ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന പ്രവീൺ ചക്രവർത്തിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ വിവര വിശകലന വിഭാഗം പ്രവര്‍ത്തിക്കുന്നത്

ദില്ലി: ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് വലിയ സംസ്ഥാനങ്ങളില്‍ ഭരണം തിരിച്ച് പിടിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയത്. ഈ വിജയത്തിന് പിന്നിലെ രാഷ്ട്രീയ വിലയിരുത്തലുകള്‍ ഏറെ വരുന്നുണ്ടെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് ഉപയോഗിച്ച സാങ്കേതിക തന്ത്രങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ചയാകുകയാണ്. പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ഖാന് വിജയം സമ്മാനിച്ച താഴെതട്ടിലെ ആപ്പു വഴിയുള്ള ഡാറ്റ ശേഖരണവും ഉപയോഗവും അതേ രീതിയില്‍ പ്രാവര്‍ത്തികമാക്കിയത് കോണ്‍ഗ്രസിനെ സംസ്ഥാനങ്ങളില്‍ വിജയിക്കാന്‍ തുണയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആഗസ്റ്റ് മാസത്തില്‍ നടന്ന പാക് തെരഞ്ഞെടുപ്പില്‍ വന്‍കുതിപ്പ് നടത്തിയ ഇമ്രാന്‍റെ തെഹരികെ ഇന്‍സാഫ് പാര്‍ട്ടിയുടെ വിജയം പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിലെ ടെക്നോളജിയുടെ വിജയം കൂടിയായിരുന്നു. 115 സീറ്റുകള്‍ നേടി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകുമ്പോള്‍ അത് സിഎംഎസ് എന്ന ഒരു ചെറു ആപ്പിന്‍റെ വിജയം കൂടിയാണ്. കോണ്‍സ്റ്റിറ്റ്യുവന്‍സി മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്) എന്നാണ് ആപ്പിന്‍റെ പൂര്‍ണ്ണരൂപം.

അഞ്ച് കോടിയോളം വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അത് ഉപയോഗപ്പെടുത്താനും പിടിഐയ്ക്ക് തുണയായത് ഈ ആപ്പാണ്. മുഖ്യ എതിരാളി പിപിപിക്കാണ് പിടിഐയെക്കാള്‍ മികച്ച സൈബര്‍ പ്രചരണ ടീം ഉള്ളത് എന്നാണ് പാക് തെരഞ്ഞെടുപ്പ് സമയത്ത് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അടിയൊഴുക്കുകള്‍ മനസിലാക്കാന്‍ കൂടുതല്‍ വെളിച്ചത്ത് വരാതെ രഹസ്യമായാണ് സിഎംഎസ് എന്ന ആപ്പ് ഉപയോഗിച്ച് അമീര്‍ മുഗളിന്‍റെ നേതൃത്വത്തില്‍ പിടിഐയുടെ പ്രവര്‍ത്തനം. അത് മര്‍മ്മത്തില്‍ തന്നെ ഫലിച്ചു. ഈ വിദ്യ കോണ്‍ഗ്രസും കടം കൊണ്ടു എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത.

ഇത്തരം ഒരു സങ്കേതം തന്നെയാണ് കോൺഗ്രസിന്‍റെ വിവര വിശകലന വിഭാഗം ശക്തി എന്ന ആപ്ലിക്കേഷന്‍ വഴി നടത്തിയത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതൃത്വത്തിനും താഴെക്കിടയിലുള്ള സാധാരണ പ്രവർത്തകർക്കുമിടയിലേക്ക് ഇറങ്ങിചെല്ലുന്നതിന് സമാനമായിരുന്നു ആപ്പ്. ഏതാണ്ടു 40 ലക്ഷത്തോളം കോൺഗ്രസ് പ്രവർത്തകർ ഇതിനോടകം ഈ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കോണ്‍ഗ്രസില്‍ നിന്നും ലഭിക്കുന്ന വിവരം. 

ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന പ്രവീൺ ചക്രവർത്തിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ വിവര വിശകലന വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്‍റെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് ഈ വിഭാഗം വഹിച്ചത്. ഓരോ മണ്ഡലത്തിലെയും വോട്ടർമാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അതതു മണ്ഡലങ്ങളിൽ വോട്ടർമാരെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ കണ്ടെത്തി അതിന് അനുസരിച്ച തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കോണ്‍ഗ്രസ് ഈ ആപ്പ് വഴി ശ്രമിച്ചു. 

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയത് 'എന്‍റെ ബൂത്ത്, എന്‍റെ അഭിമാനം' എന്ന സംവിധാനം ബൂത്ത് തലത്തിലുള്ള കോൺഗ്രസ് പ്രവർത്തകർക്കു കാര്യങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു.