ഫ്ലിപ്പ്കാര്‍ട്ട് ഏജന്‍റുമാര്‍ ഒരു മാസത്തിനുള്ളില്‍ അടിച്ചുമാറ്റിയത് 12 ഐഫോണുകള്‍. ഫ്ളിപ്പ് കാര്‍ട്ടില്‍ ഡെലിവിറി ഏജന്‍റായി ആയി ജോലി ചെയ്തിരുന്ന ചെന്നൈയിലെ ബികോം ബിരുദധാരിയായ 21 കാരന്‍ നവീന്‍ ആണ് ഈ മോഷണകഥയിലെ താരം. മൊത്തം അഞ്ച് ലക്ഷം രൂപ വരുമായിരുന്നു നവീന്‍ മോഷ്ടിച്ച ഐഫോണുകളുടെ വില.
നവീന്‍റെ മോഷണ രീതി തന്നെ വ്യത്യസ്തമാണ്, ആദ്യം തന്‍റെ വിതരണ മേഖലയില്‍ നിന്നും വ്യാജ അഡ്രസ്സുകള്‍ ഉണ്ടാക്കി ഫ്ളിപ്പ്കാര്‍ട്ടില്‍ ഐഫോണിന് ഓര്‍ഡര്‍ നല്‍കി. ഐഫോണ്‍ ഡെലിവറി ചെയ്യാന്‍ ഫ്ളിപ്പ്കാര്‍ട്ട് നവീനെ നിയോഗിക്കും, ആ സമയത്ത് ഐഫോണുമായി വീട്ടിലേക്ക് ഒരൊറ്റ മുങ്ങല്‍. പിന്നെ ‘വ്യാജ’ ഐഫോണ്‍ വെയര്‍ഹൗസിലേക്ക് തിരികെ അയക്കും.
എന്നിട്ട് പറയും ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന്. ഒരുമാസം കഴിഞ്ഞപ്പോഴാണ് മടങ്ങിവന്ന ഐഫോണുകള്‍ വ്യാജനാണെന്ന കാര്യം കമ്പനി അറിയുന്നത്. ഉടന്‍ തന്നെ അഭ്യന്തര അന്വേഷണം നടത്തി. ഐഫോണുകളെല്ലാം മടങ്ങിയത് ചെന്നൈ കൊറിയര്‍ ഓഫീസ് മേഖലയില്‍ നിന്നാണെന്ന കച്ചിത്തുരുമ്പ് മാത്രമേ ഫ്ളിപ്പ്കാര്‍ട്ടിന്റെ കൈവശമുണ്ടായിരുന്നുള്ളൂ.
അന്വേഷണത്തിന് പൊലീസ് കൂടി രംഗത്തിറങ്ങിയപ്പോള്‍ നവീന്‍ കയ്യോടെ പിടിയിലായി. നവീന്‍ പിടിയിലായതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ. അറസ്റ്റിലായതിന് പിന്നാലെ കുറ്റസമ്മതം നടത്തിയ നവീനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
