കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) 'മത്സ്യമെട്രി' എന്ന പേരിൽ ഒരു പുതിയ മൊബൈൽ ആപ്പ് വികസിപ്പിച്ചു. മൊബൈൽ ക്യാമറയും എ.ആർ സാങ്കേതികവിദ്യയും ഉപയോഗിച്ച് മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ ഈ ആപ്പ് സഹായിക്കുന്നു. മത്സ്യയിനങ്ങളുടെ വിവരശേഖരണവും സ്റ്റോക് അസസ്മെന്റും കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചി: മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന 'മത്സ്യമെട്രി' മൊബൈൽ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന. മത്സ്യയിനങ്ങളുടെ വിവരശേഖരണവും സ്റ്റോക് അസസ്മെന്റും കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് നിർമിച്ചത്. മൊബൈൽ ക്യാമറ ഉപയോഗിച്ച് മീനുകളുടെ ചിത്രങ്ങൾ പകർത്തിയാണ് ആപ്പ് വഴി അളവുകൾ തിട്ടപ്പെടുത്തുന്നത്.
എ.ആർ കോർ പിന്തുണയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ ഈ ആപ്പ് പ്രവർത്തിക്കും. ഫോൺ ക്യാമറ മീനുകൾക്ക് നേരെ പിടിക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന പ്രത്യേക മെഷറിങ് ഗൈഡ് ഉപയോഗിച്ചാണ് മീനുകളുടെ നീളവും വീതിയും കണക്കാക്കുന്നത്. ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരൊറ്റ സാമ്പിളിങ് സെഷനിൽ തന്നെ രേഖപ്പെടുത്താൻ ഇതിൽ സൗകര്യമുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ആപ്പ് വഴി തന്നെ ഓട്ടോമാറ്റിക് വർഗീകരണം നടത്തി ഭാവിയിലെ ശാസ്ത്രീയ പഠനങ്ങൾക്കായി സൂക്ഷിക്കാനും സാധിക്കും.
ഫീൽഡ് സർവേകളിലെ മത്സ്യവിവര ശേഖരണം തികച്ചും ലളിതമാക്കാൻ 'മത്സ്യമെട്രി' ആപ്പ് സഹായിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റും ഐ.സി.എ.ആർ നാഷണൽ ഫെലോയുമായ ഡോ. എൽദോ വർഗീസ് ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എ.ആർ നാഷണൽ ഫെലോ പ്രൊജക്റ്റിന്റെ ഭാഗമായാണ് ആപ്പിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.


