ചൈന വികസിപ്പിച്ച 'മൈക്രോ' ഡ്രോൺ രഹസ്യ നിരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമോ എന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു

ലോകമെമ്പാടും യുദ്ധ ഭീതി നിലനിൽക്കുന്നതിനിടെ അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുകയാണ് ചൈന. സൈന്യത്തെ ശക്തിപ്പെടുത്താൻ ചൈനയിലെ ശാസ്ത്രജ്ഞരും മുൻകൈയെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ ചൈനീസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു ഡ്രോൺ ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നു. ഈ ഡ്രോണിന് ഒരു കൊതുകിന്‍റെ വലിപ്പം മാത്രമാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ഈ 'മൈക്രോ' ഡ്രോൺ വിജയകരമായി പരീക്ഷിച്ചു എന്നും ഉടൻ ചൈനീസ് സൈന്യത്തിന്‍റെ ഭാഗമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ (NUDT) ഒരു റോബോട്ടിക്സ് ലബോറട്ടറിയാണ് മൈക്രോ ഡ്രോൺ വികസിപ്പിച്ചെടുത്തത്. സൈനിക, പ്രതിരോധ ആവശ്യങ്ങൾക്ക് പുറമെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ചെറുതും ഒതുക്കമുള്ളതുമായ ഡ്രോണുകളാണ് മൈക്രോ ഡ്രോണുകൾ.

ഏറ്റവും പുതിയ മൈക്രോ ഡ്രോണിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന സെൻട്രൽ ടെലിവിഷന്‍റെ സിസിടിവി ചാനലിൽ പ്രദർശിപ്പിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ചെറിയ ചിറകുകളുള്ള ഒരു ആകാശ വാഹനത്തെയാണ് വീഡിയോയിൽ കാണിക്കുന്നത്. രണ്ട് ചിറകുകളും ഒരു ക്യാമറ സജ്ജീകരണവും ഒരു ബാറ്ററിയും ഒരു ആന്‍റിനയും ഈ ഡ്രോണിനുണ്ട്. ഈ രണ്ട് ചിറകുകളും ഒരു അരികിൽ നിന്ന് മെഷീനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതോടൊപ്പം, മനുഷ്യന്‍റെ മുടിക്ക് തുല്യമായ മൂന്ന് കാലുകളും ഇതിൽ നൽകിയിട്ടുണ്ട്. ഒരു സ്‍മാർട്ട്‌ഫോൺ ഉപയോഗിച്ചായിരുന്നു ഇത് നിയന്ത്രിച്ചിരുന്നത്. ഏകദേശം 1.3 സെന്‍റീമീറ്റർ നീളമുള്ള ഒരു കൊതുകിന് തുല്യമായിരുന്നു അത്.

Scroll to load tweet…

രഹസ്യ സൈനിക പ്രവർത്തനങ്ങൾക്ക് ഇത്തരം മിനിയേച്ചർ ഡ്രോണുകൾ നിർണായകമാണ്. കാരണം അവ എളുപ്പത്തിൽ കണ്ടെത്താതെ തന്നെ നിരീക്ഷണത്തിനോ രഹസ്യാന്വേഷണ ദൗത്യങ്ങൾക്കോ ഉപയോഗിക്കാം. അപകടഘട്ടങ്ങളിൽ അതിജീവിച്ചവരെ കണ്ടെത്താൻ അവയ്ക്ക് അവശിഷ്‍ടങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കാൻ സാധിക്കും. വായുവിന്‍റെ ഗുണനിലവാരം അല്ലെങ്കിൽ ജലത്തിന്‍റെ ഗുണനിലവാരം പോലുള്ള പാരിസ്ഥിതിക സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിന് മൈക്രോഡ്രോണുകളിൽ സെൻസറുകൾ സജ്ജീകരിക്കാൻ കഴിയും.

ഈ മൈക്രോഡ്രോണുകൾക്ക് പരിമിതമായ പേലോഡ് ശേഷി മാത്രമേയുള്ളൂ. അവയ്ക്ക് വഹിക്കാൻ കഴിയുന്ന സെൻസറുകളുടെയോ ഉപകരണങ്ങളുടെയും കാര്യത്തില്‍ ചില വെല്ലുവിളികൾ ഉണ്ട്. ബാറ്ററികൾ ചെറുതായതിനാൽ സാധാരണയായി അവയ്ക്ക് പറക്കൽ സമയം കുറവാണ്. എങ്കിലും ബാറ്ററി ലൈഫ്, സെൻസർ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) എന്നിവയിലെ മെച്ചപ്പെടുത്തലുകൾ മൈക്രോഡ്രോണുകളുടെ കഴിവുകൾ വർധിപ്പിക്കാം.

Asianet News Live | Malayalam News Live | Kerala News Live | Axiom Mission 4 Docking