ഐഫോണ്‍ ഉപയോഗിച്ച് സ്വന്തം ക്യാന്‍സര്‍ കണ്ടെത്തിയ ഡോക്‌ടര്‍ വിസ്‌മയമായി. ഐഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന അള്‍ട്രാസൗണ്ട് സ്‌കാന്‍ മെഷീനാണ് ഡെന്‍വറിലെ വാസ്‌കുലാര്‍ സര്‍ജനായ ഡോ. ജോണ്‍ മാര്‍ട്ടിന്റെ ക്യാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചത്. ബട്ടര്‍ഫ്ലൈ നെറ്റ്‌വര്‍ക്ക് എന്ന കമ്പനിയാണ് ഐഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌കാന്‍ മെഷീന്‍ വികസിപ്പിച്ചത്. ബട്ടര്‍ഫ്ലൈ നെറ്റ്‌വര്‍ക്കിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ജോണ്‍ മാര്‍ട്ടിന്‍, ഈ സ്‌കാന്‍ മെഷീന്‍ വികസിപ്പിക്കുന്നതില്‍ പങ്കാളിയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഏറെനാളായി തൊണ്ടയിലുണ്ടായിരുന്ന അസ്വസ്ഥതയെക്കുറിച്ച്, ഐഫോണ്‍ അധിഷ്‌ഠിത അള്‍ട്രാസൗണ്ട് സ്‌കാന്‍ മെഷീന്‍ ഉപയോഗിച്ച് സ്വന്തമായി പരിശോധന നടത്തിയത്. അപ്പോള്‍ നാക്കിന്റെ ഉള്‍വശത്ത് തുടങ്ങിയ ക്യാന്‍സര്‍ തൊണ്ടയിലാകെ വ്യാപിച്ചതായി കണ്ടിരുന്നു. എന്നാല്‍ ഉടന്‍തന്നെ വിദഗ്ദ്ധ ചികില്‍സയിലൂടെ രോഗത്തെ മറികടക്കാന്‍ ഡോ. ജോണ്‍ മാര്‍ട്ടിന് സാധിച്ചു. ശസ്‌ത്രക്രിയയും അതിനുശേഷമുള്ള റേഡിയേഷന്‍ ചികില്‍സയുമാണ് ഡോക്‌ടറുടെ ജീവന്‍ രക്ഷിച്ചത്.