Asianet News MalayalamAsianet News Malayalam

ചൈനീസ് ആപ്പ് നിരോധനം: ഇനിയെന്ത്?

പൂട്ട് വീണവയില്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ മുതല്‍ ആരും അധികം അറിയാത്ത, ഉപയോഗിക്കാത്ത കുഞ്ഞനാപ്പുകള്‍ വരെയുണ്ട്.

Chinese Apps banned by Indian Govt what is next
Author
Delhi, First Published Jul 1, 2020, 1:29 PM IST

'ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീക്കത്തിന്റെ ജയപരാജയ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് നിരോധിക്കപ്പെട്ടവ എന്തൊക്കെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്'. അരുണ്‍ രാജ് എഴുതുന്നു...

30 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കാന്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാജ്യ സുരക്ഷയ്ക്കും അപകടകരമായ 59 ആപ്പുകളെ നിരോധിക്കുന്നുവെന്നാണ്  കേന്ദ്ര വിവര സാങ്കേതിക വകുപ്പ് പറഞ്ഞത്. പൂട്ട് വീണവയില്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ മുതല്‍ ആരും അധികം അറിയാത്ത, ഉപയോഗിക്കാത്ത കുഞ്ഞനാപ്പുകള്‍ വരെയുണ്ട്. നേരത്തെ അന്താരാഷ്ട്ര തലത്തില്‍തന്നെ സ്വകാര്യത ലംഘനത്തിന് നടപടിയും വിമര്‍ശനവും നേരിട്ട ആപ്പുകളും അവയിലുണ്ട്. ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന നീക്കത്തിന്റെ ജയപരാജയ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് നിരോധിക്കപ്പെട്ടവയെന്തൊക്കെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ആപ്പുകളിലെ എറ്റവും പ്രധാനി ടിക് ടോക് തന്നെ. രണ്ടാമന്‍ ഹലോ. വ്യത്യസ്തമായ ശൈലി പിന്തുടരുന്ന രണ്ട് സാമൂഹ്യ മാധ്യമങ്ങളുടെയും മാതൃ കമ്പനി ചൈന ആസ്ഥാനമായ ബൈറ്റ് ഡാന്‍സ്. ആദ്യം ഒരല്‍പ്പം ചരിത്രം നോക്കാം. 2016 സെപ്റ്റംബറില്‍ ഡൗയിന്‍ എന്ന പേരിലാണ് ടിക് ടോക്കിന്റെ ജനനം. ചൈനക്ക് പുറത്തേക്കുള്ള പടയോട്ടത്തിനായി പേര് മാറി ടിക് ടോക്കായി. ഷാങഹായ് അധിഷ്ഠിതമായ മ്യൂസിക്കലിയെ ഏറ്റെടുത്ത് കൊണ്ടാണ് ഇന്ത്യയിലും അമേരിക്കയിലും ടിക് ടോക് ചുവടുറപ്പിച്ചത്, 2017 നവംമ്പര്‍ 9നായിരുന്നു ആ വിഴുങ്ങല്‍,

ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറിനായിരുന്നു ഏറ്റെടുക്കലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ആപ്പുകളുടെയും ഡാറ്റ ബേസ് സംയോജിപ്പിച്ചു അതോടെ അക്കൗണ്ടുകളെല്ലാം ടിക് ടോക് എന്ന ഒറ്റ ആപ്പിലേക്ക് കേന്ദ്രീകരിച്ചു. 2018ല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി മാറി ടിക് ടോക്. ഇപ്പോള്‍ ലോകത്ത് എമ്പാടും 150 രാജ്യങ്ങളിലായി 75 ഭാഷകളില്‍ ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയെന്ന മാര്‍ക്കറ്റ് നഷ്ടപ്പെടുന്നത് ടിക്ക് ടോക്കിന് ഒരു അടി തന്നെയാണ് എന്നാല്‍ ബൈറ്റ് ഡാന്‍സെന്ന വമ്പന്റെ ലാഭ കണക്കുകളില്‍ ഇത് എന്ത് ആഘാതമാണ് ഉണ്ടാക്കുകയെന്നത് ഒന്ന് കൂടി വിശകലന വിധേയമാക്കേണ്ടതാണ്.

സുന്ദരന്‍മാരും സുന്ദരിമാരും ഹിറ്റ് പാട്ടുകള്‍ക്കും ഡയലോഗുകള്‍ക്ക് ചുണ്ടനക്കി അഭിനയിക്കുന്ന പഴയ ഡബ്‌സ്മാഷിന്റെ വേറൊരു രൂപമെന്നായിരുന്നു ആദ്യം ടിക്‌ ടോക്കിനെക്കുറിച്ചുള്ള ധാരണയെങ്കിലും അത് അതിവേഗം പൊളിച്ചെഴുതപ്പെട്ടു. കൗമാരക്കാരുടെ സ്വകേന്ദ്രീകൃത സൗന്ദര്യ ബോധത്തെയും അടിച്ചുപൊളി മനോഭാവത്തെയും ചൂഷണം ചെയ്യുന്ന വെറും ഒരു ചൈനീസ് ആപ്പെന്ന് കരുതിയാലും ലളിതവല്‍ക്കരണം ആവും. ഇത്തരം ദൗര്‍ബല്യങ്ങളെയെല്ലാം ചൂഷണം ചെയ്തും മുതലെടുത്തും കൊണ്ടായിരുന്നും തുടക്കമെങ്കിലും  ഒരു പുത്തന്‍ ബിസിനസ് മോഡലലിലേക്ക് ടിക് ടോക് കടന്നിട്ടുണ്ട്.

ടിക് ടോക് ഫോര്‍ സയന്‍സ്, ടിക് ടോക് ഫോര്‍ എഡ്യുക്കേഷന്‍, ടിക് ടോക് ഫോര്‍ ആര്‍ട്ട് എന്നൊക്കെ പറഞ്ഞ് സ്വയം വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമത്തില്‍ അവര്‍ ഏറെക്കുറെ വിജയിച്ചിരിക്കുന്നു. ഇന്ത്യയിലെ നിരോധനം ചെറിയ അടി മാത്രമാണ് ടിക് ടോക്കിനെന്ന് തല്‍ക്കാലം അനുമാനിക്കാവുന്നതാണ്. പരസ്യം നൽകാൻ പറ്റിയ പ്ലാറ്റ് ഫോമെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യൻ മാർക്കറ്റിൽ നിന്നുള്ള കൊയ്ത്ത് തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ ടിക് ടോക്.

ഒരു ബില്യൺ നിക്ഷേപവും ഇന്ത്യയിൽ സ്വന്തം ഡാറ്റ സെന്ററും സ്ഥാപിക്കാനിരിക്കെയാണ് നിരോധനം.

ഇന്‍സ്റ്റഗ്രാം വരേണ്യരുടെയും, ഫേസ്ബുക്ക് വയസ്സന്‍മാരുടേതുമാണെന്ന് വിശ്വസിക്കുന്ന ഒരു തലമുറയാണ് ടിക് ടോക്കിന്റെ കരുത്ത്. പല ടിക് ടോക് താരങ്ങളും സമൂഹത്തിന്റെ താഴേ തട്ടില്‍ നിന്നുയര്‍ന്ന് വന്നരാണ്. അവര്‍ക്ക് ടിക് ടോക് പണമൊന്നും നല്‍കുന്നില്ലെങ്കിലും സ്വന്തം കഴിവുകള്‍ പുറത്ത് കാണിക്കാനും, അല്‍പ്പം പ്രശസ്തി നേടാനുമുള്ള ഒരു ഇടം ഒരുക്കി നല്‍കിയിരുന്നു. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം അരികിലേക്ക് മാറ്റി നിര്‍ത്തിയ ജനവിഭാഗങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ ടിക് ടോക്ക് ഇടം നല്‍കിയിരുന്നു,

