തിരുവനന്തപുരം: വെബ് സൈറ്റിലെ സുരക്ഷ വീഴ്ചകാരണം കേരള സര്‍ക്കാര്‍ ആരോഗ്യ പദ്ധതി ഹൃദ്യത്തില്‍ റജിസ്ട്രര്‍ ചെയ്ത 3,800 പേരുടെ രോഗവിവരങ്ങളും വ്യക്തിവിവരങ്ങളും സുരക്ഷ വീഴ്ചയിലെന്ന് ആരോപണം. ഫ്രഞ്ച് സൈബർ സുരക്ഷാവിദഗ്ധനായ എലിയറ്റ് ആല്‍ഡേഴ്സൺ ആണ് പിഴവ് കണ്ടെത്തി ട്വീറ്റ് ചെയ്തിരിക്കുന്നത്. വിവര ചോര്‍ച്ചയില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സങ്കീർണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് ഹൃദ്യം. ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഉപയോഗിച്ച് ഇത്തരത്തിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ സംവിധാനം രൂപീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയായിരുന്നു ഇത്. എന്നാൽ സൈറ്റിന് അടിസ്ഥാന സുരക്ഷാസൗകര്യങ്ങൾ പോലുമില്ലെന്നാണ് പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത്.

ഞായറാഴ്ച രാത്രിയോടെ മുഖ്യമന്ത്രിയുടെയും ആരോഗ്യകേരളത്തിനെയും മെന്‍ഷന്‍ ചെയ്താണ് എലിയറ്റ് ആൽഡേഴ്സൺ സുരക്ഷ വീഴ്ച ട്വീറ്റ് ചെയ്തത്. ഉടൻ തന്നെ പലരും ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. രാത്രി വൈകിയാണെങ്കിലും അധികൃതർ എലിയറ്റുമായി ആശയവിനിമയം നടത്തി.