Asianet News MalayalamAsianet News Malayalam

ഐഫോണ്‍ വില്‍പ്പന തണുത്ത മട്ടില്‍; ആശങ്കയോടെ ആപ്പിള്‍

ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ  1500 ഐഫോണ്‍ റീടെയ്‌ലര്‍മാരില്‍ നിന്നും 40-45 ശതമാനം സ്റ്റോക് ഇതുവരെ തീര്‍ന്നിട്ടില്ലെന്നാണ് പറയുന്നത്

For first time, new iPhones get weak response in India
Author
Mumbai, First Published Oct 4, 2018, 9:37 AM IST

ദില്ലി: പുതിയ ഐഫോണുകളുടെ വില്‍പ്പനയില്‍ ഇന്ത്യയില്‍ ആപ്പിളിന് വലിയ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ Xഎസ്, Xഎസ് മാക്സ് ഫോണുകളോട് തണുത്ത പ്രതികരണമാണ് ഇന്ത്യയില്‍ എന്നാണ് റിപ്പോര്‍ട്ട്. മുന്‍പ്  ഐഫോണിന്‍റെ പുതിയ ഫോണ്‍ ഇറങ്ങുമ്പോള്‍ ആപ്പിള്‍ പ്രേമികള്‍ ക്യൂ നിന്നും മറ്റും ആവേശത്തോടെ സ്വീകരിച്ചിരുന്നു. മുൻപൊരിക്കലും ആവശ്യത്തിനു വേണ്ട ഫോണുകള്‍ ആപ്പിളിന് ഇന്ത്യയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല.

ഒരു ലക്ഷം ഐഫോണ്‍ XS/XS മാക്‌സ് ഫോണുകളാണ് ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ  1500 ഐഫോണ്‍ റീടെയ്‌ലര്‍മാരില്‍ നിന്നും 40-45 ശതമാനം സ്റ്റോക് ഇതുവരെ തീര്‍ന്നിട്ടില്ലെന്നാണ് പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എത്തിയത് വില കൂടിയ മോഡലുകളാണ് എന്നതാണ് ഇത്തരം ഒരു വില്‍പ്പന വരള്‍ച്ചയ്ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ വര്‍ഷം ആദ്യമെത്തിയത് താരതമ്യേന വില കുറഞ്ഞ ഐഫോണ്‍ 8/8പ്ലസ് മോഡലുകള്‍ ആളുകളെ ആകര്‍ഷിച്ചിരുന്നു. ഐഫോണ്‍ X പിന്നീടാണ് എത്തിയത്. ഈ വര്‍ഷത്തെ വില കുറഞ്ഞ മോഡലായ ഐഫോണ്‍ XR ഏതാനും മാസം കഴിഞ്ഞേ എത്തൂ. ഈ മോഡലിനു പോലും 76,000 രൂപയിലേറെയാണു വില. വില തന്നെയാകണം ആദ്യമെത്തിയ പ്രീമിയം മോഡലുകളില്‍ നിന്നു ഉപയോക്താക്കളെ അകറ്റിയ പ്രധാന കാര്യം. ഈ വര്‍ഷത്തെ മോഡലുകളുടെ വില 99,900 രൂപ മുതല്‍ 1,44,900 വരെയാണ്.

എന്നാല്‍ ദസറ, ദീപവലി, ക്രിസ്മസ് ഉത്സവ സീസണായ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഐഫോണ്‍ വില്‍പന കൂടുമെന്നാണ് ആപ്പിളിന്‍റെ ഇന്ത്യയിലെ പ്രതീക്ഷ.  എന്നാല്‍ അന്ധമായ ആപ്പിള്‍ ആരാധനയുള്ളവര്‍ മാത്രമേ പുതിയ ഐഫോണുകള്‍ക്കായി കാശ് മുടക്കു എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. 

രൂപയുടെ മൂല്യമിടിഞ്ഞതും ഐഫോണുകളുടെ വില കൂടാനിടയാക്കി. ഐഫോണുകള്‍ക്ക് ലോകത്ത് ഏറ്റവുമധികം വിലയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 

Follow Us:
Download App:
  • android
  • ios