ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രണവിൻ്റെ വീട്ടിൽ നിന്ന് എംഡിഎംഎ ലഭിച്ചത്. പ്രണവ് കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബെഹറിനിലേക്ക് പോയിരുന്നു.
കൊല്ലം: കൊല്ലത്ത് വൻ ലഹരി വേട്ട. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് തീവ്രത കൂടിയ 100 ഗ്രാമിലേറെ എംഡിഎംഎ ഗുളികകൾ പിടിച്ചെടുത്തു. കൊറിയർ വഴി എത്തിച്ച് വിൽപന നടത്താൻ സൂക്ഷിച്ച എംഡിഎംഎയാണ് പിടികൂടിയത്. കേസിലെ പ്രധാന കണ്ണി ഡാൻസാഫ് സംഘത്തിൻ്റെ വലയിലായി.

ടൂറിസ്റ്റ് ബസിൽ രാവിലെ കടപ്പാക്കടയിൽ എത്തിയ അമ്മൻനട സ്വദേശി വിഷ്ണുവിനെ ഡാൻസാഫ് സംഘം പിടികൂടി. ഇൻഡോറിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന ഇയാളുടെ കൈവശം എംഡിഎംഎ ഉണ്ടെന്നായിരുന്നു ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരം. എന്നാൽ വിഷ്ണുവിൻ്റെ കൈവശം എംഡിഎംഎ ഉണ്ടായിരുന്നില്ല. യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തു.
ഒടുവിൽ യുവാവ് കാര്യങ്ങൾ തുറന്നു പറഞ്ഞു. സുഹൃത്തായ പ്രണവിന്റെ വീട്ടിലേക്ക് എംഡിഎംഎ കൊറിയർ ചെയ്തെന്നായിരുന്നു വെളിപ്പെടുത്തൽ. എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ പ്രണവിന്റെ ഓലയിൽക്കടവിലെ വീട്ടിൽ എത്തി ഡാൻസഫ് സംഘം പരിശോധന നടത്തി. തീവ്രത കൂടിയ 177 എംഡിഎംഎ ഗുളികകൾ കണ്ടെത്തി. കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.
പ്രണവ് കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബെഹറിനിലേക്ക് പോയിരുന്നു. മുത്തശ്ശി മാത്രമായിരുന്നു ഇന്ന് വീട്ടിൽ ഉണ്ടായിരുന്നത്. കുടുംബാംഗങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊറിയർ മാർഗം ലഹരി മരുന്ന് എത്തിച്ച് വിൽപന നടത്തുന്നതാണ് വിഷ്ണുവിൻ്റെയും പ്രണവിൻ്റെയും രീതിയെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടരുകയാണ്.
