ദില്ലി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റായ വാര്‍ത്തകള്‍ ഇന്ന് പ്രചരിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഫേസ്ബുക്ക് ഇത്തരം വ്യാജ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും എതിരെ നടപടികള്‍ ആരംഭിച്ചിട്ട് കുറച്ചുകാലമായി. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് വ്യാജവാര്‍ത്തയുടെ പേരില്‍ വലിയ വിമര്‍ശനമാണ് ഫേസ്ബുക്ക് ഏറ്റുവാങ്ങിയത്. ഇതിനാല്‍ തന്നെ തുടര്‍ന്ന് വ്യാജവാര്‍ത്തകള്‍ക്കെതിരെ വലിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നാണ് ഫേസ്ബുക്ക് അവകാശവാദം. ഈ നീക്കത്തിന്‍റെ പുതിയ ഉത്പന്നമാണ് ഇപ്പോള്‍ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ടൈംലൈനില്‍ എത്തുവാന്‍ തുടങ്ങിയിരിക്കുന്നു.

ഫേസ്ബുക്ക് വാളിയില്‍ നൂറുകണക്കിന് ന്യൂസ് ലിങ്കുകള്‍ ലഭിക്കുന്നവരാണ് ഒരോ ഫേസ്ബുക്ക് ഉപയോക്താവും. എന്നാല്‍ ഇവയില്‍ വിശ്വസിക്കാവുന്ന വാര്‍ത്തകള്‍ ഏത് എന്ന് അറിയാതെ ഷെയര്‍ ചെയ്തോ റിയാക്ഷനിടുന്നവരോ ഏറെയാണ്. ഈ അവസരത്തിലാണ് ഒരോ ലിങ്കിന്‍റെയും വലത് വശത്ത് താഴെയായി ഐ എന്ന ചിഹ്നം നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ലിങ്ക് അയച്ച സൈറ്റിന്‍റെ വിവരങ്ങള്‍ ലഭിക്കും. ഒപ്പം ഈ പേജില്‍ നിന്നും പ്രസിദ്ധീകരിച്ച അവസാനത്തെ 3 ലിങ്കുകള്‍, സൈറ്റിന്‍റെ വിലാസം എന്നിവ ലഭിക്കും. അതായത് നിങ്ങളുടെ ഫേസ്ബുക്ക് വാളില്‍ ഒരു വാര്‍ത്ത ലിങ്ക് പ്രത്യക്ഷപ്പെട്ടാല്‍ അത് അയച്ച ഉറവിടത്തിന്‍റെ വിശ്വസ്തത അപ്പോള്‍ തന്നെ ഉറപ്പാക്കാന്‍ സാധിക്കും.

അതിനിടയില്‍ ഇന്ത്യയില്‍ അടക്കം തെരഞ്ഞെടുപ്പ് അട്ടിമറികൾ തടയാൻ കർശന നടപടികളുമായി ഫേസ്ബുക്ക് മുന്നോട്ട് നീങ്ങുകയാണ്. ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോർത്തലും നിരീക്ഷിക്കാൻ പ്രത്യേക സമിതിക്ക് കമ്പനി രൂപം നൽകി. കമ്പനി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വാർ റൂമിലേക്ക് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.

മെൻലോ പാർക്ക് ആസ്ഥാനത്തെ യുദ്ധമുറിയിലെ മോണിട്ടറിലേക്ക് എത്തുന്ന വിവരങ്ങളിൽ കണ്ണും നട്ടിരിക്കുകയാണ് വിദ്ധരുടെ സംഘം. ഡേറ്റാ സയന്‍റിസ്റ്റുകൾ, നിയമവിദഗ്ധർ, സോഫ്റ്റ് വെയർ എഞ്ചീനീയർമാർ എന്നിങ്ങനെ വിവിധ മേഖലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് സംഘാംഗങ്ങൾ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ഫേസ്ബുക്ക് ഉപയോഗിക്കപ്പെട്ടു എന്ന പേരുദോഷം മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. വാർ റൂമിലെ വിദഗ്ധരെ കൂടാതെ 20,000 സുരക്ഷാ ജീവനക്കാർ ഫേസ്ബുക്കില്‍ വേറെയും ഉണ്ട്. ഇവർക്കൊപ്പം കൃത്രിമ ബുദ്ധിയുടെ സാധ്യതകൾ കൂടി ചേരുന്നതോടെ കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ മറികടക്കാമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വാർറൂമിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നൽകിയത്.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലുൾപ്പെടെ ഫേസ്ബുക്ക് ഉപയോഗിച്ചുള്ള അട്ടിമറി ആരോപണം ശക്തമായി ഉയർന്നിരുന്നു. കാംബ്രിഡ്ജ് ആനലിറ്റിക്ക വിവാദം കൂടി വന്നപ്പോൾ കമ്പനി കടുത്ത പ്രതിരോധത്തിലുമായി. അന്നെല്ലാം ആരോപങ്ങൾ നിഷേധിച്ച ഫേസ്ബുക്ക് വാർ റൂമിലൂടെ നിലപാട് മയപ്പെടുത്തുകയാണ്. അമേരിക്കയിലും ബ്രസീലിലും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നില്ലാന്ന് ഉറപ്പാക്കുകയാണ് വാർ റൂമിന്‍റെ ആദ്യ കടമ്പ. വ്യാജ വിവരങ്ങൾ തടയുക, വിവരങ്ങൾ ചോരാതെ നോക്കുക എന്നതാണ് വാർ റൂമിലെ പടയാളികൾക്ക് മുന്നിലെ വെല്ലുവിളി.