സെര്‍വറുകളുടെ അകത്ത് നേര്‍ത്ത പെന്‍സിലിന്‍റെയോ ധാന്യമണിയുടേയോ വലിപ്പമുള്ള ചെറുചിപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നതായാണ് ബ്ലൂംബെര്‍ഗ് വ്യക്തമാക്കിയിരിക്കുന്നത്

വാഷിങ്ടണ്‍: ആപ്പിള്‍, ആമസോണ്‍ അടക്കമുള്ള ആഗോള ടെക് കമ്പനികളുടെ ഉപകരണങ്ങളില്‍ ചൈന രഹസ്യമായി മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ചതായി വെളിപ്പെടുത്തല്‍. അമേരിക്കയിലുമായുള്ള വ്യാപാരക്കരാര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ചൈനീസ് ഭരണകൂടത്തിന്‍റെ അറിവോടെ ഇത്തരം സൈബര്‍ ചാരപ്രവര്‍ത്തനം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബ്ലൂബര്‍ഗ്ഗ് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തെ ഒട്ടുമിക്ക കമ്പനികളും ചൈനയില്‍ നിന്നുമാണ് തങ്ങളുടെ ഗാഡ്ജറ്റ് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്നത്. ഈ സെര്‍വറുകളുടെ അകത്ത് നേര്‍ത്ത പെന്‍സിലിന്‍റെയോ ധാന്യമണിയുടേയോ വലിപ്പമുള്ള ചെറുചിപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നതായാണ് ബ്ലൂംബെര്‍ഗ് വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ ബാധിക്കപ്പെട്ട് കമ്പനിയുടെ സെര്‍വറുകളാണ് യുഎസ് സര്‍ക്കാറിന്‍റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് ഡാറ്റാ സെന്റേഴ്‌സ്, നേവി വാര്‍ഷിപ്പ്, സിഐഎയുടെ ഡ്രോണ്‍ ഓപറേഷന്‍സ് എന്നിവ ഉപയോഗിക്കുന്നതെന്നും ബ്ലൂംബര്‍ഗ്ഗ് പറയുന്നു.

ചിപ്പ് ഘടിപ്പിക്കുന്നത് ഇങ്ങനെ

ILLUSTRATOR: SCOTT GELBER FOR BLOOMBERG BUSINESSWEEK

പേരുവെളിപ്പെടുത്താത്ത 17 സ്രോതസില്‍ നിന്നുമാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നതെന്ന് ലേഖത്തില്‍ വ്യക്തമാക്കുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയുടെ കംപ്യൂട്ടര്‍ ഹാര്‍ഡ്വെയറുകള്‍ ഹാക്ക് ചെയ്യാന്‍ പ്രത്യേക പരിശീലനം നടത്തിയ വിഭാഗമാണ് ചിപ്പുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ചിപ്പുകള്‍ ഘടിപ്പിക്കപ്പെട്ട മദര്‍ബോര്‍ഡില്‍ നിന്നും മറ്റുരാജ്യങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനും സെര്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുവാനും ഇവര്‍ക്ക് സാധിക്കും. റിപ്പോര്‍ട്ട് വിശ്വസനീയമാണെന്ന് കഴിഞ്ഞദിവസം വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.