ചൈനയിലെ ഒരു മലമ്പ്രദേശത്തും നിന്നും ലഭിച്ച ദിനോസര്‍ ഫോസില്‍ ദിനോസര്‍ യുഗത്തിന്‍റെ ചരിത്രം തന്നെ മാറ്റിയേക്കുമെന്ന് ശാസ്ത്രകാരന്മാര്‍. വ്യാഴാഴ്ചയാണ്  lingwulong shenqi എന്ന സസ്യാഹരികളായ ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തിയ കാര്യം പ്രഖ്യപിക്കപ്പെട്ടത്. സോറോപോഡ്സ് എന്ന ദിനോസര്‍ വിഭാഗത്തില്‍ പെടുന്നതാണ് ഈ ജീവികള്‍.

നീളം കൂടിയ മൂക്കും, വലിയ വാലും, ചെറിയ തലയും, തൂണുപോലുള്ള കാലുകളുമാണ് ഇവയുടെ പ്രത്യേകത. റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇവ ജീവിച്ചിരുന്നത് 174 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.   lingwulong shenqi എന്ന വാക്കിന് ചൈനീസില്‍ അര്‍ത്ഥം അമ്പരിപ്പിക്കുന്ന വ്യാളികള്‍ എന്നാണ്. ചൈനയിലെ ലിന്‍ക്വ സിറ്റിക്ക് സമീപം ഒരു കുന്നില്‍ പ്രദേശത്ത് ഒരുകൂട്ടം ഗ്രാമീണരാണ് ആദ്യം ഇതിന്‍റെ ഫോസില്‍ കണ്ടത്.

ആദ്യത്തെ ഫോസില്‍ കണ്ടെത്തിയതിന് പുറമേ ഈ സ്ഥലത്ത് ചൈനീസ് അക്കാദമി ഓഫ് സയന്‍സ് പരിവേഷണം നടത്തി. 17.5 മീറ്റര്‍ ആഴത്തില്‍ കുഴിച്ചായിരുന്നു പരിവേഷണം. ഇതോടെ ഈ വര്‍ഗത്തില്‍ പെടുന്ന എട്ടു ജീവികളുടെ അസ്തികള്‍ ലഭിച്ചെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സിന് വേണ്ടി പരിവേഷണത്തിന് നേതൃത്വം നല്‍കിയ ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞൻ സിങ്ങ് സൂ പറയുന്നത്.

lingwulong shenqi ഇതോടെ സസ്യാഹാരികളായ സോറോപോഡ്സ് വിഭാഗത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴയ അംഗമായിരിക്കും എന്നാണ് അനുമാനം. ഇതോടെ ജുറാസിക്ക് യുഗത്തിന്‍റെ തുടക്കത്തില്‍ തന്നെ സോറോപോഡ്സിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നെന്ന് ശാസ്ത്രകാരന്മാര്‍ക്ക് ഉറപ്പിക്കാന്‍ സാധിക്കും.