ചൈനീസ് കമ്പനികൾ അമേരിക്കൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബുകളിൽ നിന്ന് ബൗദ്ധിക സ്വത്തവകാശം മോഷ്ടിക്കുന്നതായി യുഎസ് ആരോപിക്കുന്നു. 'ഡിസ്റ്റിലേഷൻ' എന്ന പ്രക്രിയയിലൂടെ അമേരിക്കൻ എഐ മോഡലുകൾ പുനരുപയോഗിക്കുന്നുവെന്നും ഇത് സുരക്ഷാ സംവിധാനങ്ങളെ ദുർബലമാക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നു. 

ചൈനീസ് കമ്പനികൾ അമേരിക്കൻ ആട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ലാബുകളിൽ നിന്ന് ബൗദ്ധിക സ്വത്തവകാശം (IP) മോഷ്‍ടിക്കുന്നുവെന്ന് ആരോപിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ആഗോളതലത്തിൽ നയതന്ത്ര നീക്കം ആരംഭിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് കമ്പനികൾ നടത്തുന്ന ഇത്തരം വ്യാപകമായ ശ്രമങ്ങൾക്കെതിരെ ആഗോളതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഉത്തരവിട്ടിട്ടുണ്ട് എന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

എഐ മോഡലുകളെ കോപ്പിയടിക്കുന്നതായി ആരോപണം

എഐ സ്റ്റാർട്ടപ്പായ ഡീപ്‌സീക്ക് (DeepSeek) ഉൾപ്പെടെ നിരവധി ചൈനീസ് സ്ഥാപനങ്ങൾ ഡിസ്റ്റിലേഷൻ എന്ന പ്രക്രിയ ഉപയോഗിച്ച് വലിയ എഐ മോഡലുകളെ പുനരുപയോഗിക്കുന്നുവെന്ന് അമേരിക്കൻ സർക്കാർ ആരോപിക്കുന്നു. വലിയ ചെലവിൽ പരിശീലിപ്പിച്ച മോഡലുകളുടെ ഔട്ട്പുട്ട് ഉപയോഗിച്ച് ചെറിയതും ചെലവ് കുറഞ്ഞതുമായ എഐ സിസ്റ്റങ്ങൾ സൃഷ്‍ടിക്കുന്നതാണ് ഈ പ്രക്രിയ. അമേരിക്കൻ പ്രൊപ്രൈറ്ററി എഐ മോഡലുകളിൽ നിന്ന് ഡിസ്റ്റിൽ ചെയ്‌ത മോഡലുകൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും തുടർനടപടികൾക്കും അന്താരാഷ്ട്ര ചർച്ചകൾക്കും അടിസ്ഥാനമൊരുക്കുകയും ചെയ്യുക എന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് നിർദ്ദേശം വ്യക്തമാക്കുന്നത്.

ഡീപ്‌സീക്ക് കഴിഞ്ഞ വർഷം കുറഞ്ഞ ചെലവിൽ വികസിപ്പിച്ച എഐ മോഡലിലൂടെ ആഗോള ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വാവെയ് (Huawei) ചിപ്പ് സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ പുതിയ എഐ മോഡലിന്‍റെ പ്രിവ്യൂ പുറത്തിറക്കിയതോടെ ചൈനയുടെ സാങ്കേതിക സ്വയംപര്യാപ്‍തത ഉയരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ മൂൺഷോട്ട് എഐ, മിനിമാക്‌സ് എന്നീ കമ്പനികളും ഈ ആരോപണങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം ഡിസ്റ്റിലേഷൻ പ്രക്രിയകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന മോഡലുകൾ കുറഞ്ഞ ചെലവിൽ സമാന പ്രകടനം കാണിക്കുന്നുവെങ്കിലും, സുരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്യപ്പെടുകയും നിഷ്‍പക്ഷതയും സത്യാന്വേഷണവും ഉറപ്പാക്കുന്ന സംവിധാനങ്ങൾ ദുർബലമാക്കപ്പെടുകയും ചെയ്യുന്നു എന്നാണ് അമേരിക്ക ആരോപിക്കുന്നത്. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർ വിവിധ രാജ്യങ്ങളുമായി ഈ വിഷയത്തിൽ ചർച്ച നടത്താൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് നിർദ്ദേശിച്ചിട്ടുണ്ട്. ബീജിംഗിനോട് നേരിട്ട് ഔദ്യോഗിക ഡെമാർഷ് (diplomatic protest) നൽകുമെന്നും രേഖകൾ വ്യക്തമാക്കുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച് ചൈന

അതേസമയം, വൈറ്റ് ഹൗസും സമാനമായ ആരോപണങ്ങൾ ഉയർത്തിയപ്പോൾ ബീജിംഗ് അവയെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്ന് തള്ളിക്കളഞ്ഞു. ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിന് ചൈന വലിയ പ്രാധാന്യം നൽകുന്നുവെന്നും ചൈനീസ് എംബസി പ്രതികരിച്ചു. അടുത്തിടെ ഓപ്പൺ എഐ, ചൈനീസ് കമ്പനികൾ അമേരിക്കൻ എഐ മോഡലുകൾ പുനരുപയോഗിക്കാൻ ശ്രമിക്കുന്നതായി യുഎസ് സഭയെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ട്രംപ്–ഷി ജിൻപിംഗ് കൂടിക്കാഴ്ചയ്ക്ക് മുൻപായി ഈ വിവാദം ഇരുരാജ്യങ്ങളുടെയും സാങ്കേതിക സംഘർഷം വീണ്ടും ഉയർത്തുമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News