ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫേസ്ബുക്ക് ആദ്യമായി ഇന്ത്യയില്‍ പണിമുടക്കി. പലയിടങ്ങളിലും പോസ്റ്റുകള്‍ ചെയ്യാനും അക്കൗണ്ട് ഉപയോഗിക്കാനും തടസം നേരിടുന്നതായും ഫേസ്ബുക്കില്‍ നിന്ന് ഇറര്‍ മെസേജുകള്‍ ലഭിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

ഡെസ്‌ക് ടോപ്, ആപ്പ് എന്നിവയിലും ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ചാറ്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോസ്റ്റ് ചെയ്യുമ്പോള്‍ താല്‍ക്കാലികമായി പോസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും അല്‍പ സമയത്തിനു ശേഷം ശ്രമിക്കാനും നിര്‍ദ്ദേശിക്കുന്ന സന്ദേശമാണ് ലഭിക്കുന്നത്.

നിലവില്‍ ഫേസ്ബുക്ക് പണിമുടക്കിയതിന്റെ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും സൈറ്റ് നവീകരണത്തിന്റെ ഭാഗമായി ചിലപ്പോള്‍ ഫേസ്ബുക്ക് പ്രവര്‍ത്തിക്കില്ലെന്ന് ഫേസ്ബുക്ക് മറുപടി സന്ദേശം നല്‍കുന്നുണ്ട്. ഒരിടത്ത് ഫേസ്ബുക്ക് ലഭിക്കുന്നില്ലെന്നതിനാല്‍ എല്ലായിടത്തും അങ്ങനെ ആയിരിക്കണമില്ലെന്നും സന്ദേശത്തില്‍ പറയുന്നു. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ അംഗങ്ങളായിട്ടുള്ള സോഷ്യല്‍ മിഡിയ ഫേസ്ബുക്ക് താല്‍ക്കാലികമായെങ്കിലും പണിമുടക്കുന്നത് ബിസിനസ് സ്ഥാപനങ്ങളെയടക്കം പ്രതിസന്ധിയിലാക്കും.

ഫേസ്ബുക്ക് പ്രവര്‍ത്തനം പലയിടത്തും നിലച്ചതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇടയ്ക്ക് പോസ്റ്റുകള്‍ നല്‍കാന്‍ സാധിക്കുന്നുണ്ടെങ്കിലും പലപ്പോഴും പ്രവര്‍ത്തനങ്ങള്‍ നിലയക്കുന്നുണ്ട്. ഒരേസമയം വിവിധയിടങ്ങളില്‍ ഫേസ്ബുക്ക് പ്രവര്‍ത്തനം നിലച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചിലയിടങ്ങളില്‍ പ്രവര്‍ത്തനം സാധാരണഗതിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്.