സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളിലുടെയും വെബ് ക്യാമറകളിലൂടെയും ഉപഭോക്താക്കളെ നിരീക്ഷിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ഫേസ്ബുക്ക് കരസ്തമാക്കിയതായി റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തെത്തിയ ഫെയ്‌സ്ബുക്ക് സമര്‍പ്പിച്ച പേറ്റന്റ് രേഖയിലാണ് ഈ വിവരങ്ങളടങ്ങിയിരിക്കുന്നതെന്ന് പാശ്ചാത്വ ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 നവംബര്‍ 24ന് ഫയലില്‍ സ്വീകരിച്ച പേറ്റന്റ് അപേക്ഷയ്ക്ക് 2017 മെയ് 25ന് അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഫേസ്ബുക്ക് ടൈം ലൈനില്‍ വ്യത്യസ്തങ്ങളായ വിവരങ്ങള്‍ തെളിയുമ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടാകുന്ന ഭാവചലനങ്ങള്‍ നിരീക്ഷിക്കാനാണ് ഫെയ്‌സ്ബുക്ക് പുതിയ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നത്. ഇതോടൊപ്പം തന്നെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് ഫീഡില്‍ വരുന്ന ഉള്ളടക്കം ഇതിനനുസരിച്ച് ക്രമീകരിക്കപ്പെടും. 

നിങ്ങളൂടെ ഒരു സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രം കാണുമ്പോള്‍ നിങ്ങള്‍ ചിരിക്കുകയാണെങ്കില്‍ ഫെയ്‌സ്ബുക്കിന്റെ പുതിയ സാങ്കേതിക വിദ്യ നിങ്ങളുടെ മുഖഭാവം നിരീക്ഷിക്കുയും ആ സുഹൃത്ത് പോസ്റ്റ് ചെയ്യുന്ന മറ്റുചിത്രങ്ങള്‍ കൂടി നിങ്ങളുടെ ന്യൂസ്ഫീഡില്‍ പ്രദര്‍ശിപ്പിക്കും. ഇനി ഏതെങ്കിലും പോസ്റ്റുകളോട് നിങ്ങള്‍ മുഖം തിരിക്കുകയാണെങ്കില്‍ നിങ്ങളുടെ ന്യൂസ്ഫീഡില്‍ കാണിക്കാതെ ഫേസ്ബുക്ക് തടയുകയും ചെയ്യും. എന്നാല്‍ വളരെ ലളിതമായി ഫേസ്ബുക്ക് ഉപയോക്താവിന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറാം എന്നതാണ് ഇതിനെതിരെ ഉയരുന്ന വിമര്‍ശനം.