വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കുള്ള നുഴഞ്ഞുകയറ്റം; വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്ക്

First Published 11, Jan 2018, 5:00 PM IST
Facebook  deny WhatsApp group issue
Highlights

വാട്‌സ്ആപ് ഗ്രൂപ്പ് ചാറ്റിലെ സ്വാകര്യത ചോദ്യം ചെയ്ത് ജര്‍മ്മന്‍ ക്രിപ്‌റ്റോഗ്രാഫര്‍മാര്‍ രംഗത്തെത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്ക്. ഫേസ്ബുക്ക് വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് രഹസ്യമായി കയറാനാകില്ലെന്ന് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അലക്‌സ് സ്റ്റാമോസ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അലക്‌സ് വാര്‍ത്ത നിഷേധിച്ചത്.

ഗ്രൂപ്പില്‍ ഒരു പുതിയ അംഗം എത്തിയാല്‍ അത് ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കാണാന്‍ സാധിക്കും. ഒപ്പം ഗ്രൂപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ ആരെല്ലാം കണ്ടു എന്നും അറിയാനുള്ള വഴികള്‍ വാട്‌സ്ആപ്പിലുണ്ട്. 

വാട്‌സ്ആപ് സെര്‍വ്വറുകള്‍ തുറക്കാനാകുക വാട്‌സ്ആപ് സ്റ്റാഫിനും ഇതിന് അനുമതിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അതിവിദഗ്ധരായ ഹാക്കര്‍മാര്‍ക്കും മാത്രമാണ്. ഇനി ഹാക്കര്‍മാര്‍ ഹാക്ക് ചെയ്താല്‍ തന്നെ അവര്‍ക്ക് നേരത്തേ ഗ്രൂപ്പുകളിലുണ്ടായിരുന്ന സന്ദേശങ്ങള്‍ കാണാനാകില്ല. അവയെല്ലാം എന്റ് ടു എന്റ് എന്‍ക്രിപ്റ്റഡാണെന്നും അലക്‌സ് സ്റ്റാമോസ് പറഞ്ഞു.

യൂസര്‍മാരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള എന്‍ക്രിപ്ഷന്‍ സംവിധാനം ഒരുക്കുമ്പോഴും വാട്‌സ്ആപ്പില്‍ സുരക്ഷാ പിഴവുകളുണ്ടെന്ന് ജര്‍മ്മന്‍ ക്രിപ്‌റ്റോഗ്രാഫര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഡ്മിന്റെ അനുമതിയില്ലാതെ തന്നെ സ്വകാര്യ ഗ്രൂപ്പ് ചാറ്റുകളില്‍ മറ്റുള്ളവര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ഇത് സൃഷ്ടിക്കുമെന്നാണ് ജര്‍മ്മ ന്‍ ടീം നല്‍കുന്ന മുന്നറിയിപ്പ്.

സാധാരണയായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ക്കുമാത്രമേ ക്ഷണിക്കാനാകൂ. എന്നാല്‍ ജര്‍മ്മന്‍ ക്രിപ്‌റ്റോഗ്രാഫര്‍മാര്‍ തയ്യാറാക്കിയ സര്‍വര്‍ നടത്തുന്ന ഇന്‍വിറ്റേഷനുകള്‍ നിയന്ത്രിക്കാന്‍ വാട്‌സ്ആപ്പ് യാതൊരു ക്രമീകരണം ഉപയോഗിക്കുന്നില്ല. അതിനാല്‍ സെര്‍വ്വറുകള്‍ക്ക് പെട്ടെന്നു തന്നെ അഡ്മിന്റെ അനുവാദമില്ലാതെ പുതിയ അംഗങ്ങളെ ഗ്രൂപ്പിലേക്ക് ചേര്‍ക്കാനും സാധിക്കും. 

അതോടെ ആ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും ഫോണില്‍ നിന്ന് അയക്കുന്ന സന്ദേശങ്ങള്‍ രഹസ്യമായി ഗ്രൂപ്പില്‍ ചേര്‍ന്ന പുതിയ അംഗത്തിന്റെ ഫോണിലേക്ക് എത്തും. കൂടാതെ ആ ഗ്രൂപ്പിലെ എല്ലാ ആക്ടിവിറ്റികളും മനസിലാക്കാന്‍ കഴിയുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പില്‍ രണ്ടുവര്‍ഷം മുമ്പാണ് സുരക്ഷയുടെ പേരില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ കൊണ്ടുവന്നത്. എന്നാല്‍ ഇത് പ്രഖ്യാപിക്കപ്പെട്ട തരത്തില്‍ ഫലപ്രദമല്ലെന്നാണ് ക്രിപ്‌റ്റോഗ്രാഫര്‍മാരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.


 

loader