Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കില്‍ ഇത്രമാത്രം ചോർത്താനുള്ള എന്ത് വിവരമാണുളളത്?

  • കാംബ്രിഡ്ജ് അനലിറ്റിക്കയുടെ കൈ എത്തിയാലും ഇല്ലെങ്കിലും സോഷ്യൽ മീഡിയ ഡാറ്റകൾ ഉപയോഗിച്ചുള്ള വിഷക്കളികൾ ഇവിടെയും നടക്കുന്നുണ്ട്
Data breach Who is Cambridge Analytica and what did it do

Data breach Who is Cambridge Analytica and what did it do

ഫേസ്ബുക്കില്‍ ഇത്രമാത്രം ചോർത്താനുള്ള എന്ത് വിവരമാണുളളത്?  ആരെങ്കിലും എടിഎമ്മിന്‍റെ പിൻനമ്പറോ ആധാർ വിവരമോ സൂക്കൻബർഗിന്‍റെ കയ്യിൽ  നൽകിയിട്ടുണ്ടോ? ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങൾ ചോർത്തി ലോകത്തെ മാറ്റിമറിച്ചുവെന്ന് കേട്ടാൽ ശരാശരിമലയാളി ഫേസ്ബുക്ക് ഉപഭോക്താവിന്റെ മനസ്സിലേക്ക് ഓടിവരുന്ന സംശയമാണിത്. എന്നാൽ ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന വിവരങ്ങൾ  ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിറഞ്ഞു കിടക്കുകയാണ്. 

ഫേസ്ബുക്ക് അക്കൗണ്ട് മാത്രമല്ല, വാട്സ് ആപ്പും ട്വിറ്ററും ഗൂഗിളുമെല്ലാം ഇത്തരം വമ്പന്‍വിവരങ്ങളുടെ കലവറയാണ്.  ഈ വിവരങ്ങൾ പലരും ഉപയോഗപ്പെടുത്തുന്നുമുണ്ട്. ഇന്‍റര്‍നെറ്റില്‍ നിന്നുള്ള വിവരചോരണത്തിന്‍റെ വാർത്ത ഇടയ്ക്കിടെ എത്താറുള്ളതാണ്. അത്തരത്തിലുള്ള ഗുരുതരമായ ഒന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കാംബ്രിഡ്ജ് അനലിറ്റക്കയുടെയും വാർത്ത. 

Data breach Who is Cambridge Analytica and what did it do

ബ്രിട്ടണിലെ വാർത്താ ചാനലായ ചാനൽ ഫോർ പുറത്തുവിട്ട റിപ്പോർട്ടിലൂടെയാണ് എല്ലാം തുടങ്ങുന്നത്.  ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായിക്കണമെന്ന അഭ്യർത്ഥനയുമായി കാംബ്രിഡ്ജ് അനലിറ്റിക്കയെ ഒരാൾ സമീപിച്ചിടത്ത്  അന്വേഷണം തുടങ്ങുകയായിരുന്നു. ശ്രീലങ്കൻ തെരഞ്ഞെടുപ്പിൽ ഇടപെടാനും, ജനങ്ങളെ സ്വാധീനിക്കാനും തങ്ങൾക്ക് കഴിവുണ്ടെന്ന് അയാളെ ബോധ്യപ്പെടുത്തേണ്ടത് കാംബ്രിഡ്ജ് അനലിറ്റിക്കയുടെ അഭിമാന പ്രശ്നമായി . അവർ തങ്ങൾ നടത്തിയ ഏറ്റവും വിജയകരമായ ദൗത്യത്തിന്‍റെ എരിവും പുളിയും കലർന്ന കഥ ചാനൽ റിപ്പോർട്ടർക്കും അയാളുടെ ഒളിക്യാമറയ്ക്കും പകർന്നുനൽകി. 

അടവുകൾ പതിനെട്ടും പയറ്റി ഡൊണാൾഡ് ട്രംപിനെ  അമേരിക്കൻ പ്രസിഡന്റാക്കിയത് തങ്ങളാണെന്നാണ് കമ്പനി മേധാവിയായിരുന്ന അലക്സാണ്ടർ നിക്സ് അടക്കമുള്ളവർ പറഞ്ഞത്. സോഷ്യൽ മീഡിയയിലും പുറത്തുമായി  നടന്ന ആ യുദ്ധത്തിന്‍റെ ഘട്ടങ്ങളും അവർ വിശദീകരിച്ചു.  വിവരശേഖരണത്തിൽ തുടങ്ങി, എതിരാളികൾക്കെതിരായ സൈബർ ആക്രമണത്തിലൂടെ മുന്നേറി ,വേണമെങ്കിൽ ഹണിട്രാപ്പും ഭീഷണിയും വരെ എത്തുന്നതാണ്  ആ യുദ്ധതന്ത്രം. നാലു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ചാനൽ ഫോർ തങ്ങളുടെ ബിഗ് ബ്രേക്കിംഗ് പുറത്തുവിട്ടു.

ഫേസ്ബുക്കിലെ വിവരങ്ങൾ ഉപയോഗിച്ച് കാംബ്രിഡ്ജ് അനലിറ്റിക്ക തങ്ങളുടെ പദ്ധതി നടപ്പിലാക്കിയതെങ്ങനെയെന്ന  വിശദവിവരവും പിന്നാലെ വന്നു. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന  ക്രിസ്റ്റഫർ വെയ്‍ലെയാണ് വിസിൽ ബ്ലോവറായി രംഗത്തെത്തിയത്. പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളായ ന്യൂയോർക്കും ടൈംസും ഒബ്സർവറും വെയ്‍ലെയുടെ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ചു. ഇയാളിലൂടെയാണ് വിവരചോരണത്തിലെ പ്രധാനിയായ  അലക്സാണ്ടർ കോഗൻ രംഗപ്രവേശം ചെയ്യുന്നത്. 

സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുകയായിരുന്ന അലക്സാണ്ടർ കോഗൻ 2014ൽ  തിസീസ് യുവർ ഡിജിറ്റൽ ലൈഫ് (thisis your digital life) എന്ന പേരിൽ ഒരു ഫെയ്സ്ബുക്ക് ആപ്ലിക്കേഷൻ ഉണ്ടാക്കി. ഫെയ്സ്ബുക്ക് ഉപഭോക്താക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആപ്ലിക്കേഷൻ. 270,000 പേർ കോഗന്‍റെ ആപ്ലിക്കേഷനിൽ വിവരങ്ങൾ നൽകാൻ സമ്മതിച്ചു. പക്ഷെ അനുമതി നൽകിയ ഇവരുടെ വിവരങ്ങൾ മാത്രമല്ല, ഇവരുടെ സുഹൃത്തുക്കളുടെ വിവരങ്ങൾ കൂടി കോഗന്‍റെ ആപ്ലിക്കേഷൻ ചൂണ്ടി.  ഈ വിവരങ്ങളാണ് പിന്നീട് കാംബ്രിഡ്ജ് അനലിറ്റിക്ക ഉപയോഗിച്ചത്. 

Data breach Who is Cambridge Analytica and what did it do

ഇവിടെ  ഒരു സംശയം ബാക്കിയാണ്. കാംബ്രിഡ്ജ് അനലിറ്റിക്കയുടെ നി‍ർദ്ദേശപ്രകാരമായിരുന്നോ കോഗൻ ഈ ചോർത്തൽ ആപ്ലിക്കേഷൻ ഉണ്ടാക്കിയതും പ്രയോഗിച്ചതും. അതോ അദ്ദേഹം ഉണ്ടാക്കിയ ആപ്ലിക്കേഷൻ അനലിറ്റിക്ക ദുരുപയോഗം ചെയ്യുകയായിരുന്നോ? ദുരുപയോഗം ചെയ്തതാണെന്നാണ് കോഗന്റെ വാദം. എന്നാൽ  അനുവാദം കൊടുത്തവരുടെ വിവരത്തിന് പുറമെ അവരുടെ സുഹൃത്തുക്കളുടെ കൂടി വിവരം ചോർത്താനുള്ള സൂത്രപ്പണി എന്തിന് ആപ്ലിക്കേഷനിൽ ചെയ്തുവെന്ന ചോദ്യമുണ്ട്. റഷ്യൻ സാമ്പത്തിക സഹായത്തോടെയാണ് കോഗന്‍റെ ഗവേഷണം നടന്നതെന്ന വാൽക്കഷ്ണം വാർത്ത കൂടി ശ്രദ്ധിക്കേണ്ടതാണ്. 

കോഗന്‍റെ ആപ്ലിക്കേഷനിൽ നിന്ന് കിട്ടിയ വലിയ വിവരങ്ങളിൽ പിന്നെ നടന്നത് ചില ഫിൽട്ടറിംഗുകളാണ്.  അമേരിക്കക്കാരുടെ മാത്രം വിവരങ്ങൾ അനലിറ്റിക്കയുടെ ലോഗരിതമുകൾ അരിച്ചെടുത്തു. സൈക്കോഗ്രാഫിക് പ്രൊഫൈലുകൾ ഉണ്ടാക്കി.  ഒരാളിന്റെ രാഷ്ട്രീയ നിലപാടറിയാൻ ലൈക്കുകൾ, ഫോളോ ചെയ്യുന്ന പേജുകൾ, ബന്ധപ്പെടുന്ന ആളുകൾ, ഷെയറുകൾ ഇതൊക്കെ ഒന്ന് ഓടിച്ചുനോക്കിയാൽ മതി.  കുന്നോളമുള്ള വിവരങ്ങളിൽ  നിന്ന് ഇതൊക്കെ അരിച്ചുപെറുക്കിയെടുക്കാൻ കഴിയുന്ന ലോഗരിതമുകൾ ഇന്ന് സുലഭം.  

അങ്ങനെ ആളുകൾ ഏതേത് കള്ളികളിലാണെന്നറിഞ്ഞാൽ, അതിന് അനുസരിച്ചുള്ള യുദ്ധതന്ത്രമാണ് പുറത്തെടുക്കേണ്ടത്.  കാംബ്രിഡ്ജ് അനലിറ്റിക്കയുടെ ഉന്നത ഉദ്യോഗസ്ഥർ ചാനൽ ഫോറിനോട് വെളിപ്പെടുത്തത് ശരിയാണെങ്കിൽ അമേരിക്കൻ തെരഞ്ഞെടുപ്പ് സമയത്തെ ട്രംപിന്‍റെ ഓരോ ചനലവും നിയന്ത്രിച്ചിരിക്കുന്നത് ഇവരാണ്.  ഹിലരി ക്ലിന്‍റനെതിരെ നടന്ന ഹീനമായ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ, ട്രംപിന്‍റെ മേക്ക് അമേരിക്ക പ്രൗഡ് ടു ബി എഗേയ്ന്‍ ഒക്കെ ഇവരുടെ തന്ത്രമായിരുന്നുവത്രെ. ഓരോ വ്യക്തിയുടെയും സൈക്കോളജി അറിഞ്ഞ് നടത്തുന്ന ആക്രമണം.   

Data breach Who is Cambridge Analytica and what did it do

അമേരിക്കൻ തെരഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങുന്നതല്ല കാംബ്രിഡ്ജ് അനലിറ്റിക്കയുടെ കുതന്ത്രങ്ങളെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ. ബ്രെക്സിറ്റ്, ക്രൈമിയ വിഷയം, കെനിയ, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകൾ എന്നിവയിലൊക്കെ ഇവരുടെ കറുത്ത ഇന്റർനെറ്റ് കൈകൾ ഉണ്ടായിരുന്നത്രെ.  ഇന്ത്യയിലും ആ കൈ കടന്നുവന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആരോപണ പ്രത്യാരോപണങ്ങളുമായി പ്രമുഖ പാർട്ടികൾ തന്നെ രംഗത്തെത്തിക്കഴിഞ്ഞു. 

കാംബ്രിഡ്ജ് അനലിറ്റിക്കയുടെ കൈ എത്തിയാലും ഇല്ലെങ്കിലും സോഷ്യൽ മീഡിയ ഡാറ്റകൾ ഉപയോഗിച്ചുള്ള വിഷക്കളികൾ ഇവിടെയും നടക്കുന്നുണ്ട്.  അധികാരം ആഗ്രഹിക്കുന്നവരുടെ ഏറ്റവും മികച്ച കുറുക്കുവഴിയാകുകയാണ് സോഷ്യൽ മീഡിയ. ആർക്കും കടന്നുകയറി എന്തും എടുത്തുകൊണ്ടുപോകാവുന്ന തുറന്ന പുസ്തകത്തിലാണ് നമ്മൾ യഥേഷ്ടം ചിത്രങ്ങൾ ഇടുന്നത്, സന്തോഷം പങ്കിടുന്നത്, തെറിവിളിക്കുകയും തല്ലുകൂടുകയും ഒക്കെ  ചെയ്യുന്നത്.
 

Follow Us:
Download App:
  • android
  • ios