ചെന്നൈ: ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. സതീഷ്ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് 9.57നാണ് ഹൈസിസ് വിജയകരമായ വിക്ഷേപണം നടത്തിയത്. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് ഹൈസിസ്. 

ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് നിരീക്ഷിക്കുകയാണ് ലക്ഷ്യം. പിഎസ്എല്‍വി സി-43 ലാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിക്കുന്നത്. ഹൈസിസിനൊപ്പം അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് മുപ്പത് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി-43 ഭ്രമണപഥത്തില്‍ എത്തിക്കും.  രാവിലെ 5.57നാണ് കൗണ്ടൗണ്‍ ആരംഭിച്ചത്.

ഐെഎസ്ആര്‍ഒ തന്നെ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഹൈസിസ്. ഭൂമിയുടെ ഉപരിതലത്തിലുള്ള ചിത്രങ്ങള്‍ വളരെ അടുത്ത് നിന്ന് ഒപ്പിയെടുക്കാന്‍ സാധിക്കുമെന്നാണ് ഉപഗ്രഹത്തിന്‍റെ പ്രത്യേകത. തീരദേശ മേഖലയുടെ നിരീക്ഷണം, ഉള്‍നാടന്‍ ജലസംവിധാനം, സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  അഞ്ച് വര്‍ഷമാണ് ഉപഗ്രഹത്തിന്‍റെ കാലാവവധി. 636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് ഹൈസിസ് വിക്ഷേപിക്കുന്നത്.

പിഎസ്എല്‍വി ശ്രേണിയിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ വാഹനമാണ് പിഎസ്എല്‍വി സി-43. 28 അമേരിക്കന്‍ ഉപഗ്രഹങ്ങളും സ്വിറ്റ്സര്‍ലാന്‍റ്, മലേഷ്യ, സ്പെയിന്‍ തുടങ്ങി എട്ടോളം രാജ്യങ്ങലുടെ ചെറിയ ഉപഗ്രങ്ങളും ഒപ്പം വിക്ഷേപിക്കുന്നുണ്ട്.  112 മിനിറ്റാണ് ദൗത്യത്തിന്‍റെ ദൈര്‍ഘ്യം.