ആപ്പിളിന്‍റെ ചരിത്രത്തിലെ കന്നി ഫോള്‍ഡബിള്‍ ഐഫോണിനെ കുറിച്ച് കൂടുതല്‍ ലീക്കുകള്‍ പുറത്ത്. ഏറ്റവും സ്ലിമ്മായ ഐഫോണ്‍ എന്ന വിശേഷമുള്ള ഐഫോണ്‍ എയറിന്‍റെ രണ്ട് ഫോണുകള്‍ ചേര്‍ത്തുവച്ചാല്‍ ഫോള്‍ഡബിള്‍ ഐഫോണാവുമെന്ന് റിപ്പോര്‍ട്ട്.
കാലിഫോര്‍ണിയ: ആപ്പിള്‍ ഐഫോണ്‍ 17 സീരീസിനൊപ്പം അവതരിപ്പിച്ചിരുന്ന ഐഫോണ്‍ എയര്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണായിരുന്നു ഐഫോണ്‍ എയര്‍. ഐഫോണ്‍ എയര്‍ അതിന്‍റെ 5.6 മില്ലീമീറ്റര്‍ കട്ടിയും കരുത്തുറ്റ ഫീച്ചറുകളും കൊണ്ട് അമ്പരപ്പിക്കുമ്പോഴും ഇതൊരു വെറും ഡിസൈന്‍ ഗിമ്മിക്‌സല്ല എന്നാണ് ടെക് ലോകത്തെ നിരീക്ഷണം. വരാനിരിക്കുന്ന കന്നി ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ടീസറാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഐഫോണ്‍ എയര്‍ എന്ന് ബ്ലൂബെര്‍ഗിന്‍റെ മാര്‍ക് ഗുര്‍മാന്‍ അടക്കമുള്ളവര്‍ പറയുന്നു. രണ്ട് ഐഫോണ്‍ എയറുകള്‍ ചേര്‍ത്തുവച്ചാല്‍ എങ്ങനെയാണോ വരിക, അതാണ് ഫോള്‍ഡബിള്‍ ഐഫോണിന്‍റെ ഡിസൈന്‍ എന്നാണ് ഗുര്‍മാന്‍റെ വാക്കുകള്‍.
ഐഫോണ്‍ എയര്‍ ഒരു ടീസര്‍
5.6 എംഎം ഫ്രെയിമും 6.5 ഇഞ്ച് ഡിസ്‌പ്ലെയുമായി ഏറ്റവും കട്ടി കുറഞ്ഞ ഐഫോണാണ് പുത്തന്‍ ഐഫോണ്‍ എയര്‍. അടുത്ത വര്‍ഷം (2026) പുറത്തിറങ്ങാനിരിക്കുന്ന ഫോള്‍ഡബിള്‍ ഐഫോണിന് മുമ്പുള്ള എഞ്ചിനീയറിംഗ് പരീക്ഷണമാണ് ഈ സ്ലിം ഫോണെന്ന് ടെക് വിദഗ്‌ധര്‍ പറയുന്നു. ആപ്പിള്‍ വിവരങ്ങള്‍ ഏറ്റവും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന ബ്ലൂംബെര്‍ഗിന്‍റെ മാര്‍ക് ഗുര്‍മാന്‍ പുറത്തുവിടുന്ന വിവരങ്ങള്‍ നിര്‍ണായക സൂചനയാണ്. 2026ലെ ഐഫോണ്‍ ലൈനപ്പിലെ സ്റ്റാറായിരിക്കും ആപ്പിളിന്‍റെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍. രണ്ട് ടൈറ്റാനിയം ഐഫോണ്‍ എയര്‍ ഫോണുകള്‍ സൈഡ്-ബൈ-സൈഡ് വച്ചാല്‍ ഐഫോണ്‍ ഫോള്‍ഡബിള്‍ ആകുമെന്ന് ഗുര്‍മാന്‍ സൂചിപ്പിക്കുന്നു. സാധാരണ ഐഫോണുകളേക്കാള്‍ കട്ടി കുറഞ്ഞ രൂപത്തില്‍, അതായത് ഐഫോണ്‍ എയറിന്‍റെ മാതൃകയിലാണ് ഈ ഫോള്‍ഡബിള്‍ ഐഫോണ്‍ വരികയെന്നാണ് മാര്‍ക് ഗുര്‍മാന്‍ നല്‍കുന്ന സൂചന. ഒരു ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിനെ എത്രത്തോളം സ്ലിമ്മാക്കാം എന്ന പരീക്ഷണത്തിന്‍റെ ഭാഗമാണ് ഐഫോണ്‍ എയര്‍ എന്ന് ടെക് ലോകം ചിന്തിക്കുന്നു. ഇക്കാര്യം ശരിയെങ്കില്‍ വെറും 5.6 മില്ലീമീറ്റര്‍ മാത്രം കട്ടിയുള്ള ഐഫോണ്‍ എയര്‍ നിര്‍മ്മിച്ച ആപ്പിള്‍ എഞ്ചിനീയര്‍മാര്‍ ഹാര്‍ഡ്‌വെയറുകളുടെ സൈസുകള്‍ കുറയ്‌ക്കുന്നതില്‍ ഇതിനകം വലിയ നാഴികക്കല്ല് താണ്ടിയിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍.
ഫോള്‍ഡബിള്‍ ഐഫോണ്‍- കൂടുതല്‍ വിവരങ്ങള്‍
2026ല്‍ ലോഞ്ച് ചെയ്യേണ്ട ഐഫോണ്‍ ഫോള്‍ഡിന്‍റെ അണിയറ ഒരുക്കങ്ങള്‍ ആപ്പിള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് വിവരം. പരീക്ഷണ നിര്‍മ്മാണം തായ്‌വാനില്‍ നടത്താന്‍ ആപ്പിള്‍ സപ്ലൈയര്‍മാരുമായി ചര്‍ച്ചയിലാണ്. ഫോള്‍ഡബിള്‍ ഐഫോണിന്‍റെ നിര്‍മ്മാണം ഇന്ത്യയിലായിരിക്കും പ്രധാനമായും നടക്കുക എന്നും നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മാര്‍ക് ഗുര്‍മാന്‍ പറയുന്നത് ചൈനയിലെ ഫോക്‌സ്‌കോണ്‍ യൂണിറ്റുകളായിരിക്കും ഫോള്‍ഡബിളും കൂടുതലായി അസെംബിള്‍ ചെയ്യുക എന്നാണ്. ഫോള്‍ഡബിള്‍ ഐഫോണിന് 7.8 ഇഞ്ച് ഇന്നര്‍ ഡിസ്‌പ്ലെയും, 5.5 ഇഞ്ച് ഔട്ടര്‍ ഡിസ്‌പ്ലെയുമാണ് ഉണ്ടാവുകയെന്നും ക്രീസ്-ഫ്രീ പാനലായിരിക്കും ഇതെന്നും നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യുഎസില്‍ 1999 ഡോളറായിരിക്കും ഐഫോണ്‍ ഫോള്‍ഡിന്‍റെ ആരംഭ വിലയെന്നും ജെപി മോര്‍ഗന്‍റെ സമിക് ചാറ്റര്‍ജി വ്യക്തമാക്കിയിരുന്നു.