ഹലോ ഒരു ചെറിയ മീനല്ല

ഇനി ഹലോ ആപ്പിലേക്ക് വരാം, ഫേസ്ബുക്ക്, ട്വിറ്റര്‍ രൂപത്തില്‍ ടെക്‌സ്റ്റ്, വീഡിയോ പോസ്റ്റുകളുള്ള പരമ്പരാഗത സോഷ്യല്‍ മീഡിയാ ആപ്പാണ് ഹലോ ഒറ്റനോട്ടത്തില്‍. ഹലോ  ഹോള്‍ഡിംഗ്‌സ് ലിമിറ്റഡാണ് ഉടമകള്‍. ഹലോ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ മാതൃകമ്പനിയും ബൈറ്റ് ഡാന്‍സ് തന്നെ. 2018 ജൂണിലാണ് ഹലോ ഇന്ത്യയിലെത്തുന്നത്. പ്രാദേശിക ഭാഷകളില്‍ ശ്രദ്ധ പതിപ്പിച്ചായിരുന്നു മുന്നേറ്റം. 14 ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ് ലഭ്യമായിരുന്നുവെന്നത് പ്രാദേശിക വത്കരണത്തിന് ആപ്പ് നല്‍കിയിരുന്ന ശ്രദ്ധയുടെ തെളിവാണ്. ഈ പ്രാദേശികവത്കരണമാണ് ഹലോയുടെ കുതിപ്പിന് ബലം പകര്‍ന്നത്.

ഇത്രയും പറഞ്ഞത് വലിയ മീനുകളെ പറ്റി, ഈ രണ്ട് സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിക്കാത്തവര്‍ പോലും എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടായേക്കാവുന്ന ആപ്പുകളുമുണ്ട് നിരോധിക്കപ്പെട്ടവയുടെ പട്ടികയില്‍.

ഷെയറിറ്റ്, എക്‌സ് സെന്‍ഡര്‍, യു ക്യാം

വലിയ വലിയ ഫയലുകള്‍ സുഖമായി കൈമാറാന്‍ ഉപയോഗിച്ചിരുന്ന ആപ്പുകളാണ് ഷെയറിറ്റും എക്‌സ് സെന്‍ഡറും. സിനിമകളും, പാട്ടുകളുമെല്ലാം , ഫോട്ടോകളും ഒക്കെ പങ്കുവയ്ക്കലായിരുന്നു ഇവരുടെ മെയിന്‍.

ഒരു പക്ഷേ നിരോധിക്കപ്പെട്ടെങ്കിലും ഇനിയുമേറെ കാലം ഉപയോഗിക്കപ്പെടാന്‍ പോകുന്ന ആപ്പുകള്‍ ഇവയായിരിക്കും. ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് വിവരം കൈമാറുന്നത് വൈഫൈയും ബ്ലൂ ടൂത്തും വഴിയായതിനാല്‍  പുതുതായി ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയില്ലെങ്കിലും നിലവില്‍ ഫോണില്‍ ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അത് തുടരാന്‍ പറ്റേണ്ടതാണ്.

ഫോട്ടോ എഡിറ്റ് ചെയ്ത് സുന്ദരമാക്കുന്ന കാക്കത്തൊള്ളായിരം ആപ്പുകളുണ്ടെങ്കിലും യൂ ക്യാമിന് സുന്ദരന്‍മാരുടെയും സുന്ദരിമാരുടെയും മനസില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു.  യൂ ക്യാമിലെ ഓഫ് ലൈന്‍ ഫീച്ചറുകള്‍ തുടര്‍ന്നുപയോഗിക്കാമെങ്കിലും, നിരോധനത്തോട് കൂടി ഇനി സെക്യൂരിറ്റി അപ്‌ഡേറ്റുകളടക്കം നിലക്കുന്ന സാഹചര്യമായതിനാല്‍ ഈ ആപ്പുകള്‍ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്.

പണ്ടേ കുപ്രസിദ്ധര്‍

യുസി ബ്രൗസറും, ക്യാം സ്‌കാനറും, ഡിയു ആപ്പുകളും, ചീറ്റാ മൊബൈലിന്റെ ക്ലീന്‍ മാസ്റ്റര്‍ കുടുംബത്തില്‍ പെട്ട ആപ്പുകളുമെല്ലാം നേരത്തെ തന്നെ ഉപയോക്താവിന്റെ സ്വകാര്യ ലംഘിക്കുന്നവയായി പരാതി നേരിടുകയും നടപടി നേരിടുകയും ചെയ്തവയാണ്. ചൈനീസ് സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ബൈഡുവില്‍ നിന്ന് ഉപോല്‍പ്പന്നമായി പുറത്ത് വന്ന ഡു വിന്റെ ആപ്പുകള്‍ നേരത്തെ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഫോട്ടോയും ഡോക്യുമെന്റുമെല്ലാം എളുപത്തില്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാന്‍ സഹായിക്കുന്ന ക്യാം സ്‌കാനറിനെ 2019ല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കിയതും സുരക്ഷാ പ്രശ്‌നങ്ങള്‍ കൊണ്ട് തന്നെയായിരുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇവ തിരിച്ചെത്തുകയായിരുന്നു.

യുസി ആള് ചില്ലറക്കാരനല്ല

2009 മുതല്‍ ഇന്ത്യയില്‍ സജീവമായ യുസി ബ്രൗസറിന് വലിയ ആരാധക പിന്തുണയുണ്ട്. ഗൂഗിള്‍ ക്രോം അടക്കി ഭരിക്കുന്ന മൊബൈല്‍ ബ്രൗസര്‍ രംഗത്ത് രണ്ടാം സ്ഥാനക്കാരനാണ് യുസി. ക്രോമിന് ഇതിനേക്കാള്‍ പതിന്മടങ്ങ് ഉപഭോക്താക്കളുണ്ടെങ്കിലും ഈ രണ്ടാം സ്ഥാനം അത്ര ചെറുതല്ല. പ്രസിദ്ധമായ ആലി ബാബ ഗ്രൂപ്പിന്റെ ഉത്പന്നമാണ് യുസി എന്ന് കൂടി ഓര്‍ക്കണം.  

ഒരു ഫോണില്‍ രണ്ട് വാട്‌സാപ്പ് കൊണ്ട് നടക്കുന്നത് പോലെ, ചെറുതെന്ന് തോന്നാവുന്ന വലിയ കാര്യങ്ങളില്‍ സഹായിച്ചിരുന്ന ആപ്പായിരുന്നു പാരലല്‍ സ്‌പേസ്, എറ്റവും നല്ല ആന്‍ഡ്രോയ്ഡ് ഫയല്‍ മാനേജര്‍ എന്ന് പേരെടുത്ത ആപ്പായിരുന്നു ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, ഈ ആപ്പും ഇടക്കാലത്ത് വിവാദങ്ങളില്‍ പെട്ടിരുന്നു.

ഷവോമിക്കും കിട്ടിയോ പണി

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലെ നിലവിലെ രാജാക്കന്‍മാരായ ഷവോമിക്കും ഒരു ചെറിയ അടി കൊടുത്തിട്ടുണ്ട് നിരോധനത്തില്‍. എം ഐ കമ്മ്യൂണിറ്റി ആപ്പും, എം ഐ വീഡിയോ ചാറ്റ് ആപ്പുമാണ് പട്ടികയില്‍ ഉള്ളത്, ഇത് ഒരു മുന്നറിയിപ്പാണോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.

ഇനിയെന്ത്?

നിരോധനം നിലവിൽ വന്ന് കഴിഞ്ഞു, ടിക് ടോക്ക് ഹലോ വെബ്സൈറ്റുകളിലേക്ക് കടന്ന് ചെന്നാൽ ഇപ്പോൾ നിരോധനത്തെക്കുറിച്ചുള്ള ചെറുകുറിപ്പുകൾ കാണാം, ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു. നേരത്തെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കൈകടത്തുന്നുവെന്ന് പരാതിയുയര്‍ന്നിട്ടുള്ള ആപ്പുകളാണ് നിരോധിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ ചില ചോദ്യങ്ങള്‍ അപ്പോഴും ബാക്കിയാണ്. ഇത് നേരത്തെ ആവാമായിരുന്നില്ലേ. ഈ 59 ആപ്പുകളോളമോ അതിനേക്കാളോ ഗുരുതര പ്രശ്‌നങ്ങള്‍ ഉള്ള ആപ്പുകള്‍ വേറെയുമില്ലേ. ഈ ആപ്പുകളില്‍ ഇപ്പോള്‍ ശേഖരിച്ച് വച്ചിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ക്ക് എന്ത് സംഭവിക്കും? ചോദ്യങ്ങള്‍ ഒരുപാടുണ്ട്. ചർച്ചക്ക് വിളിച്ചിട്ടുണ്ടെന്നാണ് ടിക് ടോക് പറയുന്നത്. ആ ചർച്ചകളുടെ അന്തിമ ഫലത്തിനായി കാത്തിരിക്കാം. അത് വരെ ഓഫ് ലൈൻ....
 

ടിക് ടോക്കിന്‍റെ വിശദീകരണം

Follow Us:
Download App:
  • android
  • ios