കൃത്രിമബുദ്ധിമേഖലയില്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ് ചൈന സുരക്ഷ, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പ്രശ്ന പരിഹാരത്തിന് കൃത്രിമ ബുദ്ധിയുടെ സാധ്യതകളെ പരാമാവധി പ്രയോജനപ്പെടുത്താനാണ് ചൈനയുടെ ആലോചന 2030 തോടെ ചൈനയെ ലോകത്തിന്‍റെ കൃത്രിമ ബുദ്ധി നായക പദവിയിലേക്കുയര്‍ത്താനുളള കര്‍മ്മ പരിപാടികളിലാണ് ചൈനീസ് സര്‍ക്കാര്‍

ബീജിംഗ്: കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) വികസനത്തിന്‍റെ സമസ്ത മേഖലയിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ചൈനയുടെ പതിമൂന്നാമത് ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസ്സിനോടനുബന്ധിച്ചാണ് ചൈന പുതിയ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് ചൈനീസ് ശാസ്ത്ര - സാങ്കേതിക വിദ്യ മന്ത്രി വാന്‍ ഗ്യാങ് കൃത്രിമ ബുദ്ധി വികസന ഗവേഷണ രംഗത്ത് മാറ്റങ്ങള്‍ക്ക് വഴി വച്ചേക്കാവുന്ന സര്‍ക്കാര്‍ നയം പുറത്തുവിട്ടത്.

കൃത്രിമ ബുദ്ധിമേഖലയില്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ് ചൈന. സുരക്ഷ, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പ്രശ്ന പരിഹാരത്തിന് കൃത്രിമ ബുദ്ധിയുടെ സാധ്യതകളെ പരാമാവധി പ്രയോജനപ്പെടുത്താനാണ് ചൈനയുടെ ആലോചന. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചൈനയിലെ കമ്പനികള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും അന്തര്‍ദേശീയ രംഗത്തേക്ക് മുന്നേറാന്‍ സര്‍ക്കാര്‍ അവസരമൊരുക്കും.

കൃത്രിമ ബുദ്ധിയുടെ വരവോടെ സമൂഹിക മൂല്യങ്ങള്‍, തൊഴില്‍ മേഖലകള്‍, വ്യക്തികളുടെ സ്വകാര്യത, ദേശീയ സുരക്ഷ എന്നിവയിലുണ്ടാവാന്‍ സാധ്യതയുളള മാറ്റങ്ങള്‍ കണക്കിലെടുത്താവും മാര്‍ഗ്ഗ നിര്‍ദേശങ്ങളും ചട്ടങ്ങളും ചൈന രൂപീകരിക്കുക. 2020തോടെ കൃത്രിമ ബുദ്ധി ഉപയോഗിച്ച് മനുഷ്യ‍ ജീവിതം മെച്ചപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യം. 2030 ഓടെ ചൈനയെ ലോകത്തിന്‍റെ കൃത്രിമബുദ്ധിയുടെ നായക പദവിയിലേക്കുയര്‍ത്താനുളള കര്‍മ്മപരിപാടികളിലാണ് ചൈനീസ് സര്‍ക്കാര്‍.