കഴിഞ്ഞ നാലു വര്‍ഷമായാണ് ഫേസ്ബുക്ക് ഇന്റര്‍നെറ്റ് ലോകത്ത് വന്‍ വളര്‍ച്ച കൈവരിച്ചത്. ഈ കാലയളവില്‍ ഫേസ്ബുക്കിനൊപ്പമുണ്ടായിരുന്ന മിടുക്കനായ എഞ്ചിനിയറായിരുന്നു മൈക്കല്‍ സേമാന്‍. 17 വയസുള്ളപ്പോള്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഫേസ്ബുക്കിലെത്തിയ സേമാന്‍ നാലുവര്‍ഷത്തെ ഫേസ്ബുക്ക് ജീവിതത്തിന് തിരശീലയിടുകയാണ്. ഗൂഗിളിന്റെ പ്രധാനപ്പെട്ട ഉല്‍പന്നമായ അസിസ്റ്റന്റിന്റെ പ്രോഡക്‌ട് മാനേജറായിട്ടാണ് സേമാന്റെ നിയമനം. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഒ എസിലെ ഇന്ററാക്‌ടീവ് ആപ്പാണ് അസിസ്റ്റന്റ്. ആപ്പിള്‍ സിരി, ആമസോണ്‍ അലക്‌സ എന്നിവയാണ് നിലവില്‍ അസിസ്റ്റന്റിന്റെ എതിരാളികള്‍.

ഫേസ്ബുക്കിലെ ഏറ്റവും പ്രായംകുറഞ്ഞ എഞ്ചിനിയര്‍മാരില്‍ ഒരാളായിരുന്ന മൈക്കല്‍ സേമാന്‍ ഇതിനോടകം കഴിവ് തെളിയിച്ചതാണ്. ഫേസ്ബുക്കിലെ വിപ്ലവകരമായ നിരവധി മാറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് സേമാന്റെ മികവായിരുന്നു. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഇഷ്‌ട സഹപ്രവര്‍ത്തകരില്‍ ഒരാളാകാനും സേമാന് കഴിഞ്ഞിരുന്നു. ഗൂഗിളില്‍ നിന്ന് ലഭിച്ച സ്വപ്‌നസമാനമായ ഓഫര്‍ സ്വീകരിക്കാന്‍ മൈക്കല്‍ സേമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കരിയറില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ ഇത്തരമൊരു മാറ്റം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് മൈക്കല്‍ സേമാന്‍.