ഫേസ്‍ബുക്കിന് പുതിയ കുരുക്ക്; 'മുഖം പകര്‍ത്തുന്ന ടൂള്‍' കോടതി കയറും

First Published 17, Apr 2018, 7:47 PM IST
facebook facial recognition tool to face legal actions
Highlights

മുഖത്തിന്റെ  സവിശേഷതകള്‍  പകര്‍ത്തുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍ ഉപയോഗിച്ചതിനാണ് നടപടി.

കോലിഫോര്‍ണിയ: വിവരം ചോര്‍ത്തല്‍ വിവാദത്തിനു പിന്നാലെ സ്വകാര്യത സംബന്ധിച്ച പുതിയ കുരുക്കില്‍ ഫേസ്‍ബുക്ക്. ഉപഭോക്താക്കളുടെ  അനുവാദമില്ലാതെ ചിത്രങ്ങളിലെ മുഖത്തിന്റെ സവിശേഷതകള്‍ പകര്‍ത്തുന്ന പുതിയ 'ടൂള്‍' ഉപയോഗിച്ചതിന് കമ്പനി നടപടി നേരിടേണ്ടി വരും. കലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി ജഡ്ജിയാണ് നിയമനടപടിയ്‌ക്ക് നിര്‍ദേശിച്ചത്.

മുഖത്തിന്റെ  സവിശേഷതകള്‍  പകര്‍ത്തുന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍ ഉപയോഗിച്ചതിനാണ് നടപടി. ഇന്ത്യക്കാരനായ നിമേഷ് പട്ടേല്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഉപഭോക്താക്കളാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. 'ബയോമെട്രിക്' വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇല്ലിനോയില്‍ നിലവിലുള്ള പ്രാദേശിക നിയമത്തെ ലംഘിക്കുന്നതാണ് എഫ്ബിയുടെ നടപടിയെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്ന് നിയമനടപടിയ്‌ക്ക് നിര്‍ദേശിച്ചു.
അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും ഫലപ്രദമായി നേരിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഫേസ്‍ബുക്ക് പ്രതികരിച്ചു. ടൂളിന്റെ ഉപയോഗം പരിമിതപ്പെടുത്താനുള്ള അവകാശം ഉപയോക്താക്കള്‍ക്കു നല്‍കിയിട്ടുണ്ടെന്നും ഫേസ്‍ബുക്ക് അറിയിച്ചു. സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ 2012ല്‍ യുറോപ്പില്‍നിന്ന് ഈ ടൂള്‍ പിന്‍വലിച്ചിരുന്നു.

loader