ഓപ്പൺഎഐ, മനുഷ്യ ഇടപെടൽ ആവശ്യമില്ലാതെ 24/7 പ്രവർത്തിക്കുന്ന എഐ ഏജന്‍റുകളെ വികസിപ്പിക്കുന്നു. ഹെർമെസ് എന്ന് കോഡ് നാമമുള്ള ഈ സംവിധാനം, ഉപയോക്താക്കൾക്ക് സ്വന്തം ഏജന്‍റുകളെ സൃഷ്ടിക്കാനും ഇമെയിൽ പരിശോധന പോലുള്ള ജോലികൾ സ്വയം ചെയ്യാൻ അവരെ ഷെഡ്യൂൾ ചെയ്യാനും അനുവദിക്കും.
കാലിഫോര്‍ണിയ: സാം ആൾട്ട്മാൻ നേതൃത്വം നൽകുന്ന ഓപ്പൺഎഐ പുതിയ തലമുറ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ കൂടുതൽ വലിയ ചുവടുവെയ്പ്പിന് ഒരുങ്ങുന്നുവെന്ന സൂചനകൾ പുറത്തുവരുന്നു. സാധാരണ ചാറ്റ്ബോട്ട് സേവനങ്ങൾക്കതീതമായി, മനുഷ്യരുടെ ഇടപെടൽ കൂടാതെ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എഐ ഏജന്‍റുകളെ അവതരിപ്പിക്കാൻ ഓപ്പണ്‍എഐ തയ്യാറെടുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
ഓപ്പൺഎഐ പുത്തന്‍ പരീക്ഷണത്തിന്
ടെക് വിശകലന വിദഗ്ധനായ ടിബോർ ബ്ലാഹോ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ എക്‌സ് വഴി പങ്കുവച്ചത്. ഓപ്പൺഎഐയുടെ കോഡിൽ ഹെർമെസ് എന്ന കോഡ് നെയിമിൽ ഒരു പുതിയ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദേഹം അവകാശപ്പെടുന്നു. ഇത് ചാറ്റ്‍ജിപിടി പ്ലാറ്റ്‌ഫോമിനുള്ളിൽ പ്രവർത്തിക്കുന്ന എഐ ഏജന്‍റുകളെ സൂചിപ്പിക്കുന്നു.
പുതിയ സംവിധാനത്തിന്‍റെ പ്രധാന സവിശേഷത 24/7 പ്രവർത്തിക്കുന്ന ഏജന്‍റുകൾ എന്ന ആശയമാണ്. ഉപയോക്താക്കൾക്ക് ഇനി ഓരോ ചോദ്യവും പ്രത്യേകം നൽകേണ്ടതില്ല. പകരം, ആവശ്യങ്ങൾക്കനുസരിച്ച് സ്വന്തം എഐ ഏജന്‍റുകളെ സൃഷ്‌ടിച്ച് അവരെ സ്വതന്ത്രമായി ജോലികൾ നിർവഹിക്കാൻ അനുവദിക്കാം. സാങ്കേതിക അറിവില്ലാതെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന സ്റ്റുഡിയോ മാതൃകയിലുള്ള ഇന്‍റർഫേസ് ഇതിന് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
ഇതോടൊപ്പം ഷെഡ്യൂളിംഗ് സംവിധാനവും ഉൾപ്പെടുത്തുമെന്ന് സൂചനകളുണ്ട്. ഒരു എഐ ഏജന്‍റ് എപ്പോൾ പ്രവർത്തിക്കണം എന്ത് ജോലി ചെയ്യണം എന്നത് ഉപയോക്താക്കൾക്ക് നിശ്ചയിക്കാൻ സാധിക്കും. ഉദാഹരണത്തിന് ഇമെയിലുകൾ പരിശോധിക്കുക, റിപ്പോർട്ടുകൾ തയ്യാറാക്കുക, ദൈനംദിന അപ്‌ഡേറ്റുകളുടെ ചുരുക്കം നൽകുക എന്നിവ ഈ ഏജന്റുകൾ സ്വയം നിർവഹിക്കും.
കൂടാതെ, സ്ലാക്ക് പോലുള്ള ഓഫീസ് ചാറ്റ് പ്ലാറ്റ്‌ഫോമുകളുമായി നേരിട്ടുള്ള ഇന്‍റഗ്രേഷനും പ്രതീക്ഷിക്കുന്നു. ഇത് വഴി എഐ ഏജന്‍റുകൾ ചോദ്യങ്ങൾക്ക് ഉടൻ മറുപടി നൽകുകയും വിവരങ്ങൾ ശേഖരിക്കുകയും ടീം പ്രവർത്തനം കൂടുതൽ വേഗത്തിലാക്കുകയും ചെയ്യും. ഉപയോഗം കൂടുന്തോറും ഈ ഏജന്‍റുകൾ ഉപയോക്താവിന്‍റെ പ്രവൃത്തി രീതികൾ മനസിലാക്കി കൂടുതൽ വ്യക്തിഗത സേവനം നൽകും.
ഇമാജൈൻ ലൈക്ക് നെസ് കസ്റ്റമൈസേഷൻ
ഈ പുതിയ നീക്കം എഐ ഉപയോഗത്തിലെ ഒരു വലിയ മാറ്റമായി കണക്കാക്കപ്പെടുന്നു. ഇതുവരെ മനുഷ്യ നിർദ്ദേശങ്ങൾക്കായി കാത്തിരുന്ന എഐ, ഇനി സ്വയം പ്രവർത്തിക്കുന്ന സഹപ്രവർത്തകനായി മാറും. അതേസമയം ഇത് ഉൽപ്പാദനക്ഷമത വർധിപ്പിക്കുമ്പോഴും ആശ്രയിക്കുന്ന മേഖലകളിൽ തൊഴിൽ സാധ്യത കുറയാമെന്ന ആശങ്കയും ഉയരുന്നു. ഇതിനൊപ്പം ഇമാജൈൻ ലൈക്ക് നെസ് കസ്റ്റമൈസേഷൻ, ഓഡിയോ സമ്മറി എന്നീ പുതിയ സവിശേഷതകളും വികസനത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, എഐയുടെ ഭാവി കൂടുതൽ സ്വതന്ത്രവും പ്രായോഗികവുമായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.



