ബെംഗളൂരുവിലെ 22 വയസ്സുകാരനായ എഐ ഗവേഷകൻ ആദിത്യ എസ്. കൊളാവി തന്റെ കഴിഞ്ഞ ഒരു വർഷത്തെ അതിശയകരമായ നേട്ടങ്ങൾ പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ​ആപ്പിളിൽ മെഷീൻ ലേണിംഗ് ഇന്റേൺഷിപ്പ് പൂർത്തിയാക്കി.

ടെക് ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു യുവാവാണ് 22-കാരനായ ആദിത്യ എസ്. കൊളാവി. ലോകത്തിലെ മുൻനിര ടെക് ഭീമന്മാരായ ആപ്പിൾ, മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങിയ സ്ഥാപനങ്ങളിലെ ഇന്റേൺഷിപ്പുകളും, നിർണായക ഗവേഷണ നേട്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ആദിത്യ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച "ഒരു വർഷത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യാത്രയാണ് സമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പുതുതലമുറയിലെ ഏറ്റവും പ്രചോദനാത്മകമായ എഐ യാത്രകളിൽ ഒന്നായാണ് ടെക് സമൂഹം ഇതിനെ വിശേഷിപ്പിക്കുന്നത്.

തന്റെ 22-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ആദിത്യ ഈ നേട്ടങ്ങൾ കോർത്തിണക്കിയ പോസ്റ്റ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ 22-കാരൻ സ്വന്തമാക്കിയ നേട്ടങ്ങൾ ഏതൊരാളെയും വിസ്മയിപ്പിക്കും. ആദിത്യയുടെ എഐ യാത്ര ആരംഭിക്കുന്നത് ആപ്പിളിലെ മെഷീൻ ലേണിംഗ് ഇന്റേൺഷിപ്പോടെയാണ്. അവിടെ മുതിർന്ന എഞ്ചിനീയർമാർക്കൊപ്പം പ്രവർത്തിച്ച ആദിത്യ തന്റെ സാങ്കേതിക കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്ന നിരവധി പ്രോജക്റ്റുകളിൽ പങ്കാളിയായി. 

തുടർന്ന്, മൈക്രോസോഫ്റ്റ് റിസർച്ചിൽ ചേർന്ന ആദിത്യ, ഏജന്റിക് മെമ്മറിയെക്കുറിച്ചുള്ള അത്യാധുനിക ഗവേഷണ പ്രവർത്തനങ്ങൾക്ക് നിർണായക സംഭാവന നൽകി. ഇതിലെല്ലാം ഏറ്റവും ശ്രദ്ധേയമായ നാഴികക്കല്ല് മെറ്റാ പ്ലാറ്റ്‌ഫോമിൽ നിന്നുള്ളതാണ്. സ്വന്തമായി സ്ഥാപിച്ച 'കോഗ്നിറ്റീവ്ലോബ്' എന്ന സ്റ്റാർട്ടപ്പിൽ ഫ്രോണ്ടിയർ ലെവൽ എഐ മോഡലുകൾ നിർമ്മിക്കുന്നതിനായി ആറ് അക്ക യുഎസ് ഡോളർ മൂല്യമുള്ള LLaMA ഇംപാക്ട് ഗ്രാന്റ് (six-figure USD LLaMA Impact Grant) കരസ്ഥമാക്കാൻ ആദിത്യയ്ക്ക് സാധിച്ചു.

ഗവേഷണ രംഗത്തും ഓപ്പൺ സോഴ്‌സ് ലോകത്തും

സ്ഥാപിത കമ്പനികളിലെ പ്രവർത്തനങ്ങൾക്കപ്പുറം, ഗവേഷണ രംഗത്തും ഓപ്പൺ സോഴ്‌സ് പ്രോജക്റ്റുകളിലും ആദിത്യ തന്റെ കഴിവ് തെളിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ, ആദിത്യ അഞ്ച് ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. AAAI, NAACL, CVPR, ICCV, NeurIPS വർക്ക്‌ഷോപ്പുകൾ പോലുള്ള ലോകോത്തര അക്കാദമിക് വേദികളിലാണ് ഈ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ഏജന്റിക് സിസ്റ്റങ്ങൾ, മൾട്ടിമോഡൽ മൾട്ടിലിംഗ്വൽ മോഡലുകൾ, വലിയ തോതിലുള്ള ഡാറ്റാ സിന്തസിസ് തുടങ്ങിയ വിഷയങ്ങളായിരുന്നു ഈ ഗവേഷണങ്ങളുടെയെല്ലാം അടിസ്ഥാനം.

ആദിത്യയുടെ ഓപ്പൺ സോഴ്‌സ് പ്രവർത്തനങ്ങളും ടെക് സമൂഹത്തിൽ വലിയ സ്വീകാര്യത നേടി. പ്രോജക്റ്റുകൾക്ക് 10,000-ത്തിലധികം GitHub സ്റ്റാറുകൾ ലഭിച്ചു. ഇതിൽ ആദിത്യ വികസിപ്പിച്ചെടുത്ത ജനപ്രിയ ടൂളായ GitVizz, Vercel ഓപ്പൺ സോഴ്‌സ് സ്‌പോൺസർഷിപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പുതിയ പ്രോജക്റ്റുകളും ഹാക്കത്തോൺ വിജയങ്ങളും

'വൈബ്മോഷൻ' എന്ന 'മോഷൻ-ഗ്രാഫിക്സ് ടൂളും' ആദിത്യയുടെ ശ്രദ്ധേയമായ മറ്റൊരു പ്രോജക്റ്റാണ്. ഇത് 200k-ൽ അധികം ആളുകളിലേക്ക് എത്തുകയും കാഴ്ചക്കാരെ നേടുകയും ചെയ്തു. കൂടാതെ, ElevenLabs ഗ്ലോബൽ ഹാക്കത്തോൺ, 100xEngineers നാഷണൽ എഐ ഹാക്കത്തോൺ എന്നിവയുൾപ്പെടെ മൂന്ന് പ്രധാന ഹാക്കത്തോണുകളിൽ ആദിത്യ വിജയിയായി. ബെംഗളൂരുവിലെ പി.ഇ.എസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.ടെക് ബിരുദം നേടിയ ആദിത്യ, തന്റെ അസാധാരണ നേട്ടങ്ങളിലൂടെ ടെക് ലോകത്തെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ദി ഇക്കണോമിക് ടൈംസ്, എം.ഐ.ടി ടെക്നോളജി റിവ്യൂ, അനലിറ്റിക്‌സ് ഇന്ത്യ മാഗസിൻ തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ ആദിത്യയുടെ അഭിമുഖങ്ങളും നേട്ടങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഇടം നേടി.