Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? - ഇങ്ങനെ അറിയാം

വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണം നല്‍കാനും തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് ഫേസ്ബുക്കിന്റെ മറുപടി

Facebook data leak: How to check if hackers accessed your account, stole information
Author
Kerala, First Published Oct 14, 2018, 9:24 AM IST

സന്‍ഫ്രാന്‍സിസ്കോ: കഴിഞ്ഞ മാസമാണ് ഫേസ്ബുക്ക് ഹാക്കിങ്ങ് ചെയ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ വന്നത്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച്ചയാണ് ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചത്. ഹാക്കിങ്ങിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു. ഇതില്‍ 2.9 കോടിയാളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ എല്ലാം ചോര്‍ന്നതായാണ് പുറത്ത് വരുന്ന വിവരം.

വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണം നല്‍കാനും തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് ഫേസ്ബുക്കിന്റെ മറുപടി. ശേഖരിച്ച വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് പലതും സാധ്യമാണ്. വിവരങ്ങള്‍ പരിശോധിച്ച് ആളുകളുടെ താല്‍പര്യങ്ങളും മറ്റും കണക്ക് കൂട്ടി ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കെതിരെ വിവിധ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ ഈ വിവരങ്ങള്‍ കൊണ്ട് സാധിക്കും.

ഫേസ്ബുക്ക് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഹാക്ക് ചെയ്യപ്പെട്ട് അക്കൗണ്ടുകളുടെ യൂസര്‍നെയിം, ലിംഗഭേദം, ഭാഷ. വൈവാഹിക അവസ്ഥ, മതം, സ്വദേശം, നിലവില്‍ താമസിക്കുന്ന സ്ഥലം, ജനന തീയതി, ഫേസ്ബുക്കില്‍ കയറാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ഏതെല്ലാം, വിദ്യാഭ്യാസം, ജോലി, ടാഗ് ചെയ്തിട്ടുള്ള സ്ഥലങ്ങള്‍, ലൈക്ക് ചെയ്തിട്ടുള്ള സ്ഥലങ്ങള്‍, ആളുകള്‍, പേജുകള്‍, ഫേസ്ബുക്കില്‍ തിരഞ്ഞ ഏറ്റവും പുതിയ 15 കാര്യങ്ങള്‍ ഇവയെല്ലാം ഹാക്കര്‍മാരുടെ കൈവശമുണ്ട്.

തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് ഉപയോക്താക്കൾക്ക് പരിശോധിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം. ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഏതെല്ലാം വിവരങ്ങളാണ് ഹാക്കർമാരുടെ കൈവശമെത്തിയതെന്ന് ഇതിലൂടെ മനസിലാക്കാനാകും. സംശയകരമായ ഇ–മെയിലുകളും ടെക്സ്റ്റുകളും എങ്ങിനെയാണ് കണ്ടെത്തേണ്ടതെന്നും ഇവയെ എങ്ങിനെയാണ് നേരിടേണ്ടതെന്നും ഫെയ്സ്ബുക്ക് നിർദേശവും നൽകുന്നുണ്ട്. പേജിന്‍റെ അവസാനമുള്ള “Is my Facebook account impacted by this security issue?” എന്ന സ്ഥലത്താണ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരം ലഭിക്കുക.

Follow Us:
Download App:
  • android
  • ios