Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കിനെ ചതിച്ചത് ഉള്ളില്‍ നിന്ന് തന്നെ?

ഫേസ്ബുക്കിന്‍റെ ഹാക്കിംഗ് സംബന്ധിച്ച് പുറത്ത് എത്തുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്, ഹാക്കിങ്ങിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു. ഇതില്‍ 2.9 കോടിയാളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ എല്ലാം ചോര്‍ന്നതായാണ് പുറത്ത് വരുന്ന വിവരം.

facebook hack real truth
Author
San Francisco, First Published Oct 14, 2018, 12:59 PM IST

സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്കിലെ ഏറ്റവും വലിയ സൈബര്‍ വിവര ചോര്‍ച്ചയാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. 2.9 കോടിപ്പേരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നും, എന്നാല്‍ ചോര്‍ത്തിയ വിവരങ്ങള്‍ അത്ര ഗൌരവമുള്ളതല്ലെന്നുമാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ഫേസ്ബുക്കിന് കാര്യമായ ആശങ്കയുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്. അടുത്തിടെ ഇത്തരം ചോര്‍ച്ചയുടെ  പേരില്‍ ഗൂഗിള്‍ പ്ലസ് അടച്ച് പൂട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചിരുന്നു.

ഫേസ്ബുക്കിന്‍റെ ഹാക്കിംഗ് സംബന്ധിച്ച് പുറത്ത് എത്തുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്, ഹാക്കിങ്ങിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു. ഇതില്‍ 2.9 കോടിയാളുകളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ എല്ലാം ചോര്‍ന്നതായാണ് പുറത്ത് വരുന്ന വിവരം.

വിവരങ്ങള്‍ ചോര്‍ന്ന ഉപയോക്താക്കള്‍ക്ക് ഒരു തരത്തിലുള്ള സംരക്ഷണം നല്‍കാനും തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് ഫേസ്ബുക്കിന്റെ മറുപടി. ശേഖരിച്ച വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് പലതും സാധ്യമാണ്. വിവരങ്ങള്‍ പരിശോധിച്ച് ആളുകളുടെ താല്‍പര്യങ്ങളും മറ്റും കണക്ക് കൂട്ടി ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കെതിരെ വിവിധ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കാന്‍ ഈ വിവരങ്ങള്‍ കൊണ്ട് സാധിക്കും.

ഫേസ്ബുക്ക് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഹാക്ക് ചെയ്യപ്പെട്ട് അക്കൗണ്ടുകളുടെ യൂസര്‍നെയിം, ലിംഗഭേദം, ഭാഷ. വൈവാഹിക അവസ്ഥ, മതം, സ്വദേശം, നിലവില്‍ താമസിക്കുന്ന സ്ഥലം, ജനന തീയതി, ഫേസ്ബുക്കില്‍ കയറാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ ഏതെല്ലാം, വിദ്യാഭ്യാസം, ജോലി, ടാഗ് ചെയ്തിട്ടുള്ള സ്ഥലങ്ങള്‍, ലൈക്ക് ചെയ്തിട്ടുള്ള സ്ഥലങ്ങള്‍, ആളുകള്‍, പേജുകള്‍, ഫേസ്ബുക്കില്‍ തിരഞ്ഞ ഏറ്റവും പുതിയ 15 കാര്യങ്ങള്‍ ഇവയെല്ലാം ഹാക്കര്‍മാരുടെ കൈവശമുണ്ട്.

ആരാണ് ഇതിന് പിന്നില്‍ എന്ന അന്വേഷണം ഫേസ്ബുക്കിന്‍റെ ഉള്ളില്‍ പൂര്‍ത്തിയായെന്നും  ആരാണെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിന് അടക്കം അറിയാം എന്നാണ് പുതിയ വാര്‍ത്ത. വിവര ചോര്‍ച്ചയില്‍ ഫെഡറല്‍ അന്വേഷണം നടക്കുന്നതിനാല്‍ എഫ്ബിഐയുടെ തന്നെ നിര്‍ദ്ദേശത്തിലാണ് ഫേസ്ബുക്ക് ആരാണ് വിവര ചോര്‍ച്ചയ്ക്ക് പിന്നില്‍ എന്ന കാര്യം പറയാത്തത് എന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്‍റെ ഉള്ളില്‍ തന്നെയാണ് വില്ലന്‍ എന്നാണ് സൂചന.

പുറത്തായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും ഫേസ്ബുക്കിന് തീര്‍ച്ചയില്ല എന്നതാണ് രസകരമായ കാര്യം. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളേയോ ഫേസ്ബുക്കിന്റെ തന്നെ വാട്‌സാപ്പിനേയോ ഇന്‍സ്റ്റഗ്രാമിനേയോ സൈബര്‍ ആക്രമണം ബാധിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് വാദം.

Follow Us:
Download App:
  • android
  • ios