ബീജിംഗ്: 2011 ല്‍ ഏറെ ലോക ശ്രദ്ധ നേടിയ വാര്‍ത്തയാണ് ഐഫോണ്‍ വാങ്ങുവാന്‍ യുവാവ് വൃക്കവിറ്റു എന്നത്. ഏഴു വര്‍ഷം മുമ്പ് 17 വയസ്സുള്ളപ്പോള്‍ ആയിരുന്നു ബീയജിംഗിലെ സ്കൂള്‍ വിദ്യാര്‍ത്ഥിയായ സിയാവോ വാങ്ങ് സ്വന്തം വൃക്ക വിറ്റ് ഐഫോണ്‍ 4 സ്വന്തമാക്കിയത്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പൊങ്ങച്ചം കാട്ടാനായി ഐഫോണ്‍ കൊണ്ടുവന്നപ്പോഴാണ് തനിക്കും ഐഫോണ്‍ വേണമെന്ന് അന്ന് സിയാവോ തീരുമാനിച്ചത്.

അന്ന് വൃക്കദാനം ചെയ്ത സിയാവോ വാങ്ങിന് പ്രതിഫലം കിട്ടിയത് 3,200 ഡോളറാണ്. ഈ തുകവച്ച് അന്ന് ഐഫോണ്‍ 4 ഉം ഒരു ഐപാഡും സിയാവോ സ്വന്തമാക്കി. ഇത് ആഗോളതലത്തില്‍ തന്നെ വാര്‍ത്തയായി. എന്നാല്‍ ഇപ്പോള്‍ എന്താണ് ആ യുവാവിന്‍റെ ജീവതം. ഒരു ചൈനീസ് മാധ്യമമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ യുവാവിന്‍റെ അവസ്ഥ പുറത്ത് എത്തിച്ചത്.

വൃക്കദാനത്തിന് മുമ്പായി ശസ്ത്രക്രിയ നടത്തിയ ആശുപത്രി ഒരു കുഴപ്പവുമില്ല എല്ലാം തങ്ങള്‍ നോക്കിക്കൊള്ളാമെന്ന് ഈ കൌമരാക്കാരനോട് പറഞ്ഞു. ഐഫോണ്‍ വാങ്ങുവാനുള്ള പണം വൃക്കവില്‍പ്പനയില്‍ ലഭിച്ചെങ്കിലും സിയാവോയുടെ വൃക്ക ശസ്ത്രക്രിയ അത്ര വിജയകരം ആയിരുന്നില്ലെന്ന് മാത്രം. ഇപ്പോള്‍ ശയ്യയില്‍ തന്നെയാണ് ഈ യുവാവ്.

ശസ്ത്രക്രിയയെ തുടര്‍ന്ന് ഉണ്ടായ മുറിവ് ഉണങ്ങിയില്ല. അവിടം അണുബാധയെ തുടര്‍ന്ന് അടുത്ത വൃക്കയിലേക്ക് കൂടി പിടിച്ചതോടെ ജീവിക്കാന്‍ നിരന്തരം  ഡയാലിസിസിന് വിധേയമാകേണ്ട സ്ഥിതിയില്‍ സിയാവോയെ എത്തിച്ചു. ഏറെ താമസിച്ചായിരുന്നു മാതാപിതാക്കള്‍ ഇക്കാര്യം തിരിച്ചറിഞ്ഞത് അപ്പോഴത്തെക്കും സമയം കടന്നിരുന്നു.

സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിന് ചികിത്സാചെലവ് സ്വപ്നത്തിനപ്പുറം ആയിരുന്നു. മകന്‍റെ കാര്യത്തില്‍ ഇപ്പോള്‍ മാതാപിതാക്കള്‍ ശരിക്കും വഴിമുട്ടി അവസ്ഥയിലാണ്. ചൈനയിലെ കുട്ടികള്‍ ആപ്പിള്‍ ഐ ഫോണിന്റെ കടുത്ത ആരാധകരാണ്. പൈപ്പര്‍ ജെഫ്രി 2017 ല്‍ നടത്തിയ ഒരു സര്‍വേയില്‍ അടുത്ത ഫോണ്‍ ഐഫോണ്‍ ആയിരിക്കുമെന്നാണ് ചൈനയിലെ 82 ശതമാനം കുട്ടികള്‍ പറഞ്ഞത്.