ബംഗളുരു: കാർട്ടോസാറ്റ് 2 സീരീസിലെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം പകര്‍ത്തിയ ആദ്യ ചിത്രം ഐസ്ആര്‍ഒ പുറത്തുവിട്ടു. ഇന്ത്യയുടെ നൂറാം ഉപഗ്രഹമാണ് ഇത്. ജനുവരി 15ന് ഉപഗ്രഹം പകര്‍ത്തിയ ചിത്രം മധ്യപ്രദേശിലെ ഇന്‍ഡോര്‍ സിറ്റിയുടേതാണ്. വിക്ഷേപിച്ച് മൂന്ന് ദിവസത്തിന്  ശേഷമാണ്ഉപഗ്രഹം ചിത്രം പകര്‍ത്തിയത്. 

ജനുവരി 12ന് രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി സി 40 റോക്കറ്റ് കാര്‍ട്ടോസാറ്റ് -2 വുമായി കുതിച്ചുയര്‍ന്നത്.  കാർട്ടോസാറ്റ് 2 സീരിസിലെ പ്രധാന ഉപപഗ്രഹത്തിനൊപ്പം 30 സഹഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി ആകാശത്തേക്ക് കുതിച്ചത്. ഇതിൽ 28 ഉപഗ്രഹങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളതാണ്. 

ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് കോർപ്പറേഷനുമായുള്ളയുടെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിക്ഷേപണങ്ങൾ. ഇന്ത്യയുടെ തന്നെ രണ്ട് ചെറുഉപഗ്രഹങ്ങളും പിഎസ്എൽവി സി 40 ൽ ഉണ്ടായിരുന്നു.

റിമോർട്ട് സെൻസിംഗിനുള്ള അത്യാധുനിക ഉപഗ്രഹമാണ് പിഎസ്എൽവി സി 40 ഭ്രമണപഥത്തിലെത്തിച്ച കാർട്ടോസാറ്റ് 2 സീരിസിലെ ഉപഗ്രഹം . ഇന്ത്യൻമേഖലയുടെ വളരെ കൃത്യതയുള്ള ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന പ്രത്യേക ക്യാമറകളാണ് ഉപഗ്രഹത്തിലുള്ളത്. 710 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭൂമിയിൽ നിന്ന് 505 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് റോക്കറ്റ് എത്തിച്ചിരിക്കുന്നത്.