ഡേറ്റിംഗ് ആപ്പുകളില്‍ പ്രണയം നടിച്ച് വശത്താക്കിയ ശേഷം പണവുമായി കടന്നുകളയുന്നതാണ് ഇത്തരം തട്ടിപ്പുകളില്‍ നടക്കുന്നത്

ദില്ലി: രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഡേറ്റിംഗ് ആപ്പുകള്‍ വഴി സാമ്പത്തിക തട്ടിപ്പുകള്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ദില്ലി അടക്കമുള്ള നഗരങ്ങളിലാണ് ഡേറ്റിംഗ് ആപ്പുകളുടെ മറവില്‍ 'റൊമാന്‍സ് സ്‌കാം' നടക്കുന്നത്. സൗഹൃദമോ പ്രണയമോ നടിച്ച ശേഷം പണം കവരുന്നതാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ രീതി. 

സൈബര്‍ ലോകത്ത് വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് നാം ഏറെ കേട്ടിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം സ്‌കാം, സ്റ്റോക് മാര്‍ക്കറ്റ് സ്കാം, വാട്‌സ്ആപ്പ് സ്‌കാം എന്നിവയെല്ലാം ഇതില്‍പ്പെടും. ഇവയില്‍ ഇപ്പോള്‍ ഏറ്റവും സജീവമായ തട്ടിപ്പുകളൊന്ന് നടക്കുന്നത് ഡേറ്റിംഗ് ആപ്പുകളുടെ മറവിലാണ് എന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. ഡേറ്റിംഗ് ആപ്പുകളില്‍ സൗഹൃദവും പ്രണയവും നടിച്ച് ആളുകളെ വശത്താക്കിയ ശേഷം പണവുമായി കടന്നുകളയുന്നതാണ് ഇത്തരം തട്ടിപ്പുകളില്‍ നടക്കുന്നത്. 'റൊമാന്‍സ് സ്‌കാം' എന്നാണ് ഇത്തരം തട്ടിപ്പുകള്‍ അറിയപ്പെടുന്നത്. ദില്ലി, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് പ്രധാനമായും റൊമാന്‍സ് തട്ടിപ്പ് നടക്കുന്നത്.

ഡേറ്റിംഗ് ആപ്പുകള്‍ വഴി കണ്ടുമുട്ടിയ ശേഷം സൗഹൃദവും പ്രണയവും നടിച്ച് ഓണ്‍ലൈനായി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുക, ചിലവേറിയ ഡേറ്റിംഗുകള്‍ക്ക് ക്ഷണിച്ച് വിവിധ തരത്തില്‍ പണം തട്ടിയെടുക്കുക തുടങ്ങിയ തട്ടിപ്പുകള്‍ക്കാണ് ഡേറ്റിംഗ് ആപ്പുകള്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. വിളിച്ചുവരുത്തിയ ശേഷം ആയിരക്കണക്കിന് രൂപയുടെ കഫേ ബില്ലുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതും, ബില്‍ അടയ്ക്കാതെ സ്ഥലം കാലിയാക്കി കൂടെവന്നയാളെ വഞ്ചിക്കുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടും. അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് പണം കവരുന്നതും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ രീതിയാണ്. 

നിരവധിയാളുകള്‍ക്കാണ് ഡേറ്റിംഗ് ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകളിലൂടെ പണം നഷ്‌ടമായത് എന്ന് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ആളുകളുടെ ഐഡന്‍റിറ്റി മനസിലാക്കുന്നതും, വളരെ സുരക്ഷിതമായ ഇടങ്ങള്‍ കൂടിക്കാഴ്‌ചകള്‍ക്ക് തെരഞ്ഞെടുക്കുന്നതും, അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതിരിക്കുന്നതും ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സഹായിക്കും. 

Read more: കാത്തിരിപ്പിന് വിരാമം, മോട്ടോറോള എഡ്‌ജ് 50 അള്‍ട്രാ ഇന്ത്യയിലേക്ക്; സവിശേഷതകള്‍ എന്തെല്ലാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം