനെ കൊണ്ടുവരാമെന്ന് വിലയിരുത്തിക്കൊണ്ട്, എഐ-അധിഷ്‌ഠിത പേയ്‌മെന്‍റ് ഉപയോഗ കേസുകൾ റേസർപേ, എന്‍പിസിഐ, ഓപ്പണ്‍എഐ എന്നിവരും ചേർന്ന് പര്യവേക്ഷണം ചെയ്യും. ഭാവിയിൽ, എഐ ഏജന്‍റുമാർക്ക് ഉപയോക്താക്കൾക്ക് വേണ്ടി സുരക്ഷിതമായും, നിയന്ത്രിത രീതിയിലും ഇടപാടുകൾ സ്വയം പൂർത്തിയാക്കാൻ പേയ്‌മെന്‍റ് ക്രെഡൻഷ്യലുകൾ നൽകിയേക്കാമെന്നും അവർ അഭിപ്രായപ്പെട്ടു.

ഓപ്പണ്‍എഐയുടെ പ്രതികരണം 

പൈലറ്റ് സവിശേഷതയോട് പ്രതികരിച്ചുകൊണ്ട് ഓപ്പണ്‍എഐയുടെ ഇന്‍റർനാഷണൽ സ്ട്രാറ്റജി മാനേജിംഗ് ഡയറക്‌ടർ ഒലിവർ ജയ് പറഞ്ഞത്, “ഉൽപ്പന്നങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിൽ നിന്ന്, അവ വാങ്ങാൻ സഹായിക്കുന്നതിലേക്ക് എഐ ഇപ്പോൾ വികസിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്താന്‍ ഉത്പന്നങ്ങളുടെ വിൽപ്പനക്കാരെയും ഇത് സഹായിക്കുന്നു”- എന്നാണ് ഒലിവറിന്‍റെ പ്രതികരണം. നൂതന എഐയെ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ തത്സമയ പേയ്‌മെന്‍റ് നെറ്റ്‌വർക്കുകളിലൊന്നായ യുപിഐയുമായി സംയോജിപ്പിക്കാനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിൽ തങ്ങൾക്ക് ആവേശമുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

ഈ ഫീച്ചർ എപ്പോൾ എല്ലാവർക്കുമായി സ്ഥിരമായി അവതരിപ്പിക്കുമെന്നതിനെ കുറിച്ച് കമ്പനികൾ സൂചനയൊന്നും നൽകിയിട്ടില്ല. കൂടാതെ, ഇത് പണം നൽകി ഉപയോഗിക്കുന്ന ചാറ്റ്‌ജിപിടി അംഗങ്ങൾക്ക് (എഐ ഏജന്‍റിലേക്ക് പ്രവേശനമുള്ളവർക്ക്) മാത്രമായിരിക്കുമോ അതോ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമോ എന്നും വ്യക്തമല്ല.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്